Home Breaking News ബ്രിട്ടാസിന് രഹസ്യങ്ങൾ അറിയില്ല

ബ്രിട്ടാസിന് രഹസ്യങ്ങൾ അറിയില്ല

1
0

സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌

തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്തപ്പോൾ ജനം ടിവി അനിൽ നമ്പ്യാരെ തള്ളിപ്പറഞ്ഞത് കടന്ന കയ്യായി പോയെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. ആ നടപടി പരിഹാസ്യമായിപ്പോയി എന്നുപറഞ്ഞ മുഖ്യമന്ത്രി ജോൺ ബ്രിട്ടാസിനെക്കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോൾ സ്വന്തം മാധ്യമ ഉപദേഷ്ടാവിനെ അതേ പത്രസമ്മേളനത്തിൽ തന്നെ തള്ളിപ്പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിൽ നാലരക്കോടിയുടെ കമ്മിഷൻ ഇടപാട് നടന്നിട്ടുണ്ടെന്ന് അങ്ങയുടെ മാധ്യമ ഉപദേഷ്ടാവ് ബ്രിട്ടാസ് പറയുകയും മന്ത്രി ഐസക്ക് അത് ശരിവയ്ക്കുകയും ചെയ്തില്ലേ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് മാധ്യമ ഉപദേഷ്ടാവിന് ഉപദേശം നൽകാനല്ലാതെ മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത്. മാധ്യമ ഉപദേഷ്ടാവ് ചാനലിൽ പറഞ്ഞതുകൊണ്ട് നടപടിയെടുക്കാനാവില്ല. സർക്കാരിന് സർക്കാരിന്റെതായ നടപടിക്രമങ്ങളുണ്ട്. മാധ്യമ ഉപദേഷ്ടാവ് ബ്രിട്ടാസ് സ്ഥിരമായി മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ആളല്ല. ആവശ്യം വന്നാൽ ഉപദേശം തേടാൻ വേണ്ടി മാത്രമാണ് അദ്ദേഹത്തെ സമീപിക്കുന്നത്. സർക്കാർ ഫയലുകൾ ഉപദേഷ്ടാവ് കാണാറില്ല. സർക്കാരിന്റെ രഹസ്യങ്ങൾ അറിയുന്ന ആളുമല്ല മാധ്യമ ഉപദേഷ്ടാവെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി. ബ്രിട്ടാസ് അദ്ദേഹത്തിന് കിട്ടിയ വിവരങ്ങളാണ് പറഞ്ഞത്. സർക്കാരിന് മുന്നിൽ അത്തരം വിവരങ്ങളില്ല. റെഡ് ക്രസന്റും ഏതെങ്കിലും കരാറുകാരും തമ്മിലുണ്ടായ ഇടപാട് സംബന്ധിച്ച് ലഭിച്ച വിവരങ്ങളാവും മാധ്യമ ഉപദേഷ്ടാവ് ചാനലിലൂടെ പറഞ്ഞത്. അങ്ങനെ പറയാൻ അദ്ദേഹത്തിന് നിയമപരമായ തടസങ്ങളില്ല. ഉപദേഷ്ടാവ് പറഞ്ഞ കാര്യങ്ങൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റെഡ് ക്രസന്റ് ചെയ്യുന്ന കാര്യങ്ങളിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ ശേഖരിച്ച് വരുന്നതേയുള്ളൂ. അന്വേഷണം വേണമോ എന്ന് പരിശോധന കഴിഞ്ഞ് തീരുമാനിക്കും. പ്രതിപക്ഷ നേതാവിന് ആഴ്ചകൾ കഴിഞ്ഞിട്ടും ലൈഫ് പദ്ധതിയുടെ ധാരണാപത്രം നൽകിയില്ലെന്ന് പരാതിയുണ്ടല്ലോ? എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
