രാജ്യത്തിന്റെ പ്രകൃതിയെ തന്നെ അപകടപ്പെടുത്തുന്ന ഇഐഎ 2020 നിയമം സുപ്രീം കോടതി തടഞ്ഞ ദിവസമാണ് മൂന്നാറിലെ ഉരുൾപൊട്ടൽ സ്ഥലത്ത് മുഖ്യമന്ത്രി പിണറായിയും ഗവർണറും എത്തിയത്.
ഈ രണ്ട് സംഭവങ്ങളും യാദൃച്ഛികമാണെങ്കിലും പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ ഉണ്ടാകുന്ന വൻ ദുരന്തമാണ് പെട്ടിമുടി. മണ്ണിനടിയിൽപ്പെട്ട് മരിച്ച 55 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും കണ്ടെടുക്കാനുള്ളത് 16 പേരുടെ ചേതനയറ്റ ശരീരങ്ങളാണ്. ആ ദുരന്ത ഭൂമിയിൽ നിൽക്കുമ്പോഴെങ്കിലും മുഖ്യമന്ത്രിക്ക് പ്രകൃതിയെ സംരക്ഷിക്കണമെന്ന് തോന്നിയിട്ടുണ്ടാകാം.
ഇതെല്ലാം കാണുമ്പോൾ ഓർമ്മ വരുന്നത് മഹാകവി വൈലോപ്പിള്ളി സോഷ്യലിസ്റ്റ് സ്വപ്‌നം എന്ന കാഴ്ചപ്പാടിനെക്കുറിച്ച് എഴുതിയ കവിതയിലെ വരികളാണ്. ‘ഏത് സോഷ്യലിസ്റ്റ് രാജ്യത്തും കാക്ക വൃക്ഷത്തിലിരുന്ന് ഓന്തിനെ കൊത്തി വലിക്കും. അതേ വൃക്ഷത്തിൽ ഇത്തിൾ അതിന്റെ വേരുകൾ വൃക്ഷത്തിലേക്ക് ആഴത്തിൽ ഓടിക്കും’. ശക്തൻ അശക്തനെ കൊന്നു തിന്നുമെന്നും ചൂഷകൻ ചൂഷണം തുടർന്നു കൊണ്ടേയിരിക്കുമെന്നും മഹാകവി നമ്മെ ഓർമ്മപ്പെടുത്തുകയാണ്. സോഷ്യലിസവും കമ്മ്യൂണിസവും കേൾക്കാനും സ്വപ്‌നം കാണാനും സുഖമുള്ള കാര്യമാണ്. എന്നാൽ അവ യാഥാർത്ഥ്യമാകുമ്പോൾ എന്തായിരിക്കും സ്ഥിതിയെന്നാണ് കവി ദീർഘദർശനം ചെയ്തത്.
നമ്മൾ പറഞ്ഞുവന്നത് ഉറങ്ങിക്കിടന്നിരുന്ന പെട്ടിമുടിയിലെ പാവപ്പെട്ട മനുഷ്യരുടെ മുകളിലേക്ക് മലയും കല്ലും വെള്ളപ്പാച്ചിലും ഒഴുകിയെത്തിയപ്പോഴുണ്ടായ ദുരന്തത്തെക്കുറിച്ചാണ്. പുഴുക്കളെപ്പോലെ ആ മനുഷ്യർ മണ്ണിനടിയിൽ അമർന്നുപോയിട്ട് ഇന്നേക്ക് ഏഴു ദിവസം പിന്നിടുകയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി ഗവർണറുടെ അകമ്പടിയിൽ ദുരന്ത ഭൂമിയിൽ ഇന്നലെയെങ്കിലും എത്തിയതിന് അദ്ദേഹത്തെ നമുക്ക് അഭിനന്ദിക്കാം.
