Home Kerala പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ വിശദീകരണം; ജാതിയോ മതമോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ വിശദീകരണം; ജാതിയോ മതമോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും

6
0

തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തി എന്ന് കാണിച്ച് ജില്ലാ കലക്ടര്‍ നല്‍കിയ നോട്ടീസിന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിശദീകരണം നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മറുപടി നല്‍കി.

ശബരിമലയുടെ പശ്ചാത്തലത്തില്‍ വോട്ടു ചോദിച്ച സംഭവത്തിലാണ് തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ജില്ലാ കലക്ടര്‍ ടി വി അനുപമക്ക് മുന്‍പാകെ വിശദീകരണം നല്‍കിയത്. വിശദീകരണം നല്‍കാന്‍ അനുവദിച്ച 48 മണിക്കൂര്‍ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ദൈവത്തിന്റെ പേരോ മതചിഹ്നമോ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള മറുപടി.

സാമുദായിക-മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു. വിശദമായ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും ഇതിനായി പ്രസംഗത്തിന്റെ സിഡിയുടെ പകര്‍പ്പ് വേണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ശബരിമല വിഷയം ഉന്നയിച്ച് വോട്ട് തേടിയതിന് തൃശൂരിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. ടി.വിഅനുപമയുടെ നടപടി തിരഞ്ഞെടുപ്പ് കമ്മീണര്‍ ടീക്കാറാം മീണ ശരിവയ്ക്കുകയും സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

48 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ തയ്യാറാക്കിയ സമഗ്രമായ വിശദീകരണകുറിപ്പ് കേന്ദ്ര നേതൃത്വത്തിന് അയച്ച് അനുമതി തേടിയെങ്കിലും അതില്‍ ഭേദഗതി വരുത്തി സമര്‍പ്പിക്കാന്‍ ജില്ലാ നേതൃത്വത്തിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് ഭേദഗതികളോടെയാണ് ബി.ജെ.പി ചീഫ് ഇലക്ഷന്‍ ഏജന്റ് മുഖേന വിശദീകരണം സമര്‍പ്പിച്ചത്. വിശദീകരണക്കുറിപ്പ് പരിശോധിച്ച ശേഷം മുഖ്യവരണാധികാരികൂടിയായ ജില്ലാകളക്ടര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here