Home Breaking News നാടും വീടും വിഴുങ്ങി അമേരിക്കയെ വിറപ്പിച്ച് കാട്ടുതീ

നാടും വീടും വിഴുങ്ങി അമേരിക്കയെ വിറപ്പിച്ച് കാട്ടുതീ

1
0

വാഷിങ്ടണ്‍: ലോസാഞ്ചലസിനെ വിഴുങ്ങിയ കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് പടരുന്നു. കാട്ടുതീയില്‍ പെട്ട് മരണം പത്തായി. അയ്യായിരത്തിലേറെ വീടുകള്‍ ചാരമായെന്നാണ് കണക്കുകള്‍. ഒന്നര ലക്ഷം പേരെ കൂടി ഒഴിപ്പിക്കുകയാണ്. അതേസമയം, ആളില്ലാത്ത വീടുകളില്‍ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോര്‍ട്ടുകളും പുറത്തുവന്നു. മോഷണം നടത്തിയ ഇരുപത് പേര്‍ പൊലീസിന്റെ പിടിയിലായി. 5700 കോടി ഡോളറിന്റെ നഷ്ടമാണ് ഇതവരെ കണക്കാക്കിയത്. പുനര്‍നിര്‍മാണ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ജോ ബൈഡന്‍ അറിയിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ സംസ്ഥാനത്തെ വിവിധ മേഖലകളെയാണ് അസാധാരണ കാട്ടുതീ വിഴുങ്ങിയത്. ഈ പ്രദേശത്ത് വലിയ നാശമാണ് തീ ഉണ്ടാക്കിയിരിക്കുന്നത്. ലോസ് ആഞ്ചലസില്‍ നിന്നുള്ള കാഴ്ചകള്‍ നരക സങ്കല്‍പ കഥകളെ അനുസ്മരിപ്പിക്കുന്നതാണ്. ആളിപ്പടരുന്ന തീ, വീടുകളെയും കെട്ടിടങ്ങളെയും പാടെ വിഴുങ്ങിയാണ് മുന്നോട്ട് നീങ്ങുന്നത്
തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ശക്തമായ വരണ്ട കാറ്റ് ആഞ്ഞുവീശിയതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ട്. കാട്ടുതീയില്‍ ഇത് വരെ 10 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തിയമര്‍ന്നിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇറ്റലിയിലേക്കുള്ള യാത്ര പ്രസിഡന്റ് ബൈഡന്‍ റദ്ദാക്കിയിരുന്നു, കാലിഫോര്‍ണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഒഴിപ്പിച്ച വീടുകളില്‍ മോഷണം വ്യാപകമാകുന്നതാണ് സുരക്ഷാ സേന നേരിടുന്ന വലിയ വെല്ലുവിളി. നിരവധി വീടുകള്‍ ഇത്തരത്തില്‍ കൊള്ള ചെയ്യപ്പെട്ടു. പല കേസുകളിലായി 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
കാലിഫോര്‍ണിയയിലെ ആറിടത്താണ് തീ പടര്‍ന്ന് പിടിച്ചത്. സാന്റാമോണിക്കയ്ക്കും മാലിബുവിനും ഇടയില്‍ പാലിസാഡസ് തീപ്പിടുത്തം. 15,832 ഏക്കറോളമാണ് ഇവിടെ മാത്രം തീ വിഴുങ്ങിയത്. ഒരു ശതമാനം പോലും തീ അണയ്ക്കാനായില്ല. സാന്‍ ഗബ്രിയേല്‍ മലനിരകള്‍ക്ക് കീഴെ ഈറ്റണ്‍ മേഖലയിലാണ് തീപ്പിടുത്തമുണ്ടായത്. മേഖലയില്‍ പതിനായിരത്തി അറുന്നൂറ് ഏക്കറിലധികം തീ പടര്‍ന്നു. ആയിരത്തിലധികം കെട്ടിടങ്ങള്‍ നശിച്ചു. അഞ്ച് പേര്‍ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്. സാന്‍ ഫെര്‍ണാഡോയുടെ വടക്ക് ഹര്‍സ്റ്റ് മേഖലയിലും വലിയ തീപ്പിടുത്തമാണ് ഉണ്ടായത്.
850 ഏക്കറോളമാണ് ഇവിടെ കത്തിയമര്‍ന്നത്. വുഡ്‌ലി പാര്‍ക്കിനോട് ചേര്‍ന്നാണ് നാലാമത്തെ തീപിടിത്തമുണ്ടായത്. വെഞ്ച്യൂറ കൗണ്ടിയിലെ ഒലിവാസിലെ തീപ്പിടുത്തമാണ് അഞ്ചാമത്തേത്. ആക്ടണ്‍ പ്രദേശത്തെ ലിഡിയ മേഖലയിലും തീപ്പിടിത്തം ഉണ്ടായി. ഹോളിവുഡ് ഹില്‍സില്‍ പൊട്ടിപ്പുറപ്പെട്ട സണ്‍സറ്റ് തീപ്പിടുത്തമാണ് എറ്റവും ഒടുവിലത്തേത്. സെലിബ്രറ്റികളുടെ അടക്കം വാസസ്ഥലങ്ങള്‍ ഇവിടെ അപകട മേഖലയിലാണ്. ചെകുത്താന്‍ കാറ്റെന്ന് വിളിക്കുന്ന സാന്റ അന കാറ്റാണ് കാട്ടുതീകള്‍ക്ക് പിന്നിലെ ശക്തി. തീ അണയ്ക്കാന്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ചതോടെ ലോസ് ആഞ്ചല്‍സിലെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here