
കൊച്ചി : തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്ക് യോഗത്തില്‍ നടന്‍ ദിലീപിനൊപ്പം വേദി പങ്കിട്ടതില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ദിലീപിന്റെ വീട്ടില്‍ ചായകുടിക്കാനല്ല പോയതെന്നും ഫിയോക്കിന്റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പോയതെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ദിലീപുള്ള പരിപാടികളില്‍ നിന്ന് ഓടിയൊളിക്കാനാകില്ല. സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പരിപാടികളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ തന്റെ മേല്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. താന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്ത് ചാടണോ എന്നും രഞ്ജിത്ത് ചോദിച്ചു.ഫിയോക്കിന്റെ പരിപാടിയില്‍ പത്ത് മിനിറ്റ് പങ്കെടുത്തു തിരിച്ചു വന്നു. അത്രമാത്രമേ തനിക്ക് പറയാനുള്ളൂ. അതില്‍ കൂടുതല്‍ പറയേണ്ട കാര്യവുമില്ലന്ന് രഞ്ജിത്ത് പറഞ്ഞു. തിയേറ്റര്‍ ഉടമകളുടെ പ്രശ്‌നം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു




