Home Breaking News പുഴുവരിക്കുന്നത് ആരുടെ മനസ്സിൽ? ( EDITORIAL)

പുഴുവരിക്കുന്നത് ആരുടെ മനസ്സിൽ? ( EDITORIAL)

1
0

ജീവനുള്ള മനുഷ്യശരീരത്തിൽ പുഴുക്കൾ അരിച്ചു നടക്കുന്നത് കേരളം കണ്ടതാണ്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് പുഴുവരിക്കുന്നത് ഈ സംഭവത്തെക്കുറിച്ച് വിമർശനം ഉയർത്തുന്നവരുടെ മനസ്സിലാണെന്നാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട വട്ടിയൂർക്കാവ് സ്വദേശി അനിലിന്റെ ദേഹമാസകലം പുഴുവരിച്ച സംഭവമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സംഭവത്തിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് ഡോക്ടർമാരെയും നഴ്സുമാരെയും തിരിച്ചെടുക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഡോക്ടർമാരും ഐഎംഎയും സമര രംഗത്ത് ഇറങ്ങിയതോടെയാണ് ആരോഗ്യ വകുപ്പ് നടപടിയിൽ നിന്ന് പിൻവാങ്ങിയത്. പുഴുവരിക്കുന്നത് ആരോഗ്യവകുപ്പ് എന്ന സംവിധാനത്തെയാണ്. അതിന് ചികിത്സ ഡോക്ടർമാരെയും നഴ്സുമാരെയും ബലി കൊടുക്കുകയല്ല എന്നായിരുന്നു സർക്കാർ ഡോക്ടർമാരുടെ നിലപാട്. ഇതിനെതിരെ കഴിഞ്ഞ ദിവസം എത്ര തന്മയത്വത്തോടെയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രതികരിച്ചത്?
ആരോഗ്യ വകുപ്പിനെതിരെ പുഴുവരിക്കുന്നു എന്ന ആരോപണം ഞെട്ടലോടെയാണ് കേട്ടതെന്നും അത് ഏറെ വേദനിപ്പിച്ചെന്നും ഡോക്ടർമാർ അങ്ങനെ പറഞ്ഞിരിക്കാനിടയില്ലെന്നുമാണ് ശൈലജ ടീച്ചർ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരോഗ്യ മന്ത്രി നടത്തിയ ചർച്ചയുടെ ഫലമായിട്ടാണ് സർക്കാർ ഡോക്ടർമാരും നഴ്സുമാരും നടത്തിവന്ന പണിമുടക്ക് കഴിഞ്ഞ ദിവസം തന്നെ പിൻവലിച്ചത്. മഹാമാരിയെ നേരിടുന്ന ഈ സന്ദർഭത്തിൽ ഡോക്ടർമാർ സമരം ചെയ്താൽ ഉണ്ടാകാവുന്ന ആപത്ത് തിരിച്ചറിഞ്ഞുകൊണ്ടാണ് ആരോഗ്യമന്ത്രി അവരുമായി ഒത്തുതീർപ്പിലെത്തിയത്. അതിനെ തുടർന്നാണ് ഇന്നലെ സസ്പെൻഷൻ നടപടികൾ ആരോഗ്യ വകുപ്പ് പിൻവലിച്ചത്.
എല്ലാം കഴിഞ്ഞപ്പോഴാണ് ഐഎംഎക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി രംഗത്തുവന്നത്. പുഴുവരിക്കുന്നു എന്നുപറഞ്ഞവരുടെ മനസ്സിലാണ് പുഴുവരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. ഐഎംഎ എന്നുപറയുന്നത് കേവലം ഒരു സംഘടനയാണ്. അവർ വിദഗ്ധരല്ല. വിദഗ്ധ സമിതിയുടെ നേതൃത്വത്തിലാണ് കോവിഡിനെതിരെ ആരോഗ്യവകുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രഗത്ഭരായ ഡോക്ടർമാരുടെ ഒരേ ഒരു സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സംഘടനാ പ്രവർത്തനത്തോടൊപ്പം ആരോഗ്യ മേഖലയിൽ ഐഎംഎ നൽകുന്ന സംഭാവനകൾ ആർക്കും തള്ളിക്കളയാനാവില്ല. കോവിഡിന്റെ തുടക്കം മുതൽ ഡോക്ടർമാരും അവരുടെ സംഘടനയും നഴ്സുമാരും അവരുടെ സംഘടനകളും നടത്തിവരുന്ന പ്രവർത്തനങ്ങൾ ആർക്കും കുറച്ചുകാണാനാവില്ല.
ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന തരത്തിലാണ് ആരോഗ്യ വകുപ്പിലെ ചില ഉന്നതരുടെ നടപടികളെന്നാണ് ഐഎംഎയുടെ ആരോപണം. ചികിത്സാരംഗത്ത് അഭിപ്രായം പറയേണ്ടതും രോഗികളെ രക്ഷിക്കേണ്ടതും ഡോക്ടർമാർ തന്നെയാണ്. ഈ ചുമതല ഏറ്റെടുക്കാൻ മുഖ്യമന്ത്രിക്കോ, ആരോഗ്യ മന്ത്രിക്കോ നേരിട്ട് കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. കോവിഡിനെ ആദ്യ ഘട്ടങ്ങളിലെല്ലാം ഫലപ്രദമായി നേരിട്ടത് കേരളത്തിലെ സർക്കാർ ഡോക്ടർമാർ തന്നെയാണ്. ലോകമാകെ കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ ഇക്കാര്യത്തിൽ പ്രശംസിക്കുകയും ചെയ്തു. ആ കയ്യടികൾ ലഭിച്ചത് ആരോഗ്യ വകുപ്പ് ഭരിക്കുന്ന മന്ത്രി ശൈലജക്കും സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്കും തന്നെയായിരുന്നു.
എന്നാൽ ആരോഗ്യ പ്രവർത്തകർ ചെയ്തുകൊണ്ടിരുന്ന ജോലികൾ പോലീസിനെ ഏൽപ്പിച്ചതോടെയാണ് അപസ്വരങ്ങൾ തുടങ്ങിയത്. കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കുന്നതും രോഗവ്യാപനം തടയുന്നതുമെല്ലാം പോലീസാണെന്ന് വരുത്തിത്തീർക്കാൻ ശ്രമങ്ങളുണ്ടായി. ക്ലീനിംഗ് സ്റ്റാഫ് മുതൽ ഡോക്ടർ വരെയുള്ള ആരോഗ്യ പ്രവർത്തകർക്ക് തന്നെയാണ് കോവിഡ് നിയന്ത്രിക്കാനുള്ള മുഖ്യ ചുമതലയെന്ന് പിന്നീട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പറയേണ്ടി വന്നു. ആരോഗ്യ പ്രവർത്തകരെ സഹായിക്കുക മാത്രമാണ് പോലീസിന്റെ ദൗത്യം. കോവിഡിനെ ഫലപ്രദമായി നേരിടണമെങ്കിൽ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന സന്ദേശമാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നൽകുന്നത്.
ആദ്യ ഘട്ടത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒത്തൊരുമയോടെയാണ് കോവിഡിനെ പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുഖ്യമന്ത്രി വരെയുള്ള നേതാക്കൾ നേരിട്ടത്. പിന്നീട് പ്രതിപക്ഷവും ബിജെപിയും പല കാരണങ്ങൾ കൊണ്ട് രക്ഷാപ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്നു. രോഗം പടർന്നു പിടിക്കുകയും മരണനിരക്ക് കൂടുകയും ചെയ്തു. രോഗത്തിന്റെ വ്യാപനം പതിമൂന്ന് ശതമാനത്തിലേക്ക് വരെ ഉയർന്നപ്പോഴാണ് സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചത്. സർക്കാരിനെതിരെ നടത്തിവന്നിരുന്ന സമരം പോലും പിൻവലിക്കാൻ പ്രതിപക്ഷം തയ്യാറായി. ഈ ഘട്ടങ്ങളിലെല്ലാം പഞ്ചായത്ത് തലത്തിലുള്ള പ്രാദേശിക നേതാക്കൾ രാഷ്ട്രീയത്തിനതീതമായി പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. ഈ യാഥാർത്ഥ്യം ആർക്കും നിഷേധിക്കാനാവില്ല.
