
മേയര്‍- KSRTC ഡ്രൈവര്‍ തര്‍ക്കത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അടിമുടി ദുരൂഹത. മെമ്മറി കാര്‍ഡ് എടുത്ത് മാറ്റാന്‍ അറിയില്ലെന്നും സംഭവം സമയത്ത് രാവിലെ വരെ പൊലീസ് സ്റ്റേഷനില്‍ ആയിരുന്നുവെന്നുമാണ് ഡ്രൈവര്‍ പറയുന്നത്. അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് നഷ്ടമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ മനഃപൂര്‍വം മെമ്മറി കാര്‍ഡ് എടുത്തുമാറ്റിയെന്നാണ് നിഗമനം. തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കും. ജീവനക്കാരുടെ മൊഴിയുമെടുക്കും. അതേസമയം, കെഎസ്ആര്‍ടിസിഡ്രൈവര്‍ യദു നല്‍കിയ പരാതി അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കന്റോണ്‍മെന്റ് എസിപിക്ക് നിര്‍ദേശം നല്‍കി. പരാതിയില്‍ കഴമ്പുണ്ടെങ്കിലേ കേസ് എടുക്കൂ. അതേസമയം മേയറുടെ പരാതിയിലെ സൈബര്‍ ആക്രമണ കേസുകളില്‍ വൈകാതെ അറസ്റ്റ് ഉണ്ടാകും.





