ന്യൂഡൽഹി: ഇന്ത്യ ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്!വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിൻറെ പശ്ചാത്തലത്തിൽ ആദ്യപ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. ചൈനയാണ് ധാരണ ലംഘിച്ച്, നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യയുമായി ചൈന ഉണ്ടാക്കിയ ധാരണ ലംഘിച്ചെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കും എന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുന്നു. വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവയാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
ജൂൺ ആറിന് ഇരുരാജ്യങ്ങളും സൈനിക തലത്തിൽ നടത്തിയ ചർച്ചകളിൽ തർക്കം ചർച്ചകളിലൂടെ പരിഹരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഈ ധാരണ ലംഘിച്ചത് ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ചൈനീസ് സേന ഏകപക്ഷീയമായി ഇന്ത്യൻ ഭാഗത്തേക്ക് വന്നതുകൊണ്ടും ഇന്ത്യയുമായുണ്ടാക്കിയ സമവായം ലംഘിച്ചതുകൊണ്ടുമാണ് പ്രശ്‌നങ്ങളുണ്ടായതെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു.
സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുഭാഗങ്ങളിലും ആൾനാശം സംഭവിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്വത്തോടെ മുന്നോട്ടുപോകണമെന്ന ആഗ്രഹമാണുള്ളത്. ഇന്ത്യ ഒരിക്കലും നിയന്ത്രണ രേഖ കടക്കില്ല. അതിർത്തിക്കുള്ളിൽ നിന്നുകൊണ്ടുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഈ ധാരണ ചൈനയും മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.





