
ഷില്ലോങ്ങ്: മേഘാലയയില്‍ കിഴക്കന്‍ ജെയ്ന്‍തിയ പര്‍വതമേഖലയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 പേരെ ഇതുവരെ കണ്ടെത്താനായില്ല. മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 2 സംഘവും സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെ സംഘവും ഉള്‍പ്പെടെ നൂറിലേരെ പേര്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം. ഖനിയില്‍ ബോട്ടില്‍ എത്തിച്ചേരാവുന്നിടത്തോളം ഭാഗത്തേക്കു പോയെങ്കിലും ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല. അറുപതാള്‍ ആഴത്തില്‍, 370 അടി താഴെയാണ് 13 പേരും കുടുങ്ങിക്കിടക്കുന്നത്.
മഴ മാറിയെങ്കിലും ചെളിയും കല്‍ക്കരിപ്പൊടിയും കലങ്ങിയ വെള്ളമാണ് തെരച്ചില്‍ ദുഷ്‌കരമാക്കുന്നത്. ഖനിയ്ക്കകത്ത് വെളിച്ചവും കുറവ്. നിലവില്‍ 70 അടി ഉയരത്തില്‍ വെള്ളം കയറിയിട്ടുണ്ട്. ഖനിക്കുള്ളില്‍ പല വഴികളായി പിരിയുന്ന അറകളുള്ളതും അന്വേഷണം തടസ്സപ്പെടുത്തുന്നു. ഖനിയുടെ ഉള്ളറയുടെ മാപ്പില്ലാത്തതും തിരിച്ചടിയായി. അനധികൃത ഖനിയുടെ ഉടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നതിനു പിന്നാലെ ഇയാള്‍ ഒളിവിലാണ്.
ബുധനാഴ്ച രാത്രി അപ്രതീക്ഷിതമായുണ്ടായ മിന്നല്‍ പ്രളയത്തില്‍ സമീപത്തെ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ വെള്ളം ഖനിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. ബംഗ്ലദേശ് അതിര്‍ത്തിയോടു ചേര്‍ന്ന ഈ മേഖലയിലെ ഖനികളെല്ലാം നിയമവിരുദ്ധവും സുരക്ഷാസംവിധാനങ്ങളില്ലാത്തതുമാണ്.
‘എലിമടകള്‍’ എന്നറിയപ്പെടുന്ന ഇത്തരം ഖനികളില്‍ കുട്ടികള്‍ അടക്കമുള്ള തൊഴിലാളികള്‍ നൂറുകണക്കിനു അടി ആഴത്തിലേക്ക് മുളഏണി വച്ചിറങ്ങിയാണു കല്‍ക്കരി ശേഖരിക്കുക. ഭൂഗര്‍ഭജലം മലിനമാക്കുന്നുവെന്നു കാണിച്ച് 2014ല്‍ ഇത്തരം ഖനികളുടെ പ്രവര്‍ത്തനം ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചതാണ്. ഉപേക്ഷിക്കപ്പെട്ട ഖനികളില്‍ പലതും പക്ഷേ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു അനധികൃത ഖനിയില്‍ ഇറങ്ങിയ ഗ്രാമീണരാണ് കുടുങ്ങിയത്.
വ്യാഴാഴ്ച രാവിലെയാണ് ഇക്കാര്യം പൊലീസ് അറിഞ്ഞത്. ഒരാഴ്ച മുന്‍പു മാത്രമാണ് ഇവിടെ അനധികൃത ഖനനം ആരംഭിച്ചതെന്നും പൊലീസ് പറഞ്ഞു. അസമില്‍ നിന്നും മേഘാലയയില്‍ നിന്നുമുള്ളവരാണ് കുടുങ്ങിയവരെല്ലാം. 2012ല്‍ സമാനമായ മറ്റൊരു സംഭവത്തില്‍ മേഘാലയയില്‍ 15 പേര്‍ മരിച്ചിരുന്നു.







