
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് രണ്ടു പതിറ്റാണ്ടിന്റെ പഴക്കം. ഈരാറ്റുപേട്ടയിലെ എട്ടോളം സര്‍ക്കാര്‍ ഓഫീസുകള്‍ വാടക ക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ്, കൃഷിഭവന്‍, വാട്ടര്‍ അഥോറിറ്റി ഓഫീസ്, എഇ ഓഫീസ്, കെഎസ്ഇബി സെക്ഷന്‍ ഓഫീസ്, മാര്‍മല ഇലക്ട്രോ പ്രോജക്ട് ഓഫീസ് എന്നീ ഓഫീസുകള്‍ക്കായി മാസംതോറും ലക്ഷക്കണക്കിനു രൂപയാണ് വാടക നല്‍കാനായി സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിക്കുന്നത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ സിവില്‍ സ്റ്റേഷന്‍ ഇല്ലാത്തതാണ് ഇത്രയധികം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ടായത്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനോട് അനുബന്ധിച്ച് നഗരഹൃദയത്തില്‍ 2.25 ഏക്കര്‍ സ്ഥലം നിലവിലുണ്ട്. ഇവിടെ അഞ്ചു നിലകളിലായി ക്വാര്‍ട്ടേഴ്സ് പണിയാനായി ഒരേക്കര്‍ സ്ഥലം മാറ്റിവച്ച് ബാക്കി സ്ഥലം മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ ഉപയോഗ്യമാണെന്ന് സംസ്ഥാന നഗര ആസൂത്രണ വകുപ്പ് പ്ലാനിംഗ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, നഗരസഭ അധികൃതരോടൊപ്പം പ്രസ്തുത സ്ഥലം സന്ദര്‍ശിച്ചിരുന്നു.ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിതമായാല്‍ ലക്ഷക്കണക്കിനു രൂപ മാസ വാടക ഇനത്തില്‍ സര്‍ക്കാരിനു ലാഭിക്കാന്‍ സാധിക്കും. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി ഈരാറ്റുപേട്ടയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് മിനി സിവില്‍ സ്റ്റേഷന്‍ വളരെയേറെ പ്രയോജനപ്പെടും.