ആരോപണങ്ങൾ ചിരിച്ചുതള്ളുമ്പോൾ താങ്കളുടെ ഓഫീസിലുള്ളവർക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നാണല്ലോ പറയുന്നത് എന്ന വനിതാ മാധ്യമ പ്രവർത്തകയുടെ ചോദ്യം കേട്ട് മുഖ്യമന്ത്രി ക്ഷുഭിതനായി. വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം. അങ്ങനെ ചെയ്യുന്നത് എപ്പോഴും നല്ലതാണ്. എം.ശിവശങ്കറും അരുൺ ബാലചന്ദ്രനും ഒരുകാലത്ത് എന്റെ ഓഫീസിൽ ഉണ്ടായിരുന്നു. അവരെ ഒഴിവാക്കി. ശിവശങ്കറെ സസ്പെന്റ് ചെയ്തു. അതുകൊണ്ട് ബന്ധമുള്ളവർ എന്റെ ഓഫീസിലുണ്ടായിരുന്നു എന്നുവേണം പറയാൻ. എൻഐഎയുടെ അന്വേഷണം ശരിയായ വഴിക്ക് നടക്കട്ടെ. സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ വൈകുന്നു എന്ന് പരാതിയുണ്ടല്ലോ? ദൃശ്യങ്ങൾ നൽകാൻ സമയമെടുക്കും. ദൃശ്യങ്ങൾ ആർക്കെങ്കിലും പൂഴ്ത്തിവയ്ക്കാൻ കഴിയുമോ? മുഖ്യമന്ത്രി ചോദിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ ആരെങ്കിലും എടുത്തുമാറ്റിയോ? ക്ഷോഭത്തോടെ മുഖ്യമന്ത്രി പ്രതികരിച്ചു. കാലവിളംബം ഉണ്ടായില്ലേ? അത് അന്വേഷണ ഏജൻസിയോട് ചോദിക്കണം. അന്വേഷണം നമ്മളല്ലല്ലോ നടത്തുന്നത്? അന്വേഷണം നടത്താൻ നിങ്ങളും പുറപ്പെടരുത്. അതാണ് വേണ്ടത്. മാധ്യമ ഉപദേഷ്ടാവ് കിട്ടിയ വിവരം മുഖ്യമന്ത്രിയെ അറിയിക്കേണ്ടതായിരുന്നില്ലേ? മാധ്യമ ഉപദേഷ്ടാവുമായി നിങ്ങളുടെ ചാനലിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് തീർക്കാൻ ആ വഴിയ്ക്ക് നോക്കൂ. അതിനുവേണ്ടി എന്നോട് ചോദിക്കേണ്ട കാര്യമില്ല.
അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതോടെ അന്വേഷണം പുരോഗമിക്കുമ്പോൾ പലരുടെയും നെഞ്ചിടിപ്പ് കൂടും എന്നു പറഞ്ഞത് ശരിയായിരിക്കുകയാണോ? പലരുടെയും നെഞ്ചിടിപ്പ് കൂടും എന്ന് തുടക്കത്തിൽ ഞാൻ പറഞ്ഞു. എൻഐഎയുടെ അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ചിലർ ശ്രമിച്ചപ്പോഴാണ് അങ്ങനെ പറഞ്ഞത്. അതേ നിലപാടിൽ ഇപ്പോഴും താൻ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകട്ടെ. കേന്ദ്ര മന്ത്രി വി.മുരളീധരനെ ഉദ്ദേശിച്ചാണോ അങ്ങനെ പറഞ്ഞത്? എന്ന ചോദ്യത്തിന് വ്യക്തിപരമായി ആരെയും പേരെടുത്ത് പറയുന്നില്ല. അന്വേഷണം മുന്നോട്ടുപോകുമ്പോൾ ഉന്നതരായ പലരുടെയും ബന്ധം പുറത്തുവരും – അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷനെക്കുറിച്ചുള്ള അടുത്ത ചോദ്യത്തിനും പരിശോധിക്കുന്നു, വിവരങ്ങൾ കിട്ടിക്കഴിഞ്ഞാൽ നടപടി സ്വീകരിക്കും എന്നായിരുന്നു മറുപടി.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരോപണം ഉയർന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുക മാത്രമല്ല, അറസ്റ്റ് ചെയ്യുകയും ചെയ്തില്ലേ? അന്നത്തെ കാര്യങ്ങളിൽ ആ സർക്കാർ എടുത്ത നിലപാടുകൾ ആലോചിച്ചാൽ മതി. അന്ന് എന്തെല്ലാം നടന്നു? സോളാർ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ച് ഞാൻ വീണ്ടും പറയണോ? സോളാർ റിപ്പോർട്ടിൽ എന്ത് നടപടി സ്വീകരിച്ചു? അന്വേഷണം നടക്കുകയാണ്. അവസാനിച്ചിട്ടില്ല. നടപടികളുണ്ടാവും. അതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം എന്ന് താക്കീത് ചെയ്യപ്പെട്ട വനിതാ മാധ്യമ പ്രവർത്തക വീണ്ടും ചോദ്യം ഉന്നയിച്ചു. നേരത്തെ ഉണ്ടായിരുന്ന സെക്രട്ടറിക്കും ഐടി ഫെല്ലോക്കും ബന്ധമുണ്ടായിരുന്നില്ലേ? എന്ന ചോദ്യത്തിന് മറുപടി കിട്ടിയില്ല എന്നോർമ്മിപ്പിച്ചപ്പോൾ അവരെല്ലാം നേരത്തെ ഉണ്ടായിരുന്നു എന്നുവേണമായിരുന്നു നിങ്ങൾ പറയേണ്ടിയിരുന്നത്. അങ്ങനെ പറയാത്തതു കൊണ്ടാണ് അതിന് മറുപടിയും കിട്ടാതെ പോയത്. മന്ത്രി സുധാകരന്റെ മകന് ജനം ടിവിയിൽ ഷെയറുണ്ടല്ലോ എന്ന ചോദ്യത്തിന് എനിക്കറിയില്ല. എന്തെങ്കിലും വിളിച്ചുപറയാൻ ശ്രമിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മാഹി പാലം തകർന്നതിൽ സംസ്ഥാന സർക്കാരിന് പങ്കുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം എന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ പതിവുപോലെ പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം എന്തെങ്കിലുമൊക്കെ പറയും. പഞ്ചവടിപ്പാലം എന്നു പറയുന്നതുകേട്ടു. പഞ്ചവടിപ്പാലത്തെക്കുറിച്ച് ചെന്നിത്തല ഓർക്കുന്നത് നല്ലതാണ്. നേട്ടത്തിൽ അഭിമാനിക്കുന്നവർ പരാജയവും ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ മാഹി പാലത്തിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തി. യുഡിഎഫ് ഭരണകാലത്ത് തടസപ്പെട്ടിരുന്ന നാഷണൽ ഹൈവെയാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് യാഥാർത്ഥ്യമാക്കിയത്. ഹൈവെ വികസനം യാഥാർത്ഥ്യമാക്കാനാണ് ശ്രമിച്ചത്. പാലത്തിന്റെ ചെലവിൽ ഒരുഭാഗം ചെലവിടാൻ സംസ്ഥാനം തയ്യാറായി. മുഴുവൻ പണവും നമ്മളല്ല എടുത്തത്. ഭൂമി ഏറ്റെടുക്കൽ നടപടി യുഡിഎഫ് സർക്കാർ ചെയ്യാതിരുന്നു. വികസനം നടക്കാതെ പോയത് അതുകൊണ്ടാണ് സംസ്ഥാന സർക്കാർ കേന്ദ്ര മന്ത്രിയെ കണ്ട് വികസനം വേഗത്തിലാക്കി. അപ്പോൾ പകുതി ചെലവ് സംസ്ഥാനം എടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 25 ശതമാനം സംസ്ഥാനം നൽകാൻ തയ്യാറായി. യുഡിഎഫ് കാലത്ത് അതൊന്നും നടന്നില്ല. എൽഡിഎഫ് പ്രവർത്തനം കാര്യക്ഷമമാക്കി. അതുകൊണ്ട് അഭിമാന പദ്ധതി എന്നുതന്നെ പറയാം. നിർമ്മാണ പ്രവർത്തനത്തിന്റെ ചുമതല വഹിച്ചത് കേന്ദ്രമാണ്. ടെൻഡർ വിളിച്ചതും കരാർ നൽകിയതും ഗുണനിലവാരം ഉറപ്പുവരുത്തിയതും എല്ലാം ദേശീയപാത അതോറിറ്റിയാണ്. ഒരു ചുമതലയും സംസ്ഥാന സർക്കാരിനില്ല. ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര മന്ത്രി ഗഡ്കരിയും ഞാനും കേന്ദ്ര സഹമന്ത്രി മുരളീധരനും പങ്കെടുത്തു. ഇതൊന്നും അറിയാത്ത ആളല്ല പ്രതിപക്ഷ നേതാവ്. ഒന്നിലേറെ തവണ മന്ത്രിയായ ആളാണ്. വിഭ്രാന്തി മൂത്ത് എന്തെല്ലാമോ പറയുന്നു. കോൺഗ്രസിനകത്ത് ഇപ്പോൾ നടക്കുന്ന തർക്കം അറിയാമല്ലോ? ആരെല്ലാമാണ് ബിജെപിയോട് മൃദുത്വം പാലിക്കുന്നത് എന്ന തർക്കമാണ്. രമേശ് ചെന്നിത്തല ഏതു വിഭാഗത്തിലാണെന്ന് എല്ലാവർക്കും അറിയാം. ഇതെല്ലാം മറയ്ക്കാനാണ് പാലത്തിന്റെ പ്രശ്നം സർക്കാരിന്റെ പിടലിക്ക് വയ്ക്കാൻ നോക്കുന്നത്. യുഡിഎഫ് സർക്കാർ മനസ് വെച്ചിരുന്നെങ്കിൽ കുതിരാൻ തുരങ്കം എന്നേ യാഥാർത്ഥ്യമാകുമായിരുന്നു. ആലപ്പി ബൈപ്പാസിന്റെ തടസം റെയിൽവേ മേൽപ്പാലമായിരുന്നു. ഇതെല്ലാം എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ട് പഞ്ചവടിപ്പാലം എന്നുപറയുന്നതിനു പകരം പഞ്ചവടിപ്പാലത്തിനെക്കുറിച്ച് ഓർക്കുന്നതാകും നന്നാവുക – മുഖ്യമന്ത്രി പറഞ്ഞു.
കെപിസിസി പ്രസിഡന്റിനും മാധ്യമങ്ങൾക്കുമെതിരെ നിയമ മന്ത്രി ബാലൻ നടപടിയെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ? എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിന് പരാതി നൽകുന്നത് ഒരു സമ്പ്രദായമല്ലേ? അത് ധർമ്മമല്ലേ? അത്തരം ഒരു ഘട്ടം വരുന്നതുകൊണ്ടാണ് മന്ത്രി അങ്ങനെ പറഞ്ഞത്. അതിൽ ഒരു പിശകുമില്ല. നിയമ നടപടിയെടുക്കുമെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പ്രതിഫലിച്ചത്.
പിഎസ്സിക്കെതിരെ വിമർശനം ഉയർത്തിയവരെ ചെയർമാൻ അയോഗ്യരാക്കുന്നത് ശരിയാണോ? പബ്ലിക് സർവ്വീസ് കമ്മിഷൻ ഒരു കൊള്ളരുതാത്ത സ്ഥാപനമാണോ? അതിന്റെ വിശ്വാസ്യതയെ തകർക്കാൻ ശ്രമിക്കുന്നത് ശരിയാണോ? അങ്ങനെ സംഭവിക്കുമ്പോൾ നടപടിയെടുക്കാതിരിക്കാൻ കഴിയുമോ? മറുചോദ്യങ്ങൾ ചോദിച്ചുകൊണ്ട് പിഎസ്സി ഏർപ്പെടുത്തിയ വിലക്ക് ന്യായമാണെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here