ഗ്രാമതലങ്ങളിൽ രാഷ്ട്രീയവ്യത്യാസമില്ലാതെയാണ് കോവിഡിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളും കൈകോർത്തത്. അവരെയെല്ലാം കൂട്ടിയോജിപ്പിക്കാൻ സർക്കാരിനും പ്രതിപക്ഷത്തിനും കഴിയാതെ വന്ന സന്ദർഭങ്ങളിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയത്. രോഗവ്യാപനവും മരണ നിരക്കും ദിവസം തോറും ഉയർന്നു. മാസങ്ങളോളം പത്തിൽ താഴെയായിരുന്നു മരണ സംഖ്യ എങ്കിൽ ഇപ്പോഴത് ആയിരത്തിലേക്ക് അടുക്കുകയാണ്. രോഗവ്യാപനം തുടക്കത്തിൽ നൂറിന് താഴെയായിരുന്നുവെങ്കിൽ ഇപ്പോൾ അത് ഏഴായിരവും എട്ടായിരവും കടന്ന് പതിനായിരത്തിലേക്ക് അടുക്കുകയാണ്.
ദേശീയതലത്തിൽ തന്നെ രോഗവ്യാപനത്തിന്റെ കാര്യത്തിൽ കേരളം ഏറെ മുന്നിലാണ്. മരണനിരക്കിൽ ഇപ്പോഴും പിന്നിലാണ് എന്നതാണ് ആശ്വാസകരം. ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരെയും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുക്കാൻ സർക്കാരിന് കഴിയണം. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ മൊറൈൽ തകർത്താൽ അത് അപകടം ക്ഷണിച്ചുവരുത്തും. മുഖ്യമന്ത്രി പറയുന്നതുപോലെ ആരോഗ്യ രംഗത്തുണ്ടായ സംഭവങ്ങൾ ഒറ്റപ്പെട്ടതാകാം. ആംബുലൻസിലെ പീഡനവും പുഴുവരിച്ച സംഭവവും മൃതദേഹം മാറിയതും കോവിഡ് വാർഡുകളിലെ ആത്മഹത്യകളും ഒറ്റപ്പെട്ട സംഭവങ്ങളായി തന്നെ കേരളീയർ കാണുകയായിരുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെ ശത്രുക്കളായി കാണാൻ പാടില്ല.
തുടക്കം മുതൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തിയവരാണ് കേരളത്തിലെ മാധ്യമങ്ങൾ. അക്കാര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി തുറന്നുസമ്മതിക്കുകയും ചെയ്തു. നിപയുടെ കാലത്തും ഇപ്പോഴും മാധ്യമങ്ങൾ നൽകുന്ന പിന്തുണ ഒരിക്കലും മറക്കില്ല എന്നാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞത്. തഴക്കം വന്ന ഒരു നേതാവിനെ പോലെയാണ് ഡോക്ടർമാരുടെ സമരത്തെയും പുഴുവരിച്ച മാധ്യമ വാർത്തകളെയും ആരോഗ്യ മന്ത്രി നേരിട്ടത്. അതിനെക്കാൾ വൈഭവത്തോടെ വിമർശനങ്ങളെ നേരിടേണ്ട മുഖ്യമന്ത്രിയാകട്ടെ, ഐഎംഎക്കെതിരെ ഇന്നലെ നടത്തിയ പ്രസ്താവന കൈവിട്ട കളിയാണ്.
ഡോക്ടർമാരെ മൂലയ്ക്കിരുത്തി കോവിഡ് രക്ഷാപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ഒരു സർക്കാരിനും കഴിയില്ല. മാധ്യമങ്ങളെയും മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കാനും റിപ്പോർട്ട് ചെയ്യാനും ഭൂരിപക്ഷം മാധ്യമങ്ങളും ഒരു മടിയും കാണിച്ചിട്ടില്ല. പ്രളയ കാലങ്ങളിലായാലും കോവിഡ് കാലത്തായാലും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾക്ക് മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യം രാജ്യത്ത് മറ്റൊരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാർക്ക് ലഭിച്ചിട്ടില്ല. ഇത് കാണാനുള്ള ആർജ്ജവമാണ് മുഖ്യമന്ത്രി കാണിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here