Home Editor's Choice നഷ്ടപ്പെടുന്ന ആകാശവും ഭൂമിയും

നഷ്ടപ്പെടുന്ന ആകാശവും ഭൂമിയും

1
0

ഡോ.വി.ജി. പ്രദീപ് കുമാർ


കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് സഹായകരമായ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന്റെ അവസാന ഘട്ടങ്ങളിൽ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പല പരിഷ്‌ക്കാരങ്ങളും പൊതുസമൂഹത്തിൽ ചില സംശയങ്ങളുയർത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ചിലത് കൽക്കരിഖനികളുടെ സ്വകാര്യവൽക്കരണം, ഓർഡനൻസ് ഫാക്ടറി (സൈനിക സാമഗ്രികൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി) കളുടെ സ്വകാര്യവൽക്കരണം, ബഹിരാകാശ ഗവേഷണം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിലെ കൂടുതൽ

സ്വകാര്യപങ്കാളിത്തവും അതിനേക്കാളുപരി പൊതുമേഖലകൾക്കുള്ള നിയന്ത്രണം എന്നിവ ഇവയിൽ പ്രമുഖമാണ്. ലോകത്താകമാനം കോവിഡ് കാലഘട്ടത്തിൽ വിവിധ രാജ്യങ്ങൾ അവരവരുടെ ജനതയുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുവേണ്ട വിവിധ പദ്ധതികളും പരിപാടികളും ആവിഷ്‌ക്കരിക്കുന്നതും നമുക്ക് കാണാവുന്നതാണ്. ഇവയിൽ ഹോങ്കോങ്ങ്, കാനഡ, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾ പൗരന്മാരുടെ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ടു പണം എത്തിക്കുകയാണ് ചെയ്തത്. ഏറ്റവുമാദ്യം ഇത്തരം നടപടികൾ സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ഹോങ്കോങ്ങ്. രാജ്യത്തെ എല്ലാ പൗരന്മാർക്കും 1200 യു.എസ്. ഡോളർ പ്രതിമാസം വീതം 3 മാസത്തേയ്ക്കാണ് ഗവൺമെന്റ് നൽകിയത്. കാനഡയാകട്ടെ തൊഴിലാളികൾക്ക് 27 ബില്യൻ യു.എസ്. ഡോളറിന്റെയും കടബാധ്യത എഴുതിത്തള്ളുന്നതിന് 55 ബില്യൻ ഡോളറിന്റെയും പാക്കേജ് പ്രഖ്യാപിച്ചു. ഇതിനുപുറമെ രാജ്യത്തെ അടിയന്തിര ചികിത്സാ മേഖലയുടെ ശാക്തീകരണത്തിന് ഒരു ബില്യൻ ഡോളറും പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങൾ ജനങ്ങളുടെ അടിയന്തിരാവശ്യങ്ങൾ നിറവേറ്റുന്നതിനും അവിടുത്തെ വ്യവസായ സംരംഭങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും സഹായകരമാകുന്നുണ്ട്. ഇവ കൂടാതെ നിരാലംബർക്കും, ഭിന്നശേഷിക്കാർക്കും, സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം പ്രത്യേകം പദ്ധതികളും കനേഡിയൻ പ്രധാനമന്ത്രി ശ്രീ. ജസ്റ്റിൻ ട്യൂഡർ പ്രഖ്യാപിച്ചു. അതുപോലെ സ്‌പെയിനും 220 ബില്യൻ ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് അവതരിപ്പിച്ചിരിക്കുന്നു. ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജി.ഡി.പി.) 20 ശതമാനം വരും. അമേരിക്ക വിവിധ ഘട്ടങ്ങളിലായി ഏകദേശം 3 ട്രില്യൻ ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനി ഇന്ത്യയുടെ സാമ്പത്തിക പാക്കേജിനെപ്പറ്റി നോക്കാം. കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിൽ നേരിട്ട് പൗരന്മാർക്കു കിട്ടുന്ന ധനസഹായം തുലോം കുറവാണെന്നോ അതോ നാമ മാത്രമാണെന്നോ കാണാവുന്നതാണ്. തൊഴിലുറപ്പു പദ്ധതിയ്ക്കു പ്രഖ്യാപിച്ച 40,000 കോടിരൂപയും, ആരോഗ്യരംഗത്തേയ്ക്ക് വിവിധ ഘട്ടങ്ങളിലായി പ്രഖ്യാപിച്ച 20,000 കോടി രൂപയും മാത്രമാണ് നേരിട്ടുള്ള ധനസഹായ രൂപത്തിൽ വന്നിട്ടുള്ളത്. ആരോഗ്യരംഗത്തെ ആഭ്യന്തര മൊത്ത വരുമാനത്തിന്റെ 7 ശതമാനമെങ്കിലും ചെലവഴിക്കുന്നതിനു പകരം 2 ശതമാനത്തിൽ താഴെ മാത്രമേ ഇപ്പോൾ ചെലവഴിക്കുന്നുള്ളു. ഈ സ്ഥിതി മാറണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധരും, മെഡിക്കൽ പ്രൊഫഷണൽ സംഘടനകളും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. രാഷ്ട്രീയ നേതൃത്വങ്ങളുടെ മുൻഗണനകളിൽ, സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും, ആരോഗ്യരംഗത്തിനു നീക്കിവെയ്ക്കുന്ന ബഡ്ജറ്റ് വിഹിതം തുച്ഛമായി പോകുന്നത് ആശ്ചര്യകരമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ തെരെഞ്ഞെടുപ്പുകളിൽ പ്രധാന ചർച്ചാ വിഷയമാകുന്നതുപോലും അവിടുത്തെ ആരോഗ്യ ചികിത്സാരംഗത്തെ കർമ്മപദ്ധതികളാണെന്നിരിക്കെ ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ഇക്കാര്യം എല്ലായ്‌പ്പോഴും തികച്ചും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. തൊഴിൽരംഗത്തെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നതും, കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളതുമായ രണ്ടു രംഗങ്ങളാണ് ഖനികളും, വെടിക്കോപ്പ് നിർമ്മാണ (ഓർഡനൻസ്) ഫാക്ടറികളും. കൽക്കരി ഖനനത്തിൽ ഇന്ത്യ ലോകരാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട കൽക്കരി ഖനികൾ സ്ഥിതിചെയ്യുന്നത് ജാർഖണ്ഡ്്, ഒഡീഷ, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഇവയിൽ നിന്നും ശരാശരി 663 മില്യൻ മെട്രിക് ടൺ കൽക്കരി ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. കോൾ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ വിറ്റുവരവ് 2.03 ലക്ഷം കോടി രൂപയാണെന്നാണ് 2019ലെ കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ കേന്ദ്രസർക്കാർ ലാഭകരമായ ഖനികൾ സ്വകാര്യമേഖലയ്ക്ക് അനുവദിക്കുന്നതിനുള്ള നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. മാത്രവുമല്ല, കുഴിച്ചെടുക്കപ്പെടുന്ന കൽക്കരി സൂക്ഷിക്കുന്നതിനും ഖനികളിൽ നിന്നു പുറത്തേയ്ക്കു കൊണ്ടുപോകുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി രൂപ ചെലവാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഈ തുക സർക്കാർ ചെലവഴിക്കേണ്ടതാണോയെന്ന ന്യായമായ സംശയം സാധാരണക്കാരിൽ ഉയർന്നുവരാം. ഉൽപ്പാദനപ്രവർത്തിപ്പിക്കൽകൈമാറൽ (Build, Operate & Transfer) മാതൃകയിലാണെങ്കിൽപ്പോലും ഈ തുക സർക്കാർ ചെലവഴിക്കേണ്ടതില്ല. വെടിക്കോപ്പ് നിർമ്മാണശാലകളുടെ സ്ഥിതിയും വിഭിന്നമല്ല. രാജ്യത്തെ യുദ്ധ സാമഗ്രികൾ, വെടിക്കോപ്പുകൾ എന്നിവ നിർമ്മിക്കുന്ന 39 ഓർഡനൻസ് ഫാക്ടറികളാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ഉൽപ്പാദന മേഖലയും ഇന്ത്യാ ഗവൺമെന്റിന്റെ ഏറ്റവുമാദ്യത്തെ പൊതുമേഖലാ സംരംഭവുമാണ് ഓർഡനൻസ് ഫാക്ടറികൾ.
ബഹിരാകാശ ഗവേഷണരംഗത്ത് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി വൻ കുതിച്ചു ചാട്ടമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇന്ത്യക്കുവേണ്ടി സ്വതന്ത്രമായ ഒരു ബഹിരാകാശ ഗവേഷണ പദ്ധതി 1969 ലാണ് ആദ്യമായി രൂപീകരിച്ചത്. ബാംഗ്ലൂർ ആസ്ഥാനമായി ആരംഭിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) യ്ക്ക് അഹമ്മദാബാദ്, തിരുവനന്തപുരം, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുണ്ട്. ആര്യഭട്ട, സ്‌കൈലാബ്, ഇൻസാറ്റ്, റിസാറ്റ്, സരൾ (ടഅഞഅഘ), ചന്ദ്രയാൻ എന്നിവ ഇന്ത്യ വിക്ഷേപിച്ച വിവിധ കൃത്രിമ ഉപഗ്രഹങ്ങളാണ്. വാർത്താവിനിമയരംഗത്തും കാലാവസ്ഥാ നിരീക്ഷണത്തിലും മാത്രമല്ല, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളെപ്പറ്റിയുള്ള കൂടുതൽ പഠനങ്ങൾക്കും നമ്മുടെ ബഹിരാകാശ ഗവേഷണം ഉപകാരപ്രദമായിട്ടുണ്ട്. ഈ രംഗത്തെ അതികായനായ അമേരിക്കക്കുപോലും അസൂയയുണ്ടാക്കുന്ന രീതിയിലാണ് ഇന്ത്യൻ ശാസ്ത്രജ്ഞരും, ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളും മുന്നേറിയിട്ടുള്ളത്. രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശംസയ്ക്കുപാത്രമായ ശാസ്ത്രഗവേഷണ രംഗത്തെ സ്വകാര്യവൽക്കരിക്കുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നതിൽ അതിശയോക്തിയില്ല.
ഈ മൂന്നുരംഗത്തും സമാന്തരമായ ചില സവിശേഷതകൾ ഉള്ളതായി കാണാം. കർശനമായ തൊഴിൽ അച്ചടക്ക നിയമങ്ങൾ, കാര്യക്ഷമമായ ഉൽപ്പാദനം, നഷ്ടരഹിതമായ വ്യാവസായികാന്തരീക്ഷം ഇതുതന്നെയാകണം സ്വകാര്യ സംരംഭകരുടെ താൽപ്പര്യത്തിനു കാരണവും. ഏതൊരു രാജ്യത്തിനും അഭിമാനിക്കാവുന്ന രീതിയിൽ മുന്നോട്ടുപോകുന്ന ഈ രംഗങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ നമ്മുടെ ആത്മാഭിമാനമാണ് നാം അടിയറ വെയ്ക്കുന്നത്. കോവിഡ് പ്രതിരോധരംഗത്തു ചെലവഴിക്കേണ്ട അധികതുക സമാഹരണത്തിനാണോ ഈ നീക്കം ?

