Home Breaking News യോഗയിലെ എട്ട് ഘടകങ്ങള്‍

യോഗയിലെ എട്ട് ഘടകങ്ങള്‍

6
0
Yoga poses, group of active people practicing yoga, flat design isolated vector silhouettes

ഇന്ത്യന്‍പൗരാണിക ആരോഗ്യപരിപാലന സമ്ബ്രദായങ്ങളില്‍ ഒന്നാണ് യോഗ. ഇന്ത്യ ലോകത്തിന് നല്‍കിയ സംഭാവനയാണിത്. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം).പതഞ്ജലി മഹര്‍ഷിയാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. യോഗ എന്ന വാക്കിന്റെ അര്‍ത്ഥം ചേര്‍ച്ച എന്നാണ്.തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ആധുനികചികിത്സാ സമ്ബ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്ബ്രദായത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നു.ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാന-മനനാദികളാല്‍ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്ബരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജ്ജിച്ചതുമായ ഒരു ചികിത്സാമാര്‍ഗ്ഗമാണിത്. പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആര്‍ക്കും യോഗ അഭ്യസിക്കാം. ശരീരത്തിന്റെ വളവുകള്‍ യോഗയിലൂടെ നിവര്‍ത്തി ശ്യാസകോശത്തിന്റെ പൂര്‍ണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവര്‍ത്തനം ഉന്നതിയിലെത്തുന്നു ഉയര്‍ന്ന ചിന്തകള്‍ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു ആത്മീയ ഉന്നതിലഭിക്കുന്നുയോഗയില്‍ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങള്‍ ഉണ്ട്. യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാര്‍ക്കും, ആത്മീയതയില്‍ കഴിയുന്നവര്‍ക്കും വേണ്ടിയുമാണ് വിധിച്ചിട്ടുള്ളത്. ഒരാള്‍ യോഗ പരിശീലിക്കുന്നതിന് മുന്‍പായി അറിഞ്ഞിരിക്കേണ്ട ഘടകങ്ങളാണ് യമം, നിയമം എന്നിവയില്‍ പ്രതിപാദിച്ചിട്ടുള്ളത്. ബാക്കിയുള്ളവ യോഗ ആരംഭിച്ചതിന് ശേഷമുള്ള വിഷയങ്ങള്‍ ആണ്.

യമം
അഹിംസ , സത്യം, അസ്‌തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. മനസ്സുകൊണ്ടും, പ്രവൃത്തികൊണ്ടും യാതൊന്നിനേയും വേദനിപ്പിക്കരുത് എന്നാണ് അഹിംസ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സത്യമായിരിക്കണം, സത്യത്തിന് വേണ്ടിയായിരിക്കണം. അതാണ് സത്യം എന്ന് പറയുന്നത്. അര്‍ഹതയില്ലാത്തത് ആഗ്രഹിക്കരുത്, കൈവശപ്പെടുത്തരുത് എന്നാണ് ആസ്‌തേയം എന്നത് അര്‍ത്ഥമാക്കുന്നത്. അവശ്യം വേണ്ടത് മാത്രം സ്വന്തമാക്കുകയും ആവശ്യമില്ലാത്തത്, അതായത് ദുര്‍മോഹങ്ങള്‍ ഉപേക്ഷിക്കുക എന്നാണ് അപരിഗ്രഹം കൊണ്ടര്‍ത്ഥമാക്കുന്നത്. മനസ്സു കൊണ്ടോ പ്രവൃത്തി കൊണ്ടോ യാതൊന്നിനേയും ദുരുപയോഗം ചെയ്യാതിരിക്കുക എന്നാണ് ബ്രഹ്മചര്യം കൊണ്ട് ഉദ്ദേശിക്കുന്നത്.

നിയമം
ശൗചം, സന്തോഷം, തപസ്സ്, ഈശ്വര പ്രണിധാനം, സ്വാദ്ധ്യായം എന്നിവയാണ് നിയമം. ശരീരം, വാക്ക്, വിചാരം, പ്രവൃത്തി ഇവ ശുചിയായിരിക്കുക എന്നതിനെയാണ് ശൗചം എന്ന് പറയുന്നത്. ദുശ്ശീലവും ദുര്‍വിചാരങ്ങളും, ദുഷ്പ്രവൃത്തികളും ഇല്ലാതെ മനസ്സിനെ നിഷ്‌കളങ്കമായി സൂക്ഷിക്കുക. കൂടാതെ എല്ലായ്‌പ്പോഴും സന്തുഷ്ടനായിരിക്കുക. ഇതാണ് സന്തോഷം. കൃത്യനിഷ്ഠ, ആത്മവിശ്വാസം, പരിശ്രമം, കടമകള്‍ എന്നിവ യഥാസമയം നിറവേറ്റുന്നതിനായി പ്രയത്‌നിക്കുന്നതാണ് തപസ്സ്. ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ഈശ്വരാര്‍പ്പണമായി കരുതുന്നതിനെ ഈശ്വര പ്രണീധാനം എന്ന് പറയുന്നു. അവനവനെക്കുറിച്ച് നടത്തുന്ന വിലയിരുത്തലുകള്‍, വിമര്‍ശനങ്ങള്‍, പിഴവുകള്‍ക്കുള്ള പ്രായശ്ചിത്തം സ്വാദ്ധ്യായം എന്ന് പറയപ്പെടുന്നു.

