
കോഴിക്കോട്: ഞെളിയന്‍പറമ്പിലെ മാലിന്യം ഗേറ്റുവരെ എത്തിയ സാഹചര്യത്തില്‍ മേയര്‍ ഇടപെടണമെന്ന് സ്ഥലം സന്ദര്‍ശിച്ച കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത ആവശ്യപ്പെട്ടു.
25 വാര്‍ഡുകളില്‍ നിന്ന് 18 ടണ്‍ മാലിന്യം നിക്ഷേപിക്കുമ്‌ബോള്‍ അഞ്ച് ടണ്‍ മാത്രമാണ് കയറ്റി പോകുന്നത്. പതിനായിരക്കണക്കിന് ചാക്കുകള്‍ കെട്ടികിടക്കുന്നു. മാലിന്യം മെയിന്‍ ഗേറ്റുവരെ എത്തിയതിനാല്‍ കയറ്റി പോകുവാന്‍ ലോറികള്‍ പ്രയാസപ്പെടുകയാണ്. കോര്‍പ്പറേഷന്‍ ഓഫീസിലെ ഇടനിലക്കാരും കരാറുകാരായ നിറവും തമ്മില്‍ ഒത്തുകളിക്കുകയാണ്.പ്ലാസ്റ്റിക് മാലിന്യം തരം തിരിക്കാന്‍ കുറഞ്ഞ തൊഴിലാളികള്‍ മാത്രമാണ്. നിറവ് ഇവിടെ നിന്ന് ലോഡ് കൊണ്ട് പോകാതെ കോര്‍പ്പറേഷനെ മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടാനാണ് ശ്രമിക്കുന്നത്. തരം തിരിച്ച് പുനചക്രമണത്തിന് കഴിയാവുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് നിറവ് കിലോവിന് നാല് രൂപ കോര്‍പ്പറേഷന് നല്‍കുമ്പോള്‍ അതിന് സാദ്ധ്യമാകാത്ത പ്ലാസ്റ്റിക് മാലിന്യം പുറത്തേക്ക് കൊണ്ട് പോകാന്‍ നിറവ് കോര്‍പ്പറേഷനില്‍ നിന്ന് ഈടാക്കുന്നത് 4.90 രൂപയാണ്. വെസ്റ്റ്ഹില്‍ കേന്ദ്രത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യം എത്തിക്കാന്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം മടിച്ച് നില്‍ക്കുകയാണ്. സൗജന്യ നിരക്കില്‍ കൂടുതല്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാണ്. ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും കെ.സി.ശോഭിത ആവശ്യപ്പെട്ടു. യു.ഡി.എഫ് കൗണ്‍സിലര്‍മാരായ കെ.മൊയ്തീന്‍കോയ, എസ്.കെ.അബൂബക്കര്‍ ,കെ .നിര്‍മ്മല കെ.പി.രാജേഷ് കുമാര്‍ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.








