കാസര്‍കോട്: മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വേഗമേറിയ സെഞ്ചുറി നേടി കേരളത്തിന്റെ അഭിമാനമായ മുഹമ്മദ് അസ്ഹറുദീന് ജന്മനാടിന്റെ സ്വീകരണം. അസ്ഹറുദീന്റെ നാട്ടിലേക്കുള്ള വരവ് ഔദ്യോഗിക സ്വീകരണത്തിന് മുന്നേ സുഹൃത്തുക്കളും തളങ്കര ക്രിക്കറ്റ് ക്ലബ്ബും ചേര്‍ന്ന് ആഘോഷമാക്കി.ലോക ക്രിക്കറ്റിന് മുന്‍പില്‍ കാസര്‍കോടിനെ അടയാളപ്പെടുത്തിയ പ്രിയ സുഹൃത്തിനെ കാണാന്‍ നാടൊന്നാകെ ഒത്തു ചേര്‍ന്നു. മുഹമ്മദ് അസ്ഹറുദീന്‍ അവര്‍ക്കിടയിലെക്ക് എത്തിയപ്പോള്‍ ആവേശം വാനോളം ഉയര്‍ന്നു. ക്രീസില്‍ തീപാറുന്ന പന്തുകളെ നേരിടുമ്പോഴും കാസര്‍കോട് തരുന്ന ഊര്‍ജ്ജം മനസ്സില്‍ സൂക്ഷിക്കുകയാണ് ഈ യുവ താരം. പിറന്ന മണ്ണിന് അസ്ഹറുദീന്‍ നന്ദി പറഞ്ഞു.മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സ് കഴിഞ്ഞാണ് അസ്ഹറുദീന്‍ നാട്ടിലെത്തിയത്.ക്രിക്കറ്റ് ക്ലബ് ടി.സി.സിയും സാംസ്‌കാരിക സംഘടനയായ ടാസും ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയത്.













