Home Kerala മനിതി സംഘത്തെ പമ്പയില്‍ തടഞ്ഞ് പ്രതിഷേധക്കാര്‍; യുവതികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു; പൊലീസിന്റെ അനുനയചര്‍ച്ച പരാജയപ്പെട്ടു

മനിതി സംഘത്തെ പമ്പയില്‍ തടഞ്ഞ് പ്രതിഷേധക്കാര്‍; യുവതികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു; പൊലീസിന്റെ അനുനയചര്‍ച്ച പരാജയപ്പെട്ടു

1
0

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി കൂട്ടായ്മയിലെ വനിത സംഘത്തെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നടന്നു കയറുന്നത് ഭക്തര്‍ തടഞ്ഞു. കാനനപാതയില്‍ കുത്തിയിരുന്ന് നാമജപ പ്രതിഷേധം അടക്കം നടത്തിയാണ് ഭക്തര്‍ ഇവരെ തടഞ്ഞത്. മനിതി സംഘത്തിലെ യുവതികള്‍ പമ്പയില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. ശബരിമല ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്നാണ് സംഘം വ്യക്തമാക്കുന്നത്.

കമ്പംമേട് ചെക്ക്പോസ്റ്റ് വഴിയാണ് സംഘം എത്തിയത്. ഇതിനിടെ ഇവരുടെ കെട്ട് നിറയ്ക്കാനായി പൂജാരിമാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇവര്‍ സ്വയമെ കെട്ട് നിറയ്ക്കുകയായിരുന്നു. 11 അംഗ സംഘത്തിലെ ആറ് പേരാണ് കെട്ട് നിറച്ച് മല ചവിട്ടാന്‍ ഒരുങ്ങിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഒന്നും തന്നെ ശബരിമലയില്‍ എത്തിയിട്ടില്ല. മനിതി സംഘവും പോലീസും നടത്തിയ അനുനയ ചര്‍ച്ചയും പരാജയപ്പെട്ടു.

അതേസമയം ദര്‍ശനത്തിന് പോലീസ് വ്യക്തമായ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മനിതി സംഘത്തിലെ തിലകവതി വ്യക്തമാക്കി. മാത്രമല്ല തങ്ങള്‍ക്ക് പിന്നാലെ മനിതി സംഘത്തിലെ മറ്റൊരു സംഘവും ഉടന്‍ എത്തുമെന്ന് ഇവര്‍ പറഞ്ഞു. ദര്‍ശനം നടത്താതെ പിന്നോട്ടില്ലെന്നും തിലകവതി വ്യക്തമാക്കി. തങ്ങള്‍ക്ക് സുരക്ഷ നല്‍കി ശബരിമല ദര്‍ശനം നടത്തിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്ന് മനിതി സംഘം നേതാവ് സെല്‍വി വ്യക്തമാക്കി.

നേരത്തെ മുണ്ടക്കയം വണ്ടന്‍ പതാലില്‍ ബിജെപി പ്രവര്‍ത്തകര്‍ മനിതി സംഘത്തെ തടയാന്‍ ശ്രമിച്ചിരുന്നു. പൊലീസ് ലാത്തിചാര്‍ജ് നടത്തിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടുകയായിരുന്നു. കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴിയാണ് യുവതികളുടെ സംഘം കേരളത്തില്‍ പ്രവേശിച്ചത്.

രണ്ട് സംഘങ്ങള്‍ കൂടി അധികം വൈകാതെ കേരളത്തിലെത്തുമെന്ന് ഇവരുടെ നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് പേജില്‍ പറയുന്നു. മനിതി കൂട്ടായ്മയിലെ വനിതകള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് യാത്ര തുടരാനായത്.

ഇടുക്കിയിലും കോയമ്പത്തൂരിലുമടക്കം ഉയര്‍ന്ന പ്രതിഷേധം മറികടന്നാണ് റോഡ് മാര്‍ഗം പൊലീസ് സുരക്ഷയില്‍ എത്തുന്ന സംഘം കേരളത്തില്‍ പ്രവേശിച്ചത്. തമിഴ്‌നാട്-കേരള പൊലീസ് ഒരുക്കിയ ശക്തമായ സുരക്ഷയുടെ ബലത്തിലാണ് പ്രതിഷേധക്കാരെ മറികടന്ന് സംഘം കേരളത്തില്‍ എത്തിയത്.

ശനിയാഴ്ച്ച ഉച്ചയോടെ ചെന്നൈയില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടക സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഈ നീക്കം പൊളിച്ചു. തമിഴ്‌നാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് കേരള അതിര്‍ത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു. തീര്‍ത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോള്‍ ദേശീയപാത ഉപരോധിച്ചു കൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തെങ്കിലും പൊലീസ് ഇവരെ പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കി.

LEAVE A REPLY

Please enter your comment!
Please enter your name here