
കോട്ടയം: തിരുനക്കര ബസ്സ്റ്റാന്‍ഡിലെ നഗരസഭ കെട്ടിടം പൊളിക്കുന്നു. ഇതിന്റെ ഭാഗമായി വ്യാപാരികളോടു 15 ദിവസത്തിനകം കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടു നഗരസഭാധികൃതര്‍ ഇന്നലെ നോട്ടീസ് നല്‍കി. 50 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണു കെട്ടിടം പൊളിച്ചു മാറ്റാന്‍ നഗരസഭ തീരുമാനമെടുത്തിരിക്കുന്നത്.തങ്ങളെ വഴിയാധാരമാക്കുന്ന നടപടിക്കെതിരേ വ്യാപാരികള്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്നലെ നോട്ടീസ് നല്‍കിയ നഗരസഭയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നു വ്യാപാരികള്‍ പറഞ്ഞു. കോവിഡ് കാലത്തിനുശേഷം വലിയ തുക ലോണ്‍ എടുത്താണു വ്യാപാരികള്‍ കച്ചവടം പുനരാരംഭിച്ചത്. ഏകദേശം അന്പതില്‍പ്പരം വ്യാപാരികള്‍ നഗരസഭാ കെട്ടിടത്തിലുണ്ട്. നിലവിലെ കെട്ടിടത്തിനു അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്തുകയോ, പുതുക്കിപ്പണിയുകയോ ചെയ്യണമെന്നാണു കോടതി പറഞ്ഞിരിക്കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു. അറ്റകുറ്റപ്പണി നടത്താതെ കെട്ടിടം പൊളിക്കാനാണ് നഗരസഭയുടെ തീരുമാനം. ബലക്ഷയമുണ്ടെങ്കില്‍ എന്തിനാണ് നിലവിലെ കെട്ടിടത്തിനു മുകളില്‍ നഗരസഭ നിര്‍മാണ പ്രവര്‍ത്തനം നടത്തിയതെന്നാണു വ്യാപാരികള്‍ ചോദിക്കുന്നത്. നഗരസഭാ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖമായ ഒരു സ്ഥാപനത്തില്‍ ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി. നഗരസഭയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്ന് പ്രക്ഷോഭ സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. നഗരസഭയുടെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്നും എന്തുവിലകൊടുത്തും നീക്കം തടയുമെന്നും പ്രക്ഷോഭ സമിതിയംഗം ടോം സി. തയ്യില്‍ പറഞ്ഞു.










