മുംബൈ: അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈന വിരുദ്ധ വികാരം രാജ്യമാകെ അലയടിക്കുന്നതിനിടയിൽ മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച 5,000 കോടി രൂപയുടെ മൂന്നു കരാറുകൾ താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചു. മാഗ്‌നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി ഒപ്പുവച്ച കരാറുകളാണ് മരവിപ്പിക്കാൻ ഉദ്ധവ് സർക്കാർ തീരുമാനിച്ചത്.
കേന്ദ്രസർക്കാരുമായി കുടിയാലോചിച്ച ശേഷമായിരിക്കും ബാക്കി തീരുമാനം എടുക്കുക.
പൂനെയ്ക്ക് സമീപം ടെലഗോണിൽ ഗ്രേറ്റ്‌വാൾ മോട്ടോഴ്‌സിന് ഓട്ടോമെബൈൽ പഌന്റ് നിർമ്മിക്കാനുള്ള 3,770 കോടിയുടെ കരാറാണ് ഇവയിൽ ഒന്ന്. ഇതിനൊപ്പം 1500 പേർക്ക് തൊഴിലവസരം ഉണ്ടാക്കുന്ന ഫോട്ടോണുമായി ചേർന്ന് പിഎംഐ യുടെ ഇലക്‌ട്രോ മൊബിലിറ്റിക്കായുള്ള 1000 കോടിയുടെ നിക്ഷേപം. 150 പേർക്ക് തൊഴിൽ ലഭ്യമാകുന്ന 250 കോടിയുടെ ഹെംഗഌ എഞ്ചിനീയറിംഗിന്റെ ടെലഗോണിൽ ഉദ്ദേശിക്കുന്ന പദ്ധതി എന്നിവയാണ് ഇവ.
കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് മുമ്പായിരുന്നു കരാർ ഒപ്പുവെച്ചത്.സാമ്പത്തീക നിക്ഷേപം ലക്ഷ്യമിട്ട് മഹാരാഷ്ട്ര സർക്കാർ തുടങ്ങിയ സാമ്പത്തിക പദ്ധതിയായിരുന്നു മാഗ്‌നറ്റിക്ക് മഹാരാഷ്ട്ര 2.0. സിംഗപ്പൂർ, ദക്ഷിണ കൊറിയ, അമേരിക്ക, ഇന്ത്യയിൽ നിന്നുള്ള കമ്പനികൾ എന്നിവ ഉൾപ്പെടെ 12 കരാറുകളാണ് ഒപ്പുവെച്ചത്.








