ഗ്രാമപ്രദേശത്തു താമസിക്കുന്ന ദമ്പതികള്‍ എന്റെ മുന്നില്‍ വന്നത് പരസ്പരം പഴിചാരലുമായാണ്. ഭര്‍ത്താവ് ഭാര്യയെ കുറ്റം പറയുന്നു, ഭാര്യ തിരിച്ചും. ഭാര്യയ്ക്ക് സംശയരോഗമാണെന്നാണ് ഭര്‍ത്താവിന്റെ ഭാഷ്യം. എന്നാല്‍ മൊബൈല്‍ഫോണില്‍ എപ്പോഴും ചാറ്റും, കോളുകളും ചെയ്യുന്ന ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നാണ് ഭാര്യപറഞ്ഞത്. ഭര്‍ത്താവുമായി എപ്പോഴും സംസാരിക്കുന്നുവെന്ന് ആരോപിക്കപ്പെട്ട പെണ്‍കുട്ടിയെ, ഭാര്യ കൂടെക്കൂടെ വിളിച്ചു അസഭ്യം പറയുന്നത് നല്ല സുഹൃത്തിനെ നഷ്ടമാക്കിയതായാണ് ഭര്‍ത്താവിന്റെ പരിദേവനം. രണ്ടു പേരെയും പലതവണ കൗണ്‍സിലിങ്ങിനു വിധേയമാക്കുകയും അസഭ്യവര്‍ഷത്തിനിരയായ പെണ്‍കുട്ടിയുമായി സംസാരിച്ചും ഒരു തരത്തില്‍ പരിഹാരം കാണുകയായിരുന്നു.
ഇങ്ങനെ എത്രയെത്ര പ്രശ്‌നങ്ങളാണ് ദാമ്പത്യബന്ധത്തില്‍ കടന്നുകൂടുന്നത്. ഇരുവരും അല്‍പം വിട്ടുവീഴ്ച്ചക്കു തയാറാവുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യുകയും ഈഗോ വെടിയുകയും ചെയ്താലേ ദാമ്പത്യജീവിതം സുഗമമാവുകയുള്ളു. നിസാര കാര്യങ്ങള്‍ക്കുപോലും ദമ്പതികള്‍ വഴക്കടിക്കുന്നതും അതില്‍ പലതും വിവാഹമോചനത്തില്‍പോലും എത്തുന്ന സംഭവങ്ങള്‍ ഈ കൊച്ചുകേരളത്തില്‍ വര്‍ദ്ധിക്കുകയാണ്.
വിവാഹമോചന കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നതായി വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ അടുത്തിടെ ഒരു മെഗാഅദാലത്തില്‍ പറഞ്ഞിരുന്നു.
സ്വാഭിമാന പ്രശ്നങ്ങള്‍ മാത്രമാണ് വിവാഹബന്ധങ്ങള്‍ വേര്‍പിരിയാന്‍ കമ്മീഷനു മുന്നില്‍ എത്തുന്ന പരാതിയിലധികവും. ദാമ്പത്യത്തിന്റെ അര്‍ത്ഥംപോലു മറിയാതെ വിദ്യാസമ്പന്നരായ യുവതീ-യുവാക്കള്‍ അപക്വമായി ജീവിതത്തെ സമീപിക്കുന്നതാണ് ഇത്തരത്തില്‍ സങ്കീര്‍ണമായ കേസുകള്‍ കമ്മീഷനു മുന്നിലെത്താന്‍ കാരണമെന്നാണ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞത്.
വിവാഹ ജീവിതം പാതിവഴിയില്‍ വലിച്ചെറിയ പ്പെടുന്നവരുടെ എണ്ണം കൂടുമ്പോള്‍ ഈ ബന്ധങ്ങളില്‍ ഉണ്ടായ സന്തതികളുടെ ജീവിതവും ഭാവിയും കഷ്ടപ്പാടിലാകുന്നു.
സംസ്ഥാനത്ത് കുടുംബകോടതികളില്‍ 2017 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ 18,745 വിവാഹ മോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍ തിരുവനന്തപുരം ജില്ലയിലാണ്3,328. കൊല്ലം-2,273, പത്തനംതിട്ട-1,060, കോട്ടയം-1,402, ആലപ്പുഴ- 1,644, ഇടുക്കി-587, എറണാകുളം-1,696, തൃശ്ശൂര്‍-2,514, പാലക്കാട്-1,209, കോഴിക്കോട്-1,382, മലപ്പുറം-603, വയനാട്-305, കണ്ണൂര്‍-1,267, കാസര്‍ഗോഡ്-423.
