
കോഴിക്കോട്: നവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങളില്‍ തുടക്കമായി. വിജയദശമി നാള്‍ വരെ ദേവീ ക്ഷേത്രങ്ങള്‍ ആഘോഷങ്ങളാലും പ്രത്യേക പൂജകളാലും ഭക്തി സാന്ദ്രമാകും. ഒമ്പത് രാത്രിയും 10 പകലും ദുര്‍ഗാദേവിയുടെ ഒമ്പത് അവതാരങ്ങളെ പൂജിച്ചും പ്രാര്‍ത്ഥിച്ചുമാണ് ആഘോഷം കൊണ്ടാടുന്നത്. ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളായ അഴകൊടി ദേവീക്ഷേത്രം, വളയനാട് ദേവീ ക്ഷേത്രം, തളി ക്ഷേത്രം, ശ്രീകണ്‌ഠേശ്വര ക്ഷേത്രം, കൊല്ലം പിഷാരികാവ് എന്നിവിടങ്ങളിലെല്ലാം പ്രത്യേക പൂജകള്‍ക്കും ആഘോഷങ്ങള്‍ക്കും തുടക്കമായി.
പാളയം തളി ബ്രാഹ്മണ മഠത്തില്‍ ബൊമ്മക്കൊലു ഒരുങ്ങിക്കഴിഞ്ഞു. മഹിഷാസുരനെ വധിക്കാന്‍ ദേവിക്ക്, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും തങ്ങളുടെ ശക്തി മുഴുവന്‍ നല്‍കി പ്രതിമകള്‍പോലെ നിന്നുവെന്നാണ് ഐതിഹ്യം. ബൊമ്മക്കൊലു ഒരുക്കുന്നതിന്റെ മുന്നോടിയായി പൂജാമുറിയില്‍ വിവിധ തട്ടുകള്‍ നിര്‍മ്മിച്ച് കോലം വരയ്ക്കും. പിന്നീട് ദുര്‍ഗ, ലക്ഷ്മി, സരസ്വതി ദേവതകളെ ആവാഹിച്ച നിറകുഭം വയ്ക്കും. തുടര്‍ന്ന് മറ്റു രൂപങ്ങളും വിളക്കും ഒരുക്കും. ദേവീ പ്രതിമകള്‍ക്കൊപ്പം ഗണപതിക്കും ബൊമ്മക്കൊലുവില്‍ പ്രാധാന്യമുണ്ട്. വേറെയും പലതരം പ്രതിമകള്‍ പൂജാമുറിയില്‍ ഒമ്ബത് തട്ടുകളിലായി ഒരുക്കും. ദശാവതാരം, അഷ്ടലക്ഷ്മി, പട്ടാഭിഷേകം, ഗീതോപദേശം തുടങ്ങി വിവിധ സന്ദര്‍ഭങ്ങളെ കുറിക്കുന്ന പാവകളെയും ഒരുക്കാറുണ്ട്. മരപ്പാവകള്‍ക്കാണ് പ്രാധാന്യം. മഠങ്ങളിലെ മുതിര്‍ന്ന സ്ത്രീകളാണ് ബൊമ്മക്കൊലു തയ്യാറാക്കുന്നത്. ഇനിയുള്ള എല്ലാ ദിവസവും പ്രത്യേക പൂജകളും അരങ്ങേറും. ആദ്യ മൂന്ന് ദിവസങ്ങളില്‍ ദുര്‍ഗയ്ക്കും തുടര്‍ന്ന് മൂന്ന് ദിവസങ്ങളില്‍ ലക്ഷ്മിക്കും അവസാന മൂന്ന് ദിവസങ്ങളില്‍ സരസ്വതീദേവിക്കുമാണ് പൂജാകര്‍മ്മങ്ങള്‍. ദിവസവും ലളിതസഹസ്രനാമവും ദേവി സ്തോത്രപാരായണവും നടക്കും.





