വാഷിങ്ടണ്‍: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ പേര് യു.എസിലെ സൗദി അറേബ്യയുടെ എംബസിക്ക് പുറത്തുള്ള തെരുവിന് ഇടാന്‍ തീരുമാനം. ജമാല്‍ ഖഷോഗ്ജി വേ എന്നായിരിക്കും തെരുവിന്റെ പേര്. വാഷിങ്ടണ്‍ ഡി.സിയിലെ പ്രാദേശിക ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി അംഗീകരിച്ച തീരുമാനം വാഷിങ്ടണ്‍ സിറ്റി കൗണ്‍സിലിന്റെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച സിറ്റി കൗണ്‍സിലിന്റെ വോട്ടിങ് മാസങ്ങള്‍ക്കുശേഷമാണ് നടക്കുക. പിന്നീട് ഇക്കാര്യം കോണ്‍ഗ്രസ് അംഗീകരിക്കണം.
സൗദി എംബസിക്കു മുമ്പിലുള്ള തെരുവിന് ഖഷോഗ്ജിയുടെ പേരിടുകയെന്ന തീരുമാനം മാസങ്ങള്‍ക്കു മുമ്പേ ഒരു ഓണ്‍ലൈന്‍ പെറ്റീഷനിലൂടെയാണ് ഉയര്‍ന്നുവന്നത്. ‘ഖഷോഗ്ജി കൊലപാതകം തീര്‍ത്തും അംഗീകരിക്കാനാവാത്തതാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള വാഷിങ്ടണിന്റെ പിന്തുണ പ്രകടിപ്പിക്കാനാണിതെന്നും’ ഓണ്‍ലൈന്‍ പെറ്റീഷനില്‍ പറഞ്ഞിരുന്നു.
യു.എസിലെ റഷ്യന്‍ എംബസിക്കു പുറത്തെ തെരുവിനും സമാനമായ രീതിയില്‍ പേരുമാറ്റിയിരുന്നു. വ്ളാടിമര്‍ പുട്ടിന്റെ വിമര്‍ശകനായ 2015ല്‍ മോസ്‌കോയില്‍ കൊല്ലപ്പെട്ട ബോറിസ് നെംസോവിന്റെ പേരായിരുന്നു റഷ്യന്‍ എംബസിക്കു മുമ്പിലുള്ള തെരുവിന് നല്‍കിയത്.
നവംബറില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ലണ്ടനിലെ സൗദി എംബസിക്കു പുറത്തുള്ള തെരുവിന് ജമാല്‍ ഖഷോഗ്ജിയുടെ പേര് നല്‍കിയിരുന്നു.








