Home Politics മധ്യപ്രദേശ് ബി.ജെ.പിയില്‍ കൂറുമാറ്റപ്പേടി; നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

മധ്യപ്രദേശ് ബി.ജെ.പിയില്‍ കൂറുമാറ്റപ്പേടി; നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

2
0

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ച മധ്യപ്രദേശില്‍ നാല് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറ്റം നടത്താന്‍ നീക്കം. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി പാര്‍ട്ടിയിലെത്തിയ നാല് ബി.ജെ.പി എം.എല്‍.എമാരെ പഴയപാളയത്തിലേക്ക് തിരിച്ചെത്തിക്കാനുള്ളനീക്കം സജീവമാണെന്ന് ബി.ജെ.പി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളും ബി.ജെ.പിയ്ക്ക് 109 അംഗങ്ങളുമാണ് ഉള്ളത്. നാല് വിമതന്‍മാരും രണ്ട് ബിഎസ്പി അംഗങ്ങളും ഒരു എസ്പി അംഗവും കോണ്‍ഗ്രസിനെ പിന്തുണച്ചതോടെ അവര്‍ക്ക് 121 പേരുടെ പിന്തുണയായി.
ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാനാലാണ് പഴയ കോണ്‍ഗ്രസുകാരായ എം.എല്‍.എമാരെ തിരിച്ച് എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. വിജയ രാഗോഗഢ് എം.എല്‍.എ സഞ്ജയ് പഥക്, ശിവനി എം.എല്‍.എ മുന്‍മുന്‍ റായ്, സിയോണി എം.എല്‍.എ സ്വദേശ് റായ്, മനാസ എം.എല്‍.എ അനിരുദ്ധ മാരൂ എന്നിവര്‍ കൂറുമാറുമോ എന്നതാണ് ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നത്.
മുഖ്യമന്ത്രിയായ കമല്‍നാഥ് നിയമസഭാംഗമല്ലാത്തതിനാല്‍ ആറ് മാസത്തിനുള്ളില്‍ അദ്ദേഹം ജയിച്ച് അംഗമാകണം. എന്നാല്‍ കമല്‍നാഥിനായി ബി.എസ്.പിയോ സ്വതന്ത്ര എം.എല്‍.എമാരോ രാജിവെക്കില്ലെന്ന് ഉറപ്പാണ്. അതിനാലാണ് ബി.ജെ.പി എം.എല്‍.എമാരെ ചാക്കിടാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വേണമെങ്കില്‍ ബി.ജെ.പിയ്ക്കും കോണ്‍ഗ്രസ് എം.എല്‍.എമാരെ മറുഭാഗം ചാടിക്കാനുള്ള ശ്രമങ്ങള്‍ നടത്താം. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വീക്ഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കര്‍ണാടക അനുഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഒരു ബി.ജെ.പി നേതാവ് പത്രത്തോട് പ്രതികരിച്ചു.
രാഷ്ട്രീയ നീക്കങ്ങളിലും തന്ത്രങ്ങള്‍ മെനയുന്നതിലും കമല്‍നാഥിനെ അഗ്രഗണ്യനായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അംഗ സംഖ്യ തികയ്ക്കാനുള്ള നീക്കങ്ങള്‍ കമല്‍നാഥിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ബി.ജെ.പിക്ക് ഉറപ്പുണ്ട്. അതിനാല്‍ തങ്ങളുടെ എം.എല്‍.എമാരെ സംരക്ഷിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് ബി.ജെ.പി ഇപ്പോള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്തെ ഭരണ പ്രതിസന്ധി രൂക്ഷമാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

LEAVE A REPLY

Please enter your comment!
Please enter your name here