ജന
മനസുകള്‍ കീഴടക്കിയ ജനനായകന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍’: ടി സിദ്ദിഖ്
പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കില്‍ വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പന്‍ ലീഡ് നേടി കുതിക്കുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് നിലവില്‍ 14345 വോട്ടുകള്‍ക്കാണ് രാഹുല്‍ മുന്നേറുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലീഡില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് രംഗത്തെത്തി.
ജനമനസുകള്‍ കീഴടക്കിയ ജനനായകന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പോസ്റ്ററും സിദ്ദിഖ് പങ്കുവച്ചു. ഈ വിജയം കേരളത്തിന്റെ മതേതരത്വത്തിന്റെ വിജയമാണ്. സകല വര്‍ഗ്ഗീയ കാളകൂട വിഷങ്ങളെയും വിഷയങ്ങളെയും ജനം തൂത്തെറിഞ്ഞു. സിപിഐഎമ്മിന്റെ അവസാന നിമിഷത്തിലെ വര്‍ഗ്ഗീയ പരസ്യം ചരിത്രത്തില്‍ ഒരു പാഠമായി നില നില്‍ക്കുമെന്നും സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റല്‍ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുല്‍ പിന്നിലാക്കിയത്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോള്‍ ബിജെപി മുന്നിലായിരുന്നു.
എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം തന്നെ കോണ്‍ഗ്രസ് പാളയം വിട്ട് ഇടത് സ്ഥാനാര്‍ഥിയായ പി സരിനെയും രാഹുല്‍ നിഷ്പ്രഭനാക്കി. വമ്പന്‍ വിജയം രാഹുല്‍ ഉറപ്പാക്കിയതോടെ പാലക്കാട്ട് യു ഡി എഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.