കഴിഞ്ഞ വർഷം പുത്തുമല, ഇത്തവണ അത് സംഭവിച്ചത് രാജമലയിലെ പെട്ടിമുടിയിലാണ്. പ്രകൃതിയെ കടന്നാക്രമിച്ച് റോഡുകളും പാലങ്ങളും ക്വാറികളും മണിമാളികകളും മലമുകളിൽ പണിയുമ്പോൾ വരും വർഷങ്ങളിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കും. അതുകൊണ്ടാണ് വികസനത്തിന്റെ പേരിൽ നടത്തുന്ന ഖനനം ഉൾപ്പെടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻപും ആഘാത പഠനം നടത്തണമെന്ന് പരിസ്ഥിതി നിയമം നിലവിലുള്ളത്. ആ നിയമത്തിൽ വെള്ളം ചേർത്തുകൊണ്ട് കേന്ദ്ര പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഇഐഎ 2020 ഡൽഹി ഹൈക്കോടതി നേരത്തെ തടഞ്ഞ നടപടിയാണ് ഇന്ന് സുപ്രീം കോടതി ശരിവച്ചത്. കരടുനിയമം ഇന്ത്യ പോലെ അനേകം ഭാഷകൾ സംസാരിക്കുന്ന രാജ്യത്ത് ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്. ഇതിനെതിരെയുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പോലും ഇതുകാരണം രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് കഴിയാതെ പോയി. ഇത് ചൂണ്ടിക്കാണിച്ചപ്പോഴാണ് ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും പരിസ്ഥിതിവാദികളുടെ ഹർജികൾ കേന്ദ്ര സർക്കാരിനെതിരെ തീർപ്പാക്കിയത്.
നമുക്ക് മൂന്നാറിലേക്ക് മടങ്ങിവരാം. മൂന്നാറിലെ വനമേഖല വെട്ടിത്തെളിച്ച് തേയിലത്തോട്ടം സ്ഥാപിക്കാൻ 1877ലാണ് രാജാവ് ജോൺ ഡാനിയേൽ മൺറോയ്ക്ക് അനുമതി കൊടുത്തത്. അന്ന് പാരിസ്ഥിതിക വിഷയങ്ങൾ തന്നെ ശാസ്ത്രീയമായി ഉയർന്നിരുന്നില്ല. എന്നിട്ടും മൂന്നാറിലെ നദീതീരത്തു നിന്നും 50 വാര അകലത്തേക്ക് ഒരു ഇടപെടലും നടത്തരുത് എന്ന് നിഷ്‌കർഷിക്കാൻ രാജാവ് ശ്രദ്ധിച്ചിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് രാജാവ് കാണിച്ച ആ തിരിച്ചറിവ് പോലും ഇന്നത്തെ ഭരണകർത്താക്കൾക്ക് ഇല്ലാതെ പോയി. കണ്ണൻ ദേവൻ എന്ന വിദേശ കമ്പനി ആദ്യ കാലത്ത് രാജാവിന്റെ കൽപനകൾ കൃത്യമായി പാലിച്ചിരുന്നു. 370 ചതുരശ്ര മൈൽ വനം വെട്ടിത്തെളിച്ചപ്പോഴുണ്ടായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ എന്തെന്ന് സായിപ്പിനും പിടിയില്ലാത്ത കാലമായിരുന്നു അത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 73 വർഷം കഴിഞ്ഞിട്ടും വിദേശ കുത്തകകൾ കയ്യടക്കിയ വനമേഖലകൾ ഇന്ത്യക്ക് കൈമാറാതെ തുടരുകയാണ്. ഇത് നിയന്ത്രിക്കാൻ 1969ൽ ഫെറാ നിയമം നിലവിൽ വന്നു. ഈ നിയമത്തെ ഭയന്ന് ടാറ്റക്ക് കണ്ണൻ ദേവൻ കൈമാറ്റം