ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളെ ഇനി പ്രതിഷേധിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ്. സമരത്തിന്റെ പേരില്‍ താരങ്ങള്‍ ചെയ്യുന്നത് നിയമലംഘനമാണെന്ന് പൊലീസ് ആരോപിച്ചു. അതേസമയം ജന്തര്‍ മന്തറില്‍ നിരോധനാജ്ഞ തുടരുന്നു. തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ സമരസമിതി ഉടന്‍ യോഗം ചേരും. കഴിഞ്ഞ 38 ദിവസമായി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും പൊലീസ് ഒരുക്കി നലകി. എന്നാല്‍ ഇന്നലെ പൊലീസിന്റെ അഭ്യര്‍ത്ഥന അവഗണിച്ച് താരങ്ങള്‍ നിയമം ലംഘിച്ചു. ഇതേത്തുടര്‍ന്നാണ് കുത്തിയിരിപ്പ് സമരം ഒഴിപ്പിച്ചത്. ഗുസ്തി താരങ്ങള്‍ വീണ്ടും കുത്തിയിരിപ്പ് സമരത്തിന് അപേക്ഷ നല്‍കിയാല്‍, ജന്തര്‍ മന്തര്‍ ഒഴികെയുള്ള അനുയോജ്യമായ സ്ഥലത്ത് അനുമതി നല്‍കുമെന്നും ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുമന്‍ നാല്‍വ പറഞ്ഞു.അതേസമയം ജന്തര്‍ മന്തറിലേക്കുള്ള വഴികള്‍ അടച്ച പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. താരങ്ങള്‍ കേരള ഹൗസില്‍ എടുത്തിരുന്ന മുറികള്‍ ഒഴിഞ്ഞു. പൊലീസ് ആരോപണങ്ങള്‍ നിഷേധിച്ച സാക്ഷി മാലിക്, മാര്‍ച്ച് സമാധാനപരമായി നടത്താന്‍ പൊലീസ് അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തി. ഭാവി സമര പരിപാടികള്‍ തീരുമാനിക്കാന്‍ സമരസമിതി ഉടന്‍ യോഗം ചേരും. ഡല്‍ഹി അതിര്‍ത്തികളിലേക്കും സമരം വ്യാപിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.