കോവിഡ് പ്രതിരോധത്തിനു വേണ്ടത് സാർവത്രികമായ ചികിത്സാ വ്യക്തി സുരക്ഷ ഉപകരണങ്ങൾ, മാസ്‌കുകൾ, വെന്റിലേറ്ററുകൾ, ആശുപത്രിതീവ്രപരിചരണ കിടക്കകളുടെ ലഭ്യത എന്നിവയും, രാജ്യത്തെ പൗരന്മാർക്ക് ക്രയവിനിയോഗത്തിനുള്ള സാമ്പത്തിക സഹായം നേരിട്ടു നൽകലുമാണ്.

കേന്ദ്ര ഗവൺമെന്റ് ഇപ്പോൾ പ്രഖ്യാപിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിന് പകരം റിസർവ് ബാങ്കിനെ സമീപിച്ചും തുടർന്ന് വെൽത്ത് ടാക്‌സ്, അതിസമ്പന്നർക്ക് ഏർപ്പെടുത്താവുന്ന പ്രത്യേക നികുതി തുടങ്ങിയവയിലൂടെ പണം കണ്ടെത്തി നേരിട്ട് ജനങ്ങൾക്ക് പണവും ഭക്ഷ്യധാന്യവും എത്തിക്കുന്ന നടപടി ആയിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്.

എങ്കിൽ മാത്രമേ ഇന്ത്യപോലെയുള്ള വികസ്വര രാജ്യത്തിന് ഈ പ്രതിസന്ധി തരണം ചെയ്യാനാകു. മാത്രമല്ല, വരുംവർഷങ്ങളിലെ ബഡ്ജറ്റുകളിൽ ആരോഗ്യ ചികിത്സാ പ്രതിരോധ പ്രവർത്തനത്തിനുവേണ്ടി കൂടുതൽ തുക വകയിരുത്തുന്നതിനുള്ള രാഷ്ട്രീയ തീരുമാനവും വേണം.

രാജ്യത്തെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സംസ്ഥാന സർക്കാരുകൾ, മെഡിക്കൽ രംഗത്തെ പ്രൊഫഷണൽ സംഘടനകൾ എന്നിവരുമായി കൂടിയാലോചിച്ച് അടുത്ത പത്തുകൊല്ലത്തിനുള്ളിൽ ‘ആരോഗ്യ ഭാരതം സുരക്ഷിത ഭാരതം’ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി നടപ്പിലാക്കേണ്ടതുണ്ട്. അതിനുപകരം ബഹിരാകാശ ഖനന മേഖലകളുടെ സ്വകാര്യവൽക്കരണത്തിന് കോവിഡ് പശ്ചാത്തലം ഉപയോഗിക്കുന്നതിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ ആകാശവും ഭൂമിയും തന്നെയായിരിക്കും.

(പ്രൊഫഷണൽ നെറ്റ്‌വർക്ക് സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)

LEAVE A REPLY

Please enter your comment!
Please enter your name here