ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യചൈന സംഘർഷത്തിൽ ഇരുപതോളം ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാരിലെ ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരത്തെ അടിസ്ഥാനപ്പെടുത്തി വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷത്തിൽ 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇരു സേനകളും തമ്മിൽ ഏറ്റുമുട്ടിയതിൽ കൊല്ലപ്പെട്ട സൈനികരുടെ സംഖ്യ ഇനിയും ഉയരാമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.
നേരത്തെ ഒരു ഓഫീസറുൾപ്പെടെ മൂന്നു സൈനികർ വീരമൃത്യു വരിച്ചതായാണ് വാർത്തകൾ വന്നിരുന്നത് 20 ഇന്ത്യൻ സൈനികർ വീരമൃത്യം വരിച്ചതായി ടൈംസ് നൌ, സീ ന്യൂസിന്റെ ഉടമസ്ഥതയിലുള്ള വിയോൺ എന്നിവ റിപ്പോർട്ട് ചെയ്തു. 10 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായാണ് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.10ലേറെ സൈനികരെ തടവിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സംഭവവികാസങ്ങളുടെ പാശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി്.
സംഘർഷം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളിലേയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നതിനിടെയായിരുന്നു ഇത് ലംഘിച്ച് ചൈനീസ് സൈന്യം ആക്രമികച്ചത് എന്നാണ് റിപ്പോർട്ടുകൾ.
ഒന്നര മാസം മുമ്പാണ് ഇന്ത്യൻ ലഡാക്കിലെ ഇന്ത്യൻ അതിർത്തിയിൽ ചൈന കൈയേറ്റം നടത്തിയത്. ഇതേ തുടർന്നുള്ള സംഘർഷാവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യയുടെയും ചൈനയുടെയും സൈനിക ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച ചർച്ച നടത്തിയിരുന്നു. ചർച്ചയെ തുടർന്ന് ചൈനയുമായുള്ള പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ.
മെയ് മാസത്തിൽ ചൈന നടത്തിയ കൈയേറ്റ പ്രദേശങ്ങളിൽനിന്ന് പിൻവാങ്ങി ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ചൈന അംഗീകരിച്ചില്ലെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ട്. ഗാൽവാൻ നദിയുടെ തീരപ്രദേശം മുഴുവൻ തങ്ങളുടെതാണെന്ന നിലപാട് ചൈന യോഗത്തിൽ മുന്നോട്ടുവെയ്ക്കുകയാണ് ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടി ലഫ്.ജനറൽ ഹരീന്ദർ സിംങും ചൈനയുടെ പിപ്പീൾസ് ലിബറേഷൻ ആർമിക്ക് വേണ്ടി ലിയോ ലിനുമാണ് അന്ന് ചർച്ചയിൽ പങ്കെടുത്തത്.
അതിനിടെ തിങ്കളാഴ്ച രാത്രി ഇന്ത്യൻ സൈന്യം നടത്തിയ കടന്നുകയറ്റമാണ് അതിർത്തിയിലെ സ്ഥിതിഗതികൾ വഷളാക്കിയതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി അവകാശപ്പെട്ടു. രണ്ട് തവണ ഇന്ത്യൻ സൈന്യം അതിർത്തി കടന്നു, ചൈനീസ് സൈനികർക്ക് നേരെ ആക്രമണം നടത്തിയെന്നും ചൈന കുറ്റപ്പെടുത്തി. ഇതേതുടർന്നാണ് ശാരീരിക ആക്രമണം നടന്നതെന്ന് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കരുതെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായും ചൈന പറഞ്ഞു.
ലഡാക്കിലെ ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ചവരിൽ കേണൽ ബി സന്തോഷ് ബാബു എന്ന സൈനിക ഓഫീസർ ഉൾപ്പെടുന്നു. കഴിഞ്ഞ ഡിസംബറിലാണ് സന്തോഷ് ബാബു മേഖലയിലെ കമാന്ററായി ചുമതലയേറ്റത്.