ചെയ്തുവെന്ന് പറയപ്പെടുന്ന ഭൂമിയുടെ രേഖകളാണ് 40 വർഷത്തോളം ഒരാളും തുറന്നുനോക്കാതെ വിദേശ ഇന്ത്യൻ കുത്തകകളോട് വിധേയത്വം കാണിച്ചത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ ഒരു സംഭവം ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. ഉമ്മൻചാണ്ടി സർക്കാർ വനം റവന്യൂ കേസുകൾ നടത്താനായി നിയമിച്ചിരുന്ന സ്‌പെഷ്യൽ ഗവ. പ്ലീഡർ സുശീല ഭട്ടിന് ഹൈക്കോടതിയിലുണ്ടായ അനുഭവമാണത്. ടാറ്റയുടെ കേസ് കോടതിയിലെത്തിയപ്പോൾ കരം അടച്ച രസീതും മുൻ ആധാരവും കാണിക്കാമോ എന്ന് ടാറ്റയെ സുശീല ഭട്ട് ഹൈക്കോടതിയിൽ വെല്ലുവിളിച്ചു. സുശീല ഭട്ടിന്റെ പ്രസ്താവന കേട്ടുകൊണ്ടിരുന്ന ജഡ്ജിയെ പോലും അത് ക്ഷുഭിതനാക്കി. ചോദ്യം ആവർത്തിച്ചാൽ 15 ലക്ഷം രൂപ പിഴയടയ്‌ക്കേണ്ടി വരുമെന്ന് ജഡ്ജി അഭിഭാഷകയെ ഓർമ്മിപ്പിച്ചു. 15 ലക്ഷത്തിന് ശിക്ഷിച്ചോളൂ, എന്നാലും പറഞ്ഞ വാക്കിൽ നിന്ന് പിൻമാറില്ലെന്ന് സുശീല ഭട്ട് തിരിച്ചടിച്ചു. ജഡ്ജി കേസ് നിർത്തിവച്ചു. പിന്നീട് നാല് ജഡ്ജിമാർ മാറിമാറി വന്നു. സുശീല ഭട്ടിനെ തളയ്ക്കാൻ കഴിയാതെ വന്നപ്പോൾ എങ്ങും തൊടാൻ പറ്റാത്ത വിധി പ്രസ്താവിച്ച് കോടതി ടാറ്റയോടുള്ള കൂറ് പ്രഖ്യാപിച്ചു. ടാറ്റയുടെ മൂന്നാറിലെ അടിവേര് സുശീല ഭട്ട് തോണ്ടുമെന്ന അവസ്ഥ വന്നപ്പോൾ മൂന്നാറിലെ ഇടതു നേതാക്കൾ ഇടപെട്ട് പിണറായി സർക്കാർ അവരെ നാടുകടത്തി.
കണ്ണൻ ദേവന്റെ കയ്യിൽ നിന്നും ഭൂമി ഏറ്റെടുത്ത ടാറ്റ ഈ കാലയളവിൽ എന്തെല്ലാമാണ് ചെയ്തത്? ടാറ്റ നദിയുടെ ഓരത്തുതന്നെ കെട്ടിടങ്ങൾ പണിതുയർത്തി. തേയിലക്കൃഷിക്ക് എന്ന പേരിൽ കൈമാറ്റം ചെയ്യപ്പെട്ട മൂന്നാർ തുണ്ടുകളാക്കി വിൽപന നടത്തി റിസോർട്ടുകളും വൻ കെട്ടിടങ്ങളും പണിതു. തൊഴിലാളികളുടെ ഉടമസ്ഥത എന്ന വൻ തട്ടിപ്പ് ലോകത്തിൽ ഏറ്റവും സമർത്ഥമായി നടത്തിയ സ്ഥാപനമാണ് ടാറ്റ. ടാറ്റയ്ക്ക് മാത്രമേ തൊഴിലാളികൾ തേയില കൈമാറാൻ പാടുള്ളൂ എന്ന നിയമം അടിച്ചേൽപ്പിക്കുമ്പോഴും ഇതിന്റെ എല്ലാം ഉടമസ്ഥർ തൊഴിലാളികളാണെന്ന് വരുത്തിത്തീർത്തു. കൂലിക്കൂടുതലിനു വേണ്ടി രണ്ടു കൊല്ലം മുൻപ് പെമ്പിളൈ ഒരുമൈ പ്രക്ഷോഭം നടത്തിയത് ഈ തൊഴിലാളി ഉടമസ്ഥത എന്ന തട്ടിപ്പിനെ ചോദ്യം ചെയ്തുകൊണ്ടാണ്. കൂലി കൂടുതൽ ഉണ്ടാകാതിരിക്കാൻ ടാറ്റയും കങ്കാണികളും വിജയിച്ചപ്പോഴും ടാറ്റ തൊഴിലാളികളുടെ ഉടമസ്ഥതയെക്കുറിച്ച് വാചാലനായി. നേരത്തെ പറഞ്ഞ മഹാകവിയുടെ വരികൾ ഇവിടെയാണ് യാഥാർത്ഥ്യമാകുന്നത്. ശക്തൻ അശക്തനെ കൊന്നുതിന്നുന്ന അവസ്ഥ.
