
ബദിയഡുക്ക: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയ്ക്കനുവദിച്ച ഉക്കിനടുക്കയിലെ കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് കാലത്ത് ചികിത്സ ആരംഭിക്കുകയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുകയും എന്നാല്‍ ഇപ്പോള്‍ ഒപി ഉടന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം ബാക്കിയാക്കി ഉള്ള ജീവനക്കാരെക്കൂടി ജില്ലയില്‍നിന്നും സ്ഥലംമാറ്റി മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സംരക്ഷണ കവചം തീര്‍ത്തു. ഡിസംബര്‍ ആദ്യവാരം ഒപി ആരംഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായിരിക്കുകയാണ്. ജില്ലയിലെ രോഗികളോടുള്ള ഈ ക്രൂരതയ്ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന് തുടക്കംകുറിച്ചാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രവര്‍ത്തകരെ അണിനിരത്തി മെഡിക്കല്‍ കോളജ് സംരക്ഷണ യുവജന കവചം ഒരുക്കിയത്. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ പാവപ്പെട്ട രോഗികളോടുള്ള സര്‍ക്കാരിന്റ മനുഷ്യത്വരഹിതമായ സമീപനം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തോടൊപ്പം ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മെഡിക്കല്‍ കോളജിനെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍ അധ്യക്ഷതവഹിച്ചു. കെപിസിസി സെക്രട്ടറി കെ. നീലകണ്ഠന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ജെ.എസ്. സോമശേഖര, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, ജില്ലാ ഭാരവാഹികളായ കാര്‍ത്തികേയന്‍ പെരിയ, ഇസ്മയില്‍ ചിത്താരി, സത്യനാഥന്‍ പത്രവളപ്പില്‍, രാജേഷ് തമ്പാന്‍, ഉനൈസ് ബേഡകം, ഷോണി കെ. തോമസ്, അസംബ്ലി പ്രസിഡന്റുമാരായ മാത്യു ബദിയടുക്ക, സിയാദ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുരായ കുഞ്ചാര്‍ മുഹമ്മദ് ഹാജി, ബി.എസ്. ഗംഭീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഒപി ആരംഭിച്ച് മെഡിക്കല്‍ കോളജിന്റെ സമ്പൂര്‍ണ പ്രവര്‍ത്തനം വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രദീപ്കുമാര്‍ അറിയിച്ചു.







