Home National മധ്യപ്രദേശും മിസോറമും നാളെ പോളിങ് ബൂത്തിലേക്ക്

മധ്യപ്രദേശും മിസോറമും നാളെ പോളിങ് ബൂത്തിലേക്ക്

1
0

ഭോപ്പാല്‍: മധ്യപ്രദേശും മിസോറമും നാളെ പോളിങ് ബൂത്തിലേക്ക്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു, രണ്ടു സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11 നാണു വോട്ടെണ്ണല്‍.

മിസോറമിലെ 40 നിയമസഭാ സീറ്റുകളിലേക്ക് 201 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാന്‍ മിസോ നാഷണല്‍ ഫ്രണ്ടും(എം.എന്‍.എഫ്) കച്ചകെട്ടിയപ്പോള്‍ പ്രചാരണരംഗവും ചൂടേറി. തുടര്‍ച്ചയായി മൂന്നാമതും ഭരണം നിലനിര്‍ത്താനാണു മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് ജയം. എം.എന്‍.എഫ്. അഞ്ചു സീറ്റിലൊതുങ്ങി. മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ് ഒരു സീറ്റ് നേടി. സഖ്യകക്ഷിയായിരുന്ന ബി.ജെ.പിയെ അവഗണിച്ച് ഇക്കുറി മുഴുവന്‍ സീറ്റിലും എം.എന്‍.എഫ്. മത്സരിക്കുന്നു. ബി.ജെ.പിയും 39 സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. രണ്ടു രാഷ്ട്രീയ പാര്‍ട്ടികളും നാലു ഗ്രൂപ്പുകളും ചേര്‍ന്ന സോറം പീപ്പിള്‍സ് മൂവ്മെന്റും 35 സീറ്റുകളില്‍ മത്സരിക്കുന്നു.

മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്ക് 2,907 സ്ഥാനാര്‍ഥീകളാണു മത്സരരംഗത്തുള്ളത്. 15 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനഭരണം കൈയാളുന്ന ബി.ജെ.പി. മുഴുവന്‍ സീറ്റിലും മത്സരിക്കുന്നു. 229 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ബി.എസ്.പി, എസ്.പി, ആം ആദ്മി പാര്‍ട്ടി എന്നിവരും മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ തുടര്‍ഭരണം ലക്ഷ്യമിടുന്ന ബി.ജെ.പിക്കെതിരേ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണു കോണ്‍ഗ്രസ് പോരാടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here