Home Business തര്‍ക്കം രൂക്ഷം; മൂലധന നിര്‍ണയ കമ്മിറ്റി രൂപീകരണം വൈകുന്നു

തര്‍ക്കം രൂക്ഷം; മൂലധന നിര്‍ണയ കമ്മിറ്റി രൂപീകരണം വൈകുന്നു

1
0

മുംബൈ: റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ യോജിപ്പിന്റെ മേഖലകള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. റിസര്‍വ് ബാങ്ക് എത്ര മൂലധനം സൂക്ഷിക്കണം എന്നതു പഠിക്കാനുള്ള കമ്മിറ്റിയെ നിര്‍ണയിക്കാന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ 19നു ചേര്‍ന്ന ബോര്‍ഡ് യോഗമാണ് കമ്മിറ്റി ഉണ്ടാക്കാന്‍ തീരുമാനിച്ചത്. അംഗങ്ങളാരെന്നും വിഷയങ്ങള്‍ ഏതെന്നും തീരുമാനിക്കേണ്ടതു റിസര്‍വ് ബാങ്കും ഗവണ്‍മെന്റുംകൂടിയാണ്. അംഗങ്ങളുടെ കാര്യത്തില്‍ ധാരണയായി. എന്നാല്‍, കമ്മിറ്റി അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ തര്‍ക്കം തുടരുകയാണ്. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ ഡോ. ബിമല്‍ ജലാനെ ഗവണ്‍മെന്റ് നിര്‍ദേശിച്ചു. മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. രാകേഷ് മോഹനെ റിസര്‍വ് ബാങ്കും നിര്‍ദേശിച്ചു. റിസര്‍വ് ബാങ്ക് സര്‍ക്കാരിനു വിധേയമായിരിക്കണമെന്നു പരസ്യമായി അഭിപ്രായപ്പെട്ടിട്ടുണ്ട് ഡോ. ജലാന്‍. രാകേഷ് മോഹനാകട്ടെ ഈയിടത്തെ വിവാദത്തില്‍ റിസര്‍വ് ബാങ്കിനെ പിന്താങ്ങി.

ഡിസംബര്‍ 14ന് അടുത്ത ബോര്‍ഡ് യോഗം ചേരും. കഴിഞ്ഞ യോഗത്തില്‍ തീരുമാനമാകാത്ത വിഷയങ്ങളില്‍ തീരുമാനം എടുപ്പിക്കണമെന്ന വാശിയിലാണ് സര്‍ക്കാര്‍ നോമിനിമാര്‍. കിട്ടാക്കടം കൂടിയതിനെത്തുടര്‍ന്നു ത്വരിത തിരുത്തല്‍ പരിപാടി(പിസിഎ)യില്‍ പെട്ട 11 പൊതുമേഖലാ ബാങ്കുകളില്‍ നാലിനെയെങ്കിലും അതില്‍നിന്നു മാറ്റണമെന്നു ഗവണ്‍മെന്റ് ആവശ്യപ്പെടുന്നു. ബാങ്കുകള്‍ ആരോഗ്യം വീണ്ടെടുത്ത ശേഷമാകട്ടെ എന്നു റിസര്‍വ് ബാങ്കും. ഐസിയുവില്‍ കിടന്നാല്‍ രോഗം കൂടുമെന്നാണു സര്‍ക്കാര്‍ വാദം.

ബാങ്കിതര ധനകാര്യ കമ്പനികളുടെ പണഞെരുക്കം മാറ്റാന്‍ നടപടി വേണമെന്നതു സര്‍ക്കാരിന്റെ മറ്റൊരു ആവശ്യം. ബ്ലേഡുകാരെ രക്ഷിക്കാന്‍ എന്തിനു ജനങ്ങളുടെ പണം ഉപയോഗിക്കണമെന്നാണു റിസര്‍വ് ബാങ്ക് ചോദിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഭരണത്തിലും നയരൂപീകരണത്തിലും ഗവണ്‍മെന്റിനും ബോര്‍ഡിനും കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്നതും പ്രധാന ആവശ്യമാണ്. അതു ശരിയാകില്ലെന്നു റിസര്‍വ് ബാങ്ക് ശഠിക്കുന്നു. ബാങ്കുകളുടെ നിയന്ത്രണം, പലിശ നിര്‍ണയം തുടങ്ങിയ കാര്യങ്ങളില്‍ വ്യവസായികളും മറ്റും ഉള്‍പ്പെട്ട ബോര്‍ഡ് തീരുമാനമെടുക്കുന്നതു ശരിയല്ലെന്നു റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമേയാണ് പണവിഷയം. റിസര്‍വ് ബാങ്കിന്റെ കരുതല്‍ധനത്തില്‍നിന്നു കുറേ പൊതുബജറ്റിലേക്കു കിട്ടണം. അങ്ങനെ കൊടുക്കുന്‌പോള്‍ റിസര്‍വ് ബാങ്കിന്റെ റേറ്റിംഗ് താഴുമെന്നും അതു രാജ്യത്തിന്റെ റേറ്റിംഗ് താഴ്ത്തുമെന്നും റിസര്‍വ് ബാങ്ക് വിശദീകരിക്കുന്നു.

റിസര്‍വ് ബാങ്കിന്റെ ഉടമ കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ പ്രഫഷണല്‍ സ്വയംഭരണം വേണമെന്നു റിസര്‍വ് ബാങ്ക് വാദിക്കുന്നു. അതു പറ്റില്ല, മറ്റു കന്പനികളെപ്പോലെ ബോര്‍ഡിന്റെ നിയന്ത്രണത്തിലാകണം എന്നു ഗവണ്‍മെന്റ് ശഠിക്കുന്നു. ഇക്കാലമത്രയും ബോര്‍ഡ് ഉപദേശകസമിതി മാത്രമായിരുന്നു. സാധാരണ ബോര്‍ഡാണ് ചെയര്‍മാനെ നിയമിക്കുന്നത്. ഇവിടെ അതല്ല. ഗവണ്‍മെന്റ് നേരിട്ടാണ് ഗവര്‍ണറെ നിയമിക്കുന്നത്. ഈ വ്യത്യാസം മനസിലാക്കണമെന്നു മാനേജ്‌മെന്റ് വാദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here