ന്യൂഡല്‍ഹി: ബുലന്ദ്‌ഷെഹര്‍ കൊലപാതകവുമായി ബന്ധപ്പെട്ട നടന്‍ നസിറുദ്ദീന്‍ ഷായുടെ പരാമര്‍ശത്തിനെതിരെ സഹനടന്‍ അനുപം ഖേര്‍ രംഗത്ത്. ഇപ്പോഴുളളതിലും എത്ര കൂടുതല്‍ സ്വാതന്ത്ര്യമാണ് നസറുദ്ദീന്‍ ഷായ്ക്ക് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ‘രാജ്യത്ത് ഇപ്പോള്‍ സ്വാതന്ത്ര്യം നല്ലതു പോലെ ഉണ്ട്. നിങ്ങള്‍ക്ക് സൈന്യത്തെ ചീത്ത വിളിക്കാനും, വ്യോമസേനാ തലവനെതിരെ സംസാരിക്കാനും സൈന്യത്തിന് നേരെ കല്ലെറിയാനുമൊക്കെ സ്വാതന്ത്ര്യം ഉണ്ട്. ഒരു രാജ്യത്ത് ഇതിലും കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് നിങ്ങള്‍ക്ക് വേണ്ടത്? അദ്ദേഹത്തിന് തോന്നിയത് പോലെയാണ് അദ്ദേഹം പറഞ്ഞത്. സത്യമാണെന്ന് അത് അര്‍ത്ഥമാക്കുന്നില്ല,’ അനുപം ഖേര്‍ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെക്കാള്‍ വില പശുവിന്റെ മരണത്തിനാണെന്നാണ് കഴിഞ്ഞദിവസം നസിറുദ്ദീന്‍ ഷാ പറഞ്ഞത്. പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിനിടെ ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാര്‍വാന്‍-ഇ മൊഹബത്ത് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വിമര്‍ശിച്ചത്. യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്, ”എനിക്ക് എന്റെ കുട്ടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വല്ലാത്ത ആശങ്കയുണ്ട്. കാരണം, നാളെ ഒരു ആള്‍ക്കൂട്ടം വളഞ്ഞിട്ട് അവരോട് ഹിന്ദുവാണോ മുസ്ലിം ആണോ’ എന്നു ചോദിച്ചാല്‍ അവര്‍ക്ക് പറയാന്‍ ഒരു ഉത്തരമില്ല. ഭയമുണ്ട് നിലവിലെ അവസ്ഥകള്‍ കാണുമ്പോള്‍, ദേഷ്യം വരുന്നുണ്ടെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.
‘ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെക്കാള്‍ പ്രാധാന്യമാണ് പശുവിന്റെ മരണത്തിന്. ഈ അവസ്ഥ അടുത്ത കാലത്തൊന്നും മാറുമെന്നും പ്രതീക്ഷിക്കുന്നില്ല. നിയമം കയ്യിലെടുക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന ഭീതിയില്ലാത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. വിഷം ഇതോടകം വ്യാപിച്ചു കഴിഞ്ഞു. അതിനി തിരിച്ചെടുക്കുക എന്നത് ബുദ്ധിമുട്ടാണ്. നിയമം കയ്യിലെടുക്കുന്നവര്‍ക്ക് ശിക്ഷിക്കപ്പെടും എന്ന പേടിയേ ഇല്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷായുടെ പരാമര്‍ശത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഷാ പാക്കിസ്ഥാനിലാണ് ജീവിക്കേണ്ടതെന്ന് രൂക്ഷമായി വിമര്‍ശിച്ച അവര്‍ പാക്കിസ്ഥാനിലേക്കു പോകാനുള്ള വിമാന ടിക്കറ്റും എടുത്താണ് പ്രതിഷേധിച്ചത്.








