മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടണമെങ്കില്‍ 1995 ലെ ഫോര്‍മുലയിലായിരിക്കണമെന്ന ഉപാധിവെച്ച് ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന മഹാരാഷ്ട്രയില്‍ ശിവസേനയുടെ ഈ ആവശ്യത്തോട് ബിജെപി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആകെയുള്ള 288 സീറ്റുകളില്‍ ശിവസേന 171 സീറ്റുകളിലും ബി.ജെ.പി 117 സീറ്റുകളിലും മത്സരിച്ചതാണ് 1995-ലെ ഫോര്‍മുല. അന്ന് ശിവസേന 73 സീറ്റുകളിലും ബി.ജെ.പി 65 സീറ്റുകളിലും ജയിക്കുകയും സേനയുടെ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുയും ചെയ്തിരുന്നു. അതേ സമയം 2014-ല്‍ ഇരുപാര്‍ട്ടികളും ഒറ്റയ്ക്കൊറ്റക്ക് മത്സരിച്ചപ്പോള്‍ ബി.ജെ.പിക്ക് 122 സീറ്റുകള്‍ ലഭിച്ചു.
ശിവസേനക്ക് 63 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഇതിനിടെ ബ.ിജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയെ തിങ്കളാഴ്ച സഖ്യചര്‍ച്ചകള്‍ക്കായി ഫോണില്‍ വിളിച്ചു. ലോക്സഭയില്‍ 50-50 ഫോര്‍മുലയില്‍ മത്സരിക്കാമെന്നാണ് ബി.ജെ.പിയുടെ വാഗ്ദ്ധാനം. നിയമസഭയിയിലും സമാനമായ ഫോര്‍മുല ആകാമെന്നും ബി.ജെ.പി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിയേക്കാള്‍ കൂടുതല്‍ സീറ്റുകളും മുഖ്യമന്ത്രിപദവും വേണമെന്നാണ് ശിവസേന ഉപാധിവെക്കുന്നത്.ലോക്സഭയിലേയും നിയമസഭയിലേയും മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ സേന തയ്യാറാണ്. എന്നിരുന്നാലും ആര്‍ക്കെങ്കിലും സഖ്യം വേണമെങ്കില്‍ അത് ഞങ്ങളുടെ മുന്നില്‍ വെക്കട്ടെ. അവര്‍ക്ക് ഡല്‍ഹി ഭരിക്കാന്‍ സാധിക്കും. എന്നാല്‍ മഹാരാഷ്ട്രയില്‍ നേട്ടം ഞങ്ങള്‍ക്കായിക്കുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.










