
കൊക്കയാര്‍: തീരാത്ത വേദനയായി 2021, വര്‍ഷാവസനവും തലചായ്ക്കാനൊരിടത്തിനായി കൊക്കയാര്‍ നിവാസികള്‍ സമരപ്പന്തലില്‍ തന്നെയാണ്. ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറും മാക്കോച്ചിയും വാസയോഗ്യമല്ലെന്ന് അധികാരികള്‍ പറയുന്‌പോള്‍ എങ്ങോട്ടു പോകും എങ്ങനെ ജീവിക്കും എന്നറിയാതെ സുരക്ഷിതമായ ഒരിടത്തിനായി ഇന്നും പോരാടുകയാണിവര്‍. ഒക്ടോബറില്‍ ആര്‍ത്തിരന്പിയെത്തിയ മഴക്കെടുതിയും ഉരുള്‍പൊട്ടലും കൊക്കയാറില്‍നിന്നും കവര്‍ന്നത് എട്ടു ജീവനുകളാണ്. കൊക്കയാര്‍, പെരുവന്താനം മേഖലയില്‍ 183 വീടുകള്‍ പൂര്‍ണമായും 591 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ചെറുതും വലുതുമായ 49 പാലങ്ങള്‍ ഒഴുകിപ്പോയി. ദിവസങ്ങളോളം പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഒരു രാത്രി വെളുത്തപ്പോള്‍ ഇത്രയേറെ നഷ്ടങ്ങള്‍ നേരിട്ട ഗ്രാമവാസികള്‍ ഇപ്പോഴും സമരപ്പന്തലില്‍ തന്നെ കഴിയേണ്ടിവരുന്ന ദയനീയതയാണ് പുതുവര്‍ഷത്തെ എതിരേല്‍ക്കുന്നതും. ദുരന്തഭൂമിയില്‍ ഷെഡ് കെട്ടിയും ദുരന്ത ഭൂമിയില്‍നിന്നും കൂട്ട പലായാനം നടത്തിയും നിരാഹരം നടത്തിയുമാണ് ആളുകള്‍ സമരം ചെയ്യുന്നത്. കഴിഞ്ഞ ദിവസം എത്തിയ ആളുകള്‍ ദുരന്ത ഭൂമിയിലെത്തി അപകടസാധ്യതയോടെ നില്‍ക്കുന്ന പാറക്കല്ലുകള്‍ ഉരുട്ടിമാറ്റി അതില്‍ തങ്ങളുടെ രക്തം പുരട്ടി വാ മൂടിക്കെട്ടി ജാഥയോടെയാണ് പ്രതിഷേധിച്ചത്.ഒക്ടോബര്‍ പതിനാറിനാണ് കേരളത്തെത്തന്നെ ഞെട്ടിച്ച ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തമുണ്ടായ ദിവസം മുതല്‍ ഇതുവരെ ദുരിതാശ്വാസ ക്യാന്പുകളില്‍ തന്നെയാണ് ഇരുപത്തിമൂന്ന് കുടുംബങ്ങള്‍ കഴിയുന്നത്. സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികള്‍ക്ക് കാലതാമസമെടുക്കുന്നതാണ് പ്രദേശവാസികളെ പ്രതിഷേധത്തിലാക്കുന്നത്. ഒരുമാസം മുന്പുമുതല്‍ ദുരിതബാധിതര്‍ പ്രതിഷേധ സമരത്തിലാണ്. പ്രളയ ബാധിതരെ അടിയന്തരമായി സഹായിക്കുക, ഭവന രഹിതരായവരെ പുനരധിവസിപ്പിക്കുക, പ്രളയത്തില്‍ സ്ഥലം നഷ്ടപ്പെട്ടവര്‍ക്കു പകരം ഭൂമി നല്‍കുക, പുവഞ്ചി തൂക്കുപാലം പുനര്‍നിര്‍മിക്കുക, നാരകംപുഴ കുടിവെള്ള പദ്ധതി പുനഃസ്ഥാപിക്കുക, ദുരന്തമേഖലയിലെ ഭൂമിസംബന്ധിച്ച് വ്യക്തത വരുത്തുക, പുല്ലകയാറിന് ആഴം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രണ്ടാംഘട്ട സമരം ആരംഭിച്ചിരിക്കുന്നത്. പുത്തന്‍ പ്രതീക്ഷകളോടെ നാടെങ്ങും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്‌പോള്‍ തലചായ്ക്കാനൊരിടത്തിനായി സമരപ്പന്തലില്‍ കാത്തിരിക്കുകയാണിവര്‍.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











