.jpg?$p=a87631b&f=16x10&w=852&q=0.8)
വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. സായുധസേനയില്‍നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ഒഴിവാക്കിയ ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി മരവിപ്പിച്ചു.
സമത്വ തത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി. ‘എല്ലാ മനുഷ്യരേയും സൃഷ്ടിച്ചത് തുല്യരായി’ ആണെന്ന് പ്രസ്താവിക്കുന്ന യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് കോടതി സസ്‌പെന്‍ഡ് ചെയ്തത്.
ട്രാന്‍സ്‌ജെന്‍ഡര്‍മാരെ രാജ്യത്തിന്റെ സൈനിക സേവനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനുവരി അവസാനം ഉത്തരവിട്ടിരുന്നു. നിലവിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍പ്പെട്ടവരെ സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഉത്തരവ്.
2016-ല്‍ അന്നത്തെ പ്രസിഡന്റായ ബരാക് ഒബാമയാണ് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് സൈന്യത്തില്‍ ചേരുന്നതിനുള്ള വിലക്ക് നീക്കിയത്. ഇത് സൈന്യത്തിലേക്ക് പുതിയ ട്രാന്‍സ്‌ജെന്‍ഡര്‍ നിയമനങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാല്‍ 2019-ല്‍ ആദ്യ ട്രംപ് ഭരണകൂടം ഇതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പിന്നീട് 2021-ല്‍ ജോ ബൈഡന്‍ ഈ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയും യോഗ്യതയുള്ള എല്ലാ അമേരിക്കക്കാര്‍ക്കും രാജ്യത്തെ സേവിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് വാദിക്കുകയും ചെയ്തു. രണ്ടാം ട്രംപ് ഭരണകൂടം അധികാരത്തിലേറിയതോടെയുള്ള ഇപ്പോഴത്തെ തീരുമാനം യു.എസ്. സേനയില്‍ ജോലി ചെയ്യുന്ന ട്രാന്‍സ് സൈനികരുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരുന്നു. നിലവില്‍ 15,000 ട്രാന്‍സ് സൈനികരാണ് യു.എസ് സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