കണ്ണൻ ദേവൻ കമ്പനി അടിമ തൊഴിലാളികൾക്കു വേണ്ടി മലഞ്ചെരിവുകളിൽ ലയങ്ങൾ നിർമ്മിക്കുമ്പോൾ അതിന് മുകളിൽ നിബിഢ വനമായിരുന്നു. വനത്തിലെ വൻ മരങ്ങളുടെ വേര് മണ്ണൊലിച്ച് പോകാതെ അവർക്ക് കാവലായി നിലയുറപ്പിച്ചു. എന്നാൽ ടാറ്റയുടെ കാലം മുതൽ എല്ലാം അട്ടിമറിക്കപ്പെട്ടു. ഒറ്റമുറി ലയങ്ങളിൽ അഞ്ചും പത്തും പേർ ജീവിക്കുന്ന അവസ്ഥ അങ്ങനെയാണ് ഉണ്ടായത്.
യുപിഎ സർക്കാരിന്റെ കാലത്ത് ഗാഡ്ഗിൽ കമ്മിറ്റി നൽകിയ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ നടക്കുന്ന വൻ ചൂഷണങ്ങളെ തടയാൻ കഴിയുമായിരുന്നു. യുപിഎ സർക്കാർ നിയമിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ അവസ്ഥ എന്താണെന്നുപോലും ഇപ്പോൾ ആർക്കും അറിയില്ല. ഗാഡ്ഗിൽ കമ്മിറ്റിയിലെ അംഗങ്ങളെല്ലാം രാഷ്ട്രീയത്തിനതീതമായി പ്രകൃതിയെ സ്‌നേഹിക്കുന്നവരും അറിയപ്പെടുന്ന പരിസ്ഥിതിവാദികളുമായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ പള്ളിക്കാരും പട്ടക്കാരും രാഷ്ട്രീയക്കാരും കേരളത്തിൽ ഉയർത്തിയ സമരാഭാസങ്ങൾ വിളിച്ചുവരുത്തിയതാണ് 2018ലെയും 19ലെയും 20ലെയും പ്രളയങ്ങൾ. ഈ കമ്മിറ്റി ചൂണ്ടിക്കാണിച്ച കാര്യമായിരുന്നു രാജമല അതിലോല പരിസ്ഥിതി ദുർബല പ്രദേശമാണെന്ന്. കനത്ത മഴയിൽ ഈ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനുള്ള സാധ്യതയുണ്ടെന്ന് ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സ്വാഭാവിക വനത്തിന് പകരം കെട്ടിടങ്ങൾ, റോഡുകൾ തുടങ്ങിയവ വന്നാൽ അത് പ്രതിരോധത്തെ തകർക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.
പെട്ടിമുടിയിൽ തണുത്തുറഞ്ഞ മണ്ണിൽ പുതഞ്ഞുപോയ ദളിത് സഹോദരങ്ങൾക്ക് എന്ത് ഇൻഷൂറൻസ് കവറേജ് ഉണ്ടെന്ന് ആർക്കെങ്കിലും അറിയുമോ? ടാറ്റ എന്ത് നഷ്ടപരിഹാരമാണ് നൽകുക? അഭിമന്യൂ പോയപ്പോൾ വിളിച്ച ആ വിളി ഓർക്കുന്നില്ലേ? നാൻ പെറ്റ മകനേ… കേരളത്തിലാകെ മുഴങ്ങുന്നത് ഇടനെഞ്ച് കീറിമുറിക്കുന്ന ആ നിലവിളിയാണ്. മുഖ്യമന്ത്രിയും ആ വിളി കേൾക്കുന്നില്ലേ?
കടപ്പാട്: എംപി കുഞ്ഞിക്കണാരൻ








