തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ ഭൂമി കണ്ടുകെട്ടുന്നു. തമിഴ്നാട് വിരുതനഗറിലെ 50.33 ഏക്കര്‍ ഭൂമിയാണ് കണ്ടുകെട്ടുന്നത്. ആദായനികുതി വകുപ്പിന്റേതാണ് നടപടി. ബിനാമി ഇടപാടിലൂടെയാണ് ജേക്കബ് തോമസ് ഭൂമി സ്വന്തമാക്കിയതെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.
2001ല്‍ ജേക്കബ് തോമസ് വാങ്ങിയതായി രേഖയുള്ള ഈ ഭൂമി സ്വത്തു വിവരത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല. വസ്തു സ്വന്തം പേരിലാണെങ്കിലും വസതിയുടെ വിലാസം കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയുടേതായിരുന്നു. എന്നാല്‍ ജേക്കബ് തോമസ് ഈ കമ്പനിയുടെ ഡയറക്ടര്‍ അല്ല. സര്‍ക്കാര്‍ രേഖകളില്‍ അദ്ദേഹത്തിന് ഈ മേല്‍വിലാസവും ഇല്ല.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാ സര്‍വീസ് കോണ്‍ടക്ട് റൂള്‍സ് 16 (2) പ്രകാരം സ്വത്തുവിവരം നിര്‍ബന്ധമായും വെളിപ്പെടുത്തണം. രജിസ്‌ട്രേഷന്‍ രേഖകളില്‍ കൊച്ചിയിലെ ഇസ്ര അഗ്രോടെക് എന്ന കമ്പനിയുടെ വിലാസത്തിലാണു ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി ഇടപാട്. അതേ വിലാസത്തില്‍ ഒരു ടൂര്‍ ഓപ്പറേറ്ററുടെ ഓഫീസുമുണ്ട്. ജേക്കബ് തോമസും ഈ ടൂര്‍ കമ്പനിയുമായുള്ള ബന്ധം മുന്‍പ് വിജിലന്‍സ് രഹസ്യമായി അന്വേഷിച്ചെങ്കിലും തെളിവൊന്നും കിട്ടിയില്ല.








