Home Editorial തിരുപ്പിറവിയുടെ ശാന്തസംഗീതരാത്രി

തിരുപ്പിറവിയുടെ ശാന്തസംഗീതരാത്രി

1
0

ലോകം അവഗണിക്കുന്നവരും, ലോകത്താല്‍ ത്യജിക്കപ്പെടുന്നവരും ദൈവത്തിന്റെ പരിഗണനയിലേക്കും, അംഗീകാരത്തിലേക്കും ഉയര്‍ത്തപ്പെടുന്ന ചരിത്രദര്‍ശനമാണ് ക്രിസ്മസ്. സുരക്ഷിതമായ അന്തരീക്ഷത്തില്‍ പിറന്നുവീഴുക എന്നത് ഒരു കുഞ്ഞിന്റെ ജന്മാവകാശമാണെങ്കില്‍ ആ അവകാശം പോലും നിഷേധിക്കപ്പെട്ട അവസ്ഥയില്‍ കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ യേശുക്കുഞ്ഞ് പിറന്നുവീണു. വഴിയമ്പലത്തിലെ സ്ഥലം കുഞ്ഞേശുവിന് നിഷേധിക്കപ്പെട്ടപ്പോള്‍ അവിടെയും അവഗണനയുടെ തിക്താനുഭവങ്ങളാണ് നാംകാണുന്നത്. ഉപേക്ഷിക്കപ്പെടുന്നവരുടെ പക്ഷം ചേരുന്ന ക്രിസ്തുവിനെത്തന്നെയാണ് നാം കാലിത്തൊഴുത്തില്‍ ദര്‍ശിക്കുന്നത്.

യേശുവിന്റെ ജനനസമയത്ത് ബത്‌ലഹേമില്‍ ഗോശാലക്കടുത്ത് ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍കൂട്ടത്തിനു കാവലായി നില്‍പ്പുണ്ടായിരുന്നുവെന്ന് വേദപു
സ്തകത്തില്‍ രേഖപ്പെടുത്തിക്കാണുന്നു. യേശുജനിച്ച സമയത്ത് ഒരശിരീരി ആട്ടിടയന്മാര്‍ കേട്ടു. ‘ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം”. അശരീരി കേട്ട മാത്രയില്‍ ആട്ടിടയന്മാര്‍ പുല്‍ക്കൂടിന്റെ അരികത്ത് ഓടിയെത്തി ദിവ്യശിശുവിനെക്കണ്ടു. അശരീരിയോടൊപ്പം മാലാഖമാരുടെ ഗാനവും ആട്ടിടയന്‍ കേട്ടിരുന്നു. മാലാഖമാരില്‍ നിന്നും കേട്ട ഗാനം ഉരുവിട്ടുകൊണ്ടാണ് ആട്ടിടയന്മാര്‍ ഉണ്ണിയേശുവിനെക്കണ്ടതെന്ന് ചരിത്രരേഖകള്‍ ഉദ്‌ഘോഷിക്കുന്നു. ശാന്തരാത്രി, തിരുരാത്രി എന്ന് ആണ് ആ ഗാനത്തെപ്പറ്റി പിന്നീട് സംഗീതജ്ഞന്മാര്‍ വിശേഷിപ്പിച്ചുകാണുന്നത്. ഭൂമിയിലുള്ളവര്‍ക്ക് സമാധാനം ആശംസിച്ചുകൊണ്ടാണ് യേശു ജനിച്ചതെന്നാണ് വ്യംഗാര്‍ത്ഥം. ആധുനിക ലോകത്തെ ചുറ്റുപാടുകളില്‍ മനുഷ്യനിന്നു വേണ്ടത് സമാധാനമാണ്. ദൈവത്തോടൊത്ത് വസിക്കുന്ന മനുഷ്യനാണിന്നിന്റെ ആവശ്യം. മനുഷ്യനെ ദൈവത്തിലേയ്ക്ക് നയിക്കുന്ന നേര്‍പാ
തയാണ് നിത്യപ്രകാശമായ യേശുക്രിസ്തു. സകല മനുഷ്യര്‍ക്കും ഉള്ള ദൈവത്തിന്റെ സന്തോഷവാര്‍ത്തയായിട്ടാണ് ക്രിസ്മസ് രൂപപ്പെട്ടത്. അതിനാലാണ് മനുഷ്യനെ വീണ്ടെടുക്കാന്‍ ദൈവം കൊടുത്ത രക്തത്തിന്റെ ഒരംശമെങ്കിലും മനുഷ്യന്‍ മനുഷ്യന് കൊടുത്തിരുന്നെങ്കില്‍ ഇന്നത്തെ അസമാധാനം ലോകത്തുണ്ടാകുമായിരുന്നില്ല.
പരിമിതികളില്ലാത്ത ദൈവകരുണയുടെ ശ്രേഷ്ഠമായ അവതരണമാണ് 2018 വര്‍ഷം മുമ്പ് ബെത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ നടന്നത്. സമകാലീന മനുഷ്യരുടെയിടയില്‍ ഇന്ന് അനാഥത്വം വളര്‍ന്നുകൊണ്ടിരിക്കുന്നു.

