പെര്‍ത്ത്: സ്ലെഡ്ജിങ്ങിന്റെ ആശാന്‍ന്മാരെന്ന് പേരുകേട്ടവരാണ് ഓസീസ് താരങ്ങള്‍. ഓസ്ട്രേലിയയില്‍ കളിക്കാനെത്തുന്ന താരങ്ങള്‍ക്ക് തീ പാറുന്ന പന്തുകള്‍ക്കൊപ്പം ചൂടുള്ള വാക്കുകളും നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്നെയാണ് ഈ മാറ്റത്തിനു പിന്നില്‍. കളിക്കളത്തിലെ കോഹ്‌ലിയുടെ അതിവൈകാരികമായ പെരുമാറ്റം ഓസ്‌ട്രേലിയക്കാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിനം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്നുമായി കോഹ്‌ലി കോര്‍ക്കുകയും ചെയ്തിരുന്നു. അമ്പയര്‍ ക്രിസ് ജെഫാനി തൊട്ടടുത്ത് നില്‍ക്കെയാണ് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.
പരമ്പരയുടെ തുടക്കം മുതലുള്ള കോഹ്‌ലിയുടെ അതിവൈകാരിക പ്രകടനത്തിനെതിരെ ഇപ്പോള്‍ മുന്‍ താരങ്ങള്‍ പലരും രംഗത്തെത്തിയിരിക്കുകയാണ്. മികച്ച ബാറ്റ്സ്മാനായതു കൊണ്ടാണ് ഇത്തരം പെരുമാറ്റം ചിലരെങ്കിലും അംഗീകരിക്കുന്നത്.
എങ്കിലും കോഹ്‌ലിയുടെ ചില രീതികള്‍ ശരിയല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. കോഹ്‌ലിക്ക് ആത്മനിയന്ത്രണം നഷ്ടമായിരിക്കുന്നു എന്ന് മുന്‍ ഓസീസ് താരം മൈക്കിള്‍ ഹസിയും പ്രതികരിച്ചു. എന്നാല്‍ കോഹ്‌ലി മഹാനായ കളിക്കാരനാണെന്നും അദ്ദേഹം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്നുമായിരുന്നു മത്സര ശേഷം നഥാന്‍ ലിയോണ്‍ പ്രതികരിച്ചത്. പെര്‍ത്ത് ടെസ്റ്റിലെ നാലാം ദിനത്തിലെ ആദ്യ സെഷനിലാണ് ടിം പെയ്നും വിരാട് കോഹ്‌ലിയും തമ്മില്‍ കൊമ്പു കോര്‍ത്തത്. ക്യാ
പ്റ്റന്‍മാര്‍ അതിരുവിടുന്നതു കണ്ട ജെഫാനി പ്രശ്‌നത്തില്‍ ഇടപെട്ടു. ക്യാപ്റ്റന്‍മാരാണെന്ന കാര്യം മറക്കരുതെന്ന് അമ്പയര്‍ ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കി. ഓസീസ് ഇന്നിങ്‌സിന്റെ 71-ാം ഓവറിലായിരുന്നു സംഭവം. ഉസ്മാന്‍ ഖ്വാജയ്‌ക്കൊപ്പം ഓസീസ് ഇന്നിങ്‌സിനെ മികച്ച രീതിയില്‍ ടിം പെയ്ന്‍ മുന്നോട്ടുനയിക്കുന്നതിനിടെ കോലി ഓസീസ് ക്യാപ്റ്റനെ പ്രകോപിപ്പിക്കുകയായിരുന്നു. റണ്‍ പൂര്‍ത്തിയാക്കാന്‍ പെയ്ന്‍ ഓടുന്നതിനിടയിലാണ് ഇത്.










