Home World ദുരന്തത്തിനു പിന്നില്‍ ക്രാക്കത്തൂവയുടെ ‘കുട്ടി’

ദുരന്തത്തിനു പിന്നില്‍ ക്രാക്കത്തൂവയുടെ ‘കുട്ടി’

2
0

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ സുനാമിക്കു പിന്നില്‍ പ്രവര്‍ത്തിച്ച ‘പ്രകൃതിശക്തി’ എന്താണെന്ന അന്വേഷണത്തിലാണ് അധികൃതര്‍. സംശയത്തിന്റെ മുന നീളുന്നത് സുമാത്ര, ജാവ ദ്വീപുകള്‍ക്കിടയിലെ സന്ദ്ര കടലിടുക്കിലുള്ള അനക് ക്രാക്കത്തൂവ എന്ന അഗ്‌നിപര്‍വതത്തിലേക്കാണ്. കുപ്രസിദ്ധമായ ക്രാക്കത്തൂവ അഗ്‌നിപര്‍വതത്തിന്റെ ‘കുട്ടി’ എന്നറിയപ്പെടുന്നതാണ് ഇത്. 36,000 പേരിലേറെ കൊല്ലപ്പെട്ട ക്രാക്കത്തൂവ അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടായത് 1883ലാണ്. ഈ സംഭവം കഴിഞ്ഞ് അരനൂറ്റാണ്ടു തികഞ്ഞപ്പോഴാണ് കടലില്‍ നിന്ന് ‘അനക്’ ഉയര്‍ന്നു വന്നത്. അങ്ങനെയാണ് ‘ക്രാക്കത്തൂവയുടെ കുട്ടി’ എന്ന
പേരു ലഭിക്കുന്നതും.

ഏതാനും ദിവസങ്ങളായി അനക് ‘പൊട്ടിത്തെറി’യുടെ ലക്ഷണങ്ങള്‍ കാണിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും ജിയോളജിക്കല്‍ ഏജന്‍സി പറയുന്നു. ശനിയാഴ്ച വൈകിട്ട് നാലിന് ഏകദേശം 13 മിനുട്ടോളം അനക്കില്‍ നിന്ന് ചാരവും പുകപടലങ്ങളും വന്നിരുന്നു. ആയിരക്കണക്കിനു മീറ്റര്‍ ആകാശത്തേക്ക് ചാരം ചിതറിത്തെറിക്കുകയും ചെയ്തു. ഇതിനു പിന്നാലെ രാത്രി ഒന്‍പതോടെ അഗ്‌നിപര്‍വതം തീതുപ്പുകയായിരുന്നു. അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് കടലിന്നടിയിലെ ഫലകങ്ങളിലുണ്ടായ സ്ഥാനചലനമാണോ സൂനാമിക്കു കാരണമായതെന്നും പരിശോധിക്കുന്നുണ്ട്. കടലിലെ അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുമ്പോള്‍ ഇതു സംഭവിക്കാറുണ്ടെങ്കിലും വളരെ അപൂര്‍വമായിരിക്കുമെന്നു മാത്രം. കടല്‍വെള്ളം സ്‌ഫോടനത്തിനു പിന്നാലെ ഇരമ്പിയാര്‍ക്കുന്നതും പതിവാണ്. ഭൂകമ്പസൂചനകളൊന്നും ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് സൂനാമിക്കു പിന്നില്‍ അഗ്‌നിപര്‍വതമാണെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്.

ഞായറാഴ്ച ഉച്ച വരെ 168 പേര്‍ മരിച്ചു, 700 പേര്‍ക്കു പരുക്കേറ്റു എന്നാണ് ദുരന്ത നിവാരണ ഏജന്‍സി റിപ്പോര്‍ട്ട്. സൂനാമിയല്ല, വേലിയേറ്റമാണ് ഉണ്ടായതെന്ന ആദ്യ മുന്നറിയിപ്പിന് ഏജന്‍സി മാപ്പു പറയുകയും ചെയ്തു. ഒട്ടേറെ മരങ്ങള്‍ കടപുഴകി, റോഡുകള്‍ തകര്‍ന്നു. എല്ലുകളൊടിഞ്ഞാണ് ഭൂരിപക്ഷം പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒട്ടേറെ കേന്ദ്രങ്ങളും തയാറാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here