ഒന്നാം ലോകമഹായുദ്ധകാലത്തെ ഒരു സംഭവം ഇപ്പോള്‍ ഓര്‍ക്കുന്നു. ആ മഹായുദ്ധത്തിനിടെ വെടിയൊച്ചയില്ലാത്ത ഒരു രാത്രി പിറന്നിരുന്നു. പീരങ്കിയുടെ ഹുങ്കാരമില്ലെന്നു മാത്രമല്ല സ്വര്‍ഗ്ഗീയ സംഗീതം നിശയെ അന്നു സുരഭിലമാക്കുകയും ചെയ്തു. 1914ലെ ക്രിസ്മസ് രാത്രിയില്‍ തലേന്ന് പരസ്പരം വെടിയുണ്ട ഉതിര്‍ത്ത അവര്‍ 24 മണിക്കൂര്‍ യുദ്ധം വേണ്ടെന്നുവെച്ചു. ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സഖ്യത്തിലെ ബല്‍ജിയം, ഫ്രഞ്ച് സൈനികര്‍ ട്രെഞ്ചുകളില്‍ നിന്നു പുറത്തുവന്നു. വിളിപ്പാടകലെയുള്ള ശത്രുക്കളായ ജര്‍മ്മന്‍ പടയെ കെട്ടിപ്പുണര്‍ന്നു. അവര്‍ ഒന്നിച്ചു പാടി, ആടി സമാധനത്തിന്റെ ക്രിസ്മസ് ഗാനം ആലപിച്ച് നൃത്തം ചവിട്ടി. തര്‍ജമകളില്ലാതെ ലോകത്തോട് മുഴുവന്‍ സംവദിച്ച ആ ഗാനം ലോകസമാധാനത്തിന്റെ ആവശ്യകതയാണ് വിളിച്ചോതിയതെന്നോര്‍ക്കുക. ആ ഗാനം സമാധാനത്തിന്റെ വെളിച്ചമാണ് ലോകജനതക്ക് പകര്‍ന്നുനല്‍കിയത്.

1818 ഡിസംബര്‍ 24നാണ് ഓസ്ട്രിയയിലെ ഒക്കോന്‍ട്രോഫ് ഗ്രാമത്തില്‍ ‘സൈലന്റ് നൈറ്റ് ഹോളി നൈറ്റ്’ പിറന്നു. ഗ്രാമത്തിലെ പള്ളി വികാരി ഫാ. ജോസഫ് മോര്‍ ഒരു ക്രിസ്മസ് ഗാനത്തിനായി ദാഹിച്ചു. തന്റെ പഴയ ഡയറികള്‍ പരതിയ പാതിരി ഡയറിയില്‍ കോറിയിട്ടിരുന്ന വരികള്‍ ചികഞ്ഞെടുത്തു. ആശ്രമത്തിലെ ഓര്‍ഗനിസ്റ്റായ ഫ്രാന്‍സ് സേവര്‍ ഗൂബറുടെ അടുത്തേക്ക് പള്ളിവികാരി ഓടിക്കിതച്ചെത്തി. അവര്‍ രണ്ടുപേരും കൂടി ആ വരികള്‍ക്ക് ഈണം പകര്‍ന്നു. ആ ഗാനമാണ് ക്രിസ്മസിന്റെ ശാന്തരാത്രിയെ ഓര്‍മ്മിപ്പിക്കുന്ന ‘സൈലന്റ് നൈറ്റ്…….. ഹോളി നൈറ്റ്………’ ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ക്രിസ്മസ് ഗാനത്തിന്റെ പിറവി അതായിരുന്നു. ഇപ്പോള്‍ ലോകത്തിലെ 141 ഭാഷകളില്‍ ആ ഗാനം വിവര്‍ത്തനം ചെയ്ത് ക്രിസ്തുമസ് ആഘോഷങ്ങളില്‍ പാടി ഉല്ലസിക്കുന്നു.

ലോകം ആഗ്രഹിക്കുന്നത് ശാന്തിയും കരുണയുമാണ്. എവിടെയും ആശാഭംഗങ്ങള്‍, അഭിപ്രായവൈവിധ്യങ്ങള്‍, കലാപങ്ങള്‍ ഇതാണ് ആധുനികമനുഷ്യന്‍ നേരിടുന്ന പ്രഹേളിക. ക്രിസ്തുവിന്റെ പിറവി അസ്വസ്ഥതയുടേയും ആശങ്കയുടേയും കരിനിഴല്‍ നിറഞ്ഞിരുന്ന മനുഷ്യഹൃദയങ്ങള്‍ക്ക് ആശ്വാസത്തിന്റെ രജതതാരം തെളിയിച്ചു.
അര്‍ദ്ധരാത്രിയിലെ സംഗീതവും ജനനസന്ദേശവും മനുഷ്യരാശിയുടെ അധരങ്ങളിലും നിറയുക എന്നുള്ളതാകട്ടെ ഇത്തവണ ക്രിസ്മസ് ലോകത്തിനു നല്‍കുന്ന സന്ദേശം. അതാകട്ടെ നമ്മുടെ ഭാഗ്യാനുഭവം. ദൈവപ്രസാദം ഉള്ളവര്‍ക്ക് ദിവ്യസമാധാനം ലഭിക്കും. നമ്മുടെ ജീവിതവും, മനുഷ്യരുടെ ഹൃദയങ്ങളും, സല്‍ക്കാര്യങ്ങള്‍ക്കായി ചെലവഴിച്ചാല്‍ സമാധാനവും സന്തോഷവും കരുണയും ശാന്തിയും മനസ്സലിവും ഭൂമിയില്‍ പുലരും. ഇതിനു വേണ്ടി നമ്മുടെ ലോകതറവാട് പരിശ്രമിക്കണം. നന്മയുടെ പ്രശാന്തസുന്ദരമായ ശാന്തരാത്രിയും, പരിശുദ്ധ രാത്രിയും ഭൂമുഖത്ത് പിറക്കാന്‍ ഇത്തവണത്തെ ക്രിസ്മസും പുതുവത്സരവും നാന്ദിയാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here