
ചെന്നൈ: തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ച കേരളത്തിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് മാലിന്യങ്ങള്‍ തിരിച്ചെടുക്കുന്നത്. മാലിന്യം തള്ളിയതില്‍ നാലു പേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു.
തിരുനെല്‍വേലിയിലെ കൊണ്ടാനഗരം, പളവൂര്‍, കോടനല്ലൂര്‍, മേലത്തടിയൂര്‍ ഗ്രാമങ്ങളിലാണ് കേരളത്തില്‍ നിന്നുള്ള ടണ്‍ കണക്കിന് ആശുപത്രി മാലിന്യം വലിച്ചെറിഞ്ഞത്. കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന കൃഷിയിടങ്ങളിലാകെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന മെഡിക്കല്‍ മാലിന്യക്കൂമ്പാരം. തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയവിഷയമാകുകയും ദേശീയ ഹരിത ട്രിബ്യൂണല്‍ അന്ത്യശാസനം നല്‍കുകയും ചെയ്തതോടെയാണ് കേരളം മാലിന്യം നീക്കാന്‍ തീരുമാനിച്ചത്.
16 ലോറികളിലായാണ് മാലിന്യം ശേഖരിക്കുന്നത്. എല്ലാം തിരിച്ച് കേരളത്തിലേക്ക് കൊണ്ടുവരും. ഇവ ക്ലീന്‍ കേരള കമ്പനി തരം തിരിക്കും. കമ്പനിക്ക് കീഴിലെ വിവിധ ബയോസംസ്‌ക്കരണ യൂണിറ്റില്‍ സംസ്‌ക്കരിക്കും. പുനരുപയോഗിക്കാന്‍ കഴിയുന്നവ അങ്ങനെ ചെയ്യും. ആര്‍എസിസിയില്‍ നിന്നും ക്രെഡന്‍സ് അടക്കമുള്ള ആശുപത്രികളില്‍ നിന്നുമുള്ള മാലിന്യമാണ് തിരുനെല്‍വേലിയില്‍ നിക്ഷേപിച്ചത്. തലസ്ഥാനത്തെ ചില ഹോട്ടലുകളില്‍ നിന്നുളള മാലിന്യങ്ങളും ഇതിലുണ്ട്. മാലിന്യം തള്ളിയ ലോറി ഡ്രൈവര്‍ അടക്കം നാലുപേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രികളില്‍ നിന്ന് മെഡിക്കല്‍ മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ നേടിയ കമ്പനികള്‍ക്ക് വീഴ്ചയുണ്ടായെന്നാണ് കേരള സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഇവര്‍ക്കെതിരെ നടപടി എടുക്കും. മാലിന്യസംസ്‌ക്കരണത്തിന് വേണ്ടത്ര സൗകര്യമില്ലാതെ ഈ കമ്പനികള്‍ എങ്ങനെ കരാര്‍ നേടി എന്ന ചോദ്യമാണ് ഉയരുന്നത്.





