മൂന്നാര്‍: റിസോര്‍ട്ട് ഉടമ രാജേഷിന്റെയും ജീവനക്കാരന്‍ മുത്തയ്യയെയും കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ചേരിയാറില്‍ താമസിച്ചു വന്നിരുന്ന ദമ്പതികളെ ശാന്തന്‍പാറ പൊലീസ് അറസ്റ്റു ചെയ്തു. ചേരിയാര്‍ കുറുപ്പന്‍ കോളനി എസ് ജി പി 7/280 നമ്പര്‍ വീട്ടില്‍ താമസിച്ചു വരുന്ന ഇസ്രവേല്‍ (30) ഭാര്യ കബില (27) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കൊലപാതകിയെന്ന് കരുതപ്പെടുന്ന ബോബനെ ഒളിപ്പിക്കുകയും ചികിത്സ ലഭ്യമാക്കുകയും പുതിയ സിം കാര്‍ഡ് എടുക്കാന്‍ സഹായിക്കുകയും മോഷണ മുതല്‍ വില്‍ക്കാന്‍ കൂട്ടുനില്‍ക്കുകയും തെളിവ് നശിപ്പിക്കാന്‍ സഹായം ചെയ്തതിനുമാണ് ഇരുവരെയും അറസ്റ്റു ചെയ്തിട്ടുള്ളതെന്ന് സി ഐ എസ് ചന്ദ്രകുമാര്‍ അറിയിച്ചു .
കൈത്തണ്ടയില്‍ മുറിവുമായിട്ടാണ് ബോബന്‍ വീട്ടിലെത്തിയതെന്നും തുടര്‍ന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് തങ്ങള്‍ ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്നും ഇരുവരും വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ബോബന്റെ കൈത്തണ്ടയിലെ മുറിവിന് സാമാന്യം വലിപ്പമുണ്ടെന്നും തുന്നിക്കെട്ടല്‍ വേണ്ടി വന്നു എന്നുമാണ് ഇവര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്.
ബോബനോടൊപ്പം ഏലയ്ക്ക വില്‍ക്കാന്‍ പൂപ്പാറയിലെ സ്ഥാപനത്തില്‍ ഇസ്രവേല്‍ എത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഏലയ്ക്ക വിറ്റുകിട്ടിയ തുകയില്‍ 25000 രൂപ തങ്ങള്‍ക്കും ബന്ധുവിനുമായി ബോബന്‍ നല്‍കിയിരുന്നതായി നേരത്തെ ചോദ്യം ചെയ്യലിനിടെ ദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു. കൊലയ്ക്ക് ശേഷമാണ് രാജേഷിന്റെ താമസസ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ട് ചാക്ക് ഏലയ്ക്ക ബോബന്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോയതെന്നാണ് പൊലീസ് കണക്കുകൂട്ടല്‍. ഏലയ്ക്ക സൂക്ഷിച്ചിരുന്ന ചാക്കുകള്‍ ദേവിയാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലത്തിനടിയില്‍ ഉപേക്ഷിച്ചത് ഇസ്രവേലാണെന്ന് തെളിഞ്ഞിട്ടുണ്ട്.
വീട്ടില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് പുതിയ സിംകാര്‍ഡ് എടുക്കണമെന്ന് ബോബന്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് തന്റെ തിരിച്ചറിയല്‍ രേഖ നല്‍കി സിം കാര്‍ഡ് എടുത്തു നല്‍കിയതായും ഇസ്രവേല്‍ പൊലീസില്‍ സമ്മതിച്ചിട്ടുണ്ട്. ബോബനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമായി നടന്നു വരുന്നതായിട്ടാണ് പൊലീസ് നല്‍കുന്ന വിവരം .ബോബനെ കൈയില്‍ കിട്ടിയാല്‍ കൊലയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമാവുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.





