തിരുവനന്തപുരം: കോവിഡ് രോഗം ഒരു കുറ്റമോ, രോഗികൾ കുറ്റവാളികളോ അല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗബാധിതരുടെ സ്വകാര്യത പോലീസ് അന്വേഷിക്കുന്നതും അവരുടെ ടെലിഫോൺ രേഖകൾ പരിശോധിക്കുന്നതും നഗ്‌നമായ നിയമലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ പോലീസ് കഴിഞ്ഞ കുറേ മാസങ്ങളായി കോവിഡ് ബാധിതരായ രോഗികളുടെ ടെലിഫോൺ വിവരങ്ങൾ ചോർത്തുകയാണ്. മുഖ്യമന്ത്രിയും ഡിജിപിയും നൽകിയ ഈ ഉത്തരവുകൾ മൗലികാവകാശത്തിന്റെ ലംഘനമാണ്. ഹൈക്കോടതിയും സുപ്രീം കോടതിയും പുറപ്പെടുവിച്ചിട്ടുള്ള വിധികൾ അനുസരിച്ചുതന്നെ പോലീസിന് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ നിയമപരമായ അവകാശമില്ല. ഇതുമായി ബന്ധപ്പെട്ട ഇന്ത്യൻ ടെലഗ്രാഫ് നിയമം പാർലമെന്റ് പാസാക്കിയതാണ്. ഈ നിയമം ലംഘിച്ചുകൊണ്ട് പോലീസിന് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ അനുമതി നൽകിയ ഡിജിപിയുടെ നടപടി ഗുരുതരമായ നിയമ ലംഘനമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
കേസിൽ അകപ്പെടുന്ന തീവ്രവാദികളുടെ വിവരങ്ങളോ, രാജ്യരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങളിലോ ഇത്തരം നടപടികൾ പോലീസിന് സ്വീകരിക്കാം. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് രോഗബാധിതരായ മനുഷ്യരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും ആരാണ് അനുമതി നൽകിയത്? കോവിഡ് ബാധിതരുടെ കോൺടാക്ട് ട്രേസിംഗിനാണത്രെ പോലീസിന്റെ ഈ നടപടി. ടെലിഫോണിലൂടെ എങ്ങനെയാണ് ഇത് കണ്ടെത്തുക? ഒരു ടവർ ലൊക്കേഷന്റെ പരിധിയിൽ എത്രയോ രോഗികളുണ്ടാവും. അവരുടെ കോൺടാക്ട് കണ്ടുപിടിക്കാൻ ടെലിഫോൺ ചോർത്തുന്നത് പ്രായോഗികവുമല്ല. ഇത്തരം കാര്യങ്ങൾ കണ്ടുപിടിക്കാനാണല്ലോ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിനെ ചുമതലപ്പെടുത്തിയത്? അവർ ഈ ജോലികൾ ഫലപ്രദമായി ചെയ്യുന്നുണ്ടെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. സ്പ്രിംഗ്ലർ കരാറിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മിഷൻ ഇപ്പോൾ എവിടെയാണെന്നും ചെന്നിത്തല ചോദിച്ചു. അവരിൽ ഒരാൾ മുഖ്യമന്ത്രിയുടെ ഉപദേശകനായി മാറി. മാസങ്ങൾ കഴിഞ്ഞിട്ടും അവരുടെ അന്വേഷണ റിപ്പോർട്ട് എന്തായി എന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യ പ്രവർത്തകർക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പോലീസിന് ചെയ്യാൻ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണ്. പോലീസിനെ കയറൂരി വിട്ട് പോലീസ് രാജ് ആക്കി മാറ്റാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.