തൃശ്ശൂര്‍ കുടുംബകോടതിയിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍-1520. തിരുവനന്തപുരം കുടുംബകോടതി-1,432, എറണാകുളം-1,191. നെഴ്സുമാരും ഐടി ജീവനക്കാരുമാണ് വിവാഹമോചനത്തില്‍ മുന്നിലെന്ന് എറണാകുളത്തുനിന്നുള്ള കണക്കുകള്‍ പറയുന്നു. വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിക്കുന്നവരില്‍ അധികവും യുവതീയുവാക്കളാണ്. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും, മദ്യപാനവും വിവാഹേതര ബന്ധങ്ങളും ദാമ്പത്യം ശിഥിലമാകാനുള്ള സാഹചര്യം ഒരുക്കുന്നു. 2014ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 36,000 എണ്ണവും മദ്യപാനത്തെ തുടര്‍ന്നാണ്.
ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധമാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വിവാഹ മോചനത്തിനായുള്ള കാരണമായി കാണുന്നത്. മദ്യവും സ്ത്രീധന പീഡനവും ഒപ്പമുണ്ട്. അശ്ലീല പുസ്തകങ്ങളും വീഡിയോകളുമാണ് പരസ്ത്രീ ബന്ധത്തിനും തെറ്റായ ലൈംഗിക ബന്ധങ്ങള്‍ക്കും പുരുഷന്മാര്‍ക്കു വഴികാട്ടിയാകുന്നത്. ഭര്‍ത്താവില്‍ നിന്ന് ലൈംഗിക വിരക്തി അനുഭവിക്കുന്നവരും വിദേശത്തും ദൂര സ്ഥലത്ത് ജോലി ചെയ്യുന്നവരുമായ ഭര്‍ത്താക്കന്‍മാരുള്ള സ്ത്രീകളും ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. സ്ത്രീകളുടെ ഒളിച്ചോട്ടവും ഇങ്ങനെതന്നെയാണ്. സ്ത്രീകള്‍ ഒളിച്ചോടുന്നതിനു കാരണവും ഇതു തന്നെയാണ്. സംശയരോഗം, ചിത്തഭ്രമം, ഉന്മാദം, വിഷാദരോഗം തുടങ്ങിയവ ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന് കാരണങ്ങള്‍ അവരവര്‍ വളരുന്ന നെഗറ്റീവ് സാഹചര്യങ്ങളാണ്. നഗരങ്ങളില്‍ ജീവിക്കുന്നവരിലാണ് വിവാഹ മോചന കേസുകള്‍ ഏറെയും ഉണ്ടാകുന്നത്. സാമ്പത്തിക പ്രശ്‌നമാണ് ദമ്പതിമാര്‍ നേരിടുന്ന മറ്റൊരു പ്രധാന വിഷയം. ഭാര്യ പണം കൂടുതല്‍ ചെലവഴിക്കാനാകും ആഗ്രഹിക്കുന്നത് എങ്കില്‍ ഭര്‍ത്താവ് ആഗ്രഹിക്കുന്നത് പണം സ്വരൂപിക്കാന്‍ ആയിരിക്കും, തിരിച്ചും സംഭവിക്കാം. ഇവിടെ തുടങ്ങുന്നു ദാമ്പത്യ ബന്ധം തകരാന്‍ ഉള്ള കാരണങ്ങളും.
വൈവാഹിക ജീവിതം സുഗമവും ആനന്ദകരവുമാകാന്‍ പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധം വളര്‍ത്തണം. വ്യത്യസ്ത ലൈംഗിത താല്‍പര്യങ്ങളാണ് ദാമ്പത്യ തകര്‍ച്ചയുടെ മറ്റൊരു ഘടകം. അമിത ലൈംഗിക ആസക്തിയും ഇതിനോട് തണുത്ത സമീപനവും ഒരുപോലെ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പങ്കാളി കള്‍ക്കിടയിലുള്ള എന്തു കാര്യവും തുറന്നു സംസാരി ക്കുകയും പരിഹരിക്കുകയും ചെയ്യുക എന്നതാണ് അഭികാമ്യം. പങ്കാളികള്‍ സ്വന്തം മാതാപിതാ ക്കളോട് കൂടുതല്‍ താല്‍പര്യം കാട്ടുന്നത് കുടുംബ ബന്ധങ്ങളെ ബാധിക്കാന്‍ സാധ്യത ഉണ്ട്. ദമ്പതികള്‍ക്കിടയിലെ സ്വകാര്യത കാത്തുസൂക്ഷിക്കണം. സ്വകാര്യ പ്രശ്നങ്ങള്‍ മറ്റിടങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. ഒരുതവണ വിവാഹമോചിതരായവരില്‍ പിന്നെയും പിന്നെയും വിവാഹ മോചന സാധ്യത കൂടും. ആദ്യ ബന്ധത്തിലെ കുട്ടികളെ അംഗീകരി ക്കാന്‍ മടികാട്ടുന്നത് പ്രധാന പ്രശ്നമാണ്.
വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാ കുമ്പോള്‍ അത് മറികടക്കാനായി ദമ്പതികള്‍ ഒരുമിച്ച് കൗണ്‍സലിങില്‍ പങ്കെടുക്കണം. വിഷയങ്ങള്‍ ഏതൊക്കെയായാലും തുറന്ന് ചര്‍ച്ചചെയ്യാനും പരിഹാരം കണ്ടെത്താ നുമാണ് ഇവിടെ ശ്രമിക്കുന്നത്. വൈകാരിക നിയന്ത്രണം കൈവരിക്കാ നുള്ള പരിശീലനം കൗണ്‍സിലര്‍ പഠിപ്പിക്കും. ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത, ലൈംഗിക ശേഷിക്കുറവ്, ലൈംഗിക ബന്ധ സമയത്തെ വേദന, ലൈംഗിക വൈകൃതങ്ങള്‍ എന്നിവയൊക്കെ പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
കുടുംബകോടതി എന്തിന്?
1984 സെപ്തംബര്‍ 14ന് പാര്‍ലമെന്റിന്റെ ഇരു സഭകളും അംഗീകാരം നല്‍കിയ കുടുംബകോടതി നിയമപ്രകാരമാണ് രാജ്യത്ത് കുടുംബകോടതികള്‍ നിലവില്‍വന്നത്. കേരളത്തില്‍ 1992 ജൂണ്‍ ആറു മുതലാണ് കുടുംബകോടതികള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്.
വൈവാഹിക തര്‍ക്ക ങ്ങള്‍ക്ക് വേഗം തീര്‍പ്പുണ്ടാ ക്കുക എന്ന മുഖ്യ ലക്ഷ്യ ത്തോടെയാണ് കുടുംബ കോടതികള്‍ സ്ഥാപിച്ചത്. ജീവനാംശം, കുട്ടികളെ ദത്തെടുക്കല്‍, ദമ്പതികള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കം തുടങ്ങിയവയൊക്കെ കുടുംബകോടതിയുടെ പരിഗണനയില്‍ വരാം. ഭാര്യയും ഭര്‍ത്താവും ഒഴികെ കുടുംബത്തിലെ മറ്റംഗങ്ങള്‍ തമ്മിലുള്ള സ്വത്തുതര്‍ക്ക ങ്ങള്‍ കുടുംബ കോടതിക്ക് തീര്‍പ്പാക്കാന്‍ അധികാരമില്ല.
വിവാഹമോചനമോ വിവാഹം അസാധുവാക്ക ണമെന്നോ ആവശ്യപ്പെട്ടോ, വിവാഹബന്ധം പുനഃസ്ഥാ പിച്ചുകിട്ടണമെന്നോ നിയമപരമായി വേര്‍പെടുത്തി കിട്ടണമെന്നോ ആവശ്യപ്പെട്ടോ ഉള്ള കേസുകള്‍, ഒരു വിവാഹബന്ധം സാധുവാണെന്നോ അസാധുവാ ണെന്നോ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന കേസുകള്‍, ഒരു വിവാഹബന്ധത്തില്‍ ഉള്‍പ്പെട്ടവര്‍ തമ്മിലുള്ള സ്വത്തു തര്‍ക്കം സംബന്ധിച്ച കേസുകള്‍, ഒരു വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി ഏതെങ്കിലും നിരോധന ഉത്തരവ് ആവശ്യപ്പെടുന്ന കേസുകള്‍, ഒരാളുടെ പിതൃത്വ തര്‍ക്കം സംബന്ധിച്ച കേസുകള്‍, ജീവനാംശംതേടിയുള്ള കേസുകള്‍, പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ഒരാളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ കുടുംബകോടതിയില്‍ പരിഗണിക്കും. കൂടാതെ ക്രിമിനല്‍ നടപടി നിയമസംഹിതയുടെ ഒമ്പതാം അധ്യായത്തില്‍ ഭാര്യയുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും സംരക്ഷണത്തിനായുള്ള വ്യവസ്ഥകള്‍ പ്രകാരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിനുള്ള അധികാരങ്ങളും കുടുംബകോടതിക്ക് പ്രയോഗിക്കാം. ഈ അവസരത്തില്‍ കുടുംബകോടതി ക്രിമിനല്‍ കോടതിയായാണ് പ്രവര്‍ത്തിക്കുക.
നദീറ
MSc Psychology, PGDGC








