തിരുവനന്തപുരം കാട്ടാക്കടയിൽ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയ്‌ക്ക് നേരെ ആസിഡ് ആക്രമണം.
കാട്ടാക്കട കുറ്റിച്ചൽ മന്തിക്കളം തടത്തരികത്ത് വീട്ടിൽ മോഹനൻ – ലില്ലിക്കുട്ടി ദമ്പതികളുടെ മകൾ ജീന മോഹനന് (23) നേരെയാണ് ആക്രമണം നടന്നത്. കുറ്റിച്ചൽ തച്ചൻകോട് കരിംഭൂതത്താൻ പാറ വളവിൽ വൈകിട്ട് 6.30യോടെയായിരുന്നു സംഭവം. ശരീരമാസകലം പൊള്ളലേറ്റ ജീനയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആര്യനാട്ടെ സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ ജീന കുറ്റിച്ചലിൽ ബസിറങ്ങിയ ശേഷം സ്‌കൂട്ടറിൽ വീട്ടിലേയ്ക്ക് പോകവെയാണ് ബൈക്കിൽ പിറകെ എത്തിയ രണ്ട് യുവാക്കൾ ആസിഡ് ഒഴിച്ച് കടന്നു കളഞ്ഞത്. നിലവിളി കേട്ട് ഒാടിയെത്തിയ നാട്ടുകാർ അദ്ധ്യാപികയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയ ശേഷം രാത്രി 8 മണിയോടെ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു.ആസിഡ് വീണ് വസ്ത്രവും ശരീരവും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു.കൈയ്യിലും മുതുകിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി നെയ്യാർ ഡാം എസ്.ഐ.സതീഷ് കുമാർ അറിയിച്ചു. അക്രമി സംഘത്തെപ്പറ്റി വിവരങ്ങളില്ല. മെഡിക്കൽ കോളേജാശുപത്രിയിലെത്തി പൊലീസ് മൊഴിയെടുത്തു. ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് തന്നെ ആക്രമിച്ചതെന്ന് ജീന മൊഴിനൽകി. കുറ്റിച്ചൽ ജംഗ്ഷനിലും സമീപത്തുമുള്ള സി.സി.റ്റി.വി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നു.