ആസനം
‘സ്ഥിരസുഖം ആസനം’ സ്ഥിരമായ സുഖം പ്രദാനം ചെയ്യുന്നതെന്തോ അതാണ് ആസനമെന്ന് പറയുന്നുണ്ടെങ്കിലും പലര്‍ക്കും ഇത് അസുഖകരമായ അനുഭവമാണെന്ന് ഫലിതമായെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്. പ്രപഞ്ചത്തിലെ വിവിധ ചരാചരങ്ങളെ നിരീക്ഷിച്ച പൂര്‍വികര്‍ ഇവരുടെ ഇരിപ്പില്‍ തന്നെ പല ഗുണഗണങ്ങള്‍ കണ്ടെത്തുകയും അത് മനുഷ്യരില്‍ പരീക്ഷിച്ച് ഫലം അനുഭവിച്ചറിയുകയും ചെയ്തു. യോഗാസനങ്ങള്‍ ശരീരത്തിന് ദൃഡത നല്‍കുന്നവയാണ്. ‘ആസനേന ഭവേത് ദൃഡം’ എന്നാണ് ശാസ്ത്രം പറയുന്നത്. ഒപ്പം ചിട്ടയായ ഭക്ഷണക്രമവും ഇതിന് അത്യന്താപേക്ഷിതമാണ്. നിസ്സാരകാര്യങ്ങള്‍ക്കു പോലും യന്ത്രസാമഗ്രികള്‍ ഉപയോഗിക്കുന്ന ആധുനിക ലോകത്തില്‍ ഇവ തീര്‍ച്ചയായും ഗുണം ചെയുമെന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും യമം, നിയമം ഇവ കഴിഞ്ഞാണ് ആസനങ്ങള്‍ക്ക് സ്ഥാനം.

പ്രാണായാമം
യോഗാഭ്യാസത്തിന്റെ പ്രധാനമായ വിഷയമാണ് പ്രാണായാമം. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസത്തിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വാഭാവികമായി നടന്നുകൊണ്ടിരിക്കുന്ന ശ്വാസോച്ഛ്വാസപ്രക്രിയയില്‍ ശ്വാസകോശങ്ങളെ വികാസ-സങ്കോചങ്ങള്‍ക്ക് വിധേയമാക്കാന്‍ മാത്രമുള്ള പ്രക്രിയ നടക്കുന്നില്ല എന്ന കാരണത്താല്‍ ഈ കുറവ് പരിഹരിക്കാനാണ് യോഗയില്‍ പ്രാണായാമം എന്ന അഭ്യാസം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോധപൂര്‍വ്വം ചില നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ ഓക്‌സിജനും ഊര്‍ജ്ജവും ആഗിരണം ചെയ്യപ്പെടുന്നു.യോഗശാസ്ത്രപ്രകാരം മനോനിയന്ത്രണമില്ലായ്മ രോഗങ്ങളായി പരിണമിക്കുന്നു. മനസ്സും ശ്വാസവും പരസ്പര പൂരകങ്ങളാണ്. അന്യോന്യം രഥസാരഥി എന്നാണ് പറയുന്നത്. വികാരതീവ്രത മനസ്സിനെ വികലമാക്കുക വഴി ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയേയും മാറ്റുന്നു. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം പ്രാണായാമം കൊണ്ട് സാധ്യമാക്കുന്നു.

പ്രത്യാഹാരം
തിരിച്ചുകൊണ്ടുവരല്‍ എന്നാണ് പ്രത്യാഹാരപദത്തിന് അര്‍ഥം. ഇന്ദ്രിയങ്ങളെ ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ സ്വസ്വവിഷയങ്ങളില്‍ വ്യാപരിക്കുവാന്‍ അനുവദിക്കാതെ പിടിച്ചുനിര്‍ത്തി ആ ഇന്ദ്രിയങ്ങളുടെ അധീശത്വം നേടുകയും തദ്വാര മനഃശക്തിയെ ഒരിടത്ത് കേന്ദ്രീകരിപ്പിക്കുകയും ആണ് പ്രത്യാഹാരത്തിന്റെ ലക്ഷ്യം. ഇത് അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഒരുവന് പഞ്ചേന്ദ്രിയവിഷയമായ ബാഹ്യലോകം അനുഭവവേദ്യമാകയില്ല.

ധാരണ
പ്രത്യാഹാരംവഴി വിഷയങ്ങളില്‍നിന്നു പിന്‍തിരിപ്പിച്ചുകൊണ്ടുവന്ന മനസ്സിനെ ഏകാഗ്രമാക്കി ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്ന അനുഷ്ഠാനമാണ് ധാരണ. നാസാഗ്രം, നാഭിചക്രം മുതലായ ഏതെങ്കിലും ഒരു സ്ഥാനത്തെ ഈ ആവശ്യത്തിനു തിരഞ്ഞെടുക്കാവുന്നതാണ്.

ധ്യാനം
ധാരണയ്ക്കു വിഷയമായ ബിന്ദുവില്‍ ഏകതാനത അനുഭവിക്കുകയാണ് ധ്യാനം എന്ന അംഗത്തിന്റെ സ്വഭാവം. അപരിവര്‍ത്തിതവും അവിചലിതവും ആയ ജ്ഞാനാവസ്ഥയാണ് ഇത്. ധ്യാനം ശീലിക്കുന്നവന്‍ പ്രണവത്തെ-ഓംകാരത്തെ-ഏകാവലംബമായി സ്വീകരിക്കാറുണ്ട്. മനസ്സും ആത്മാവും തമ്മിലുള്ള ബന്ധം സ്ഥാപിച്ചുതരുന്ന മധ്യസ്ഥനാണ് പ്രണവം. പ്രണവം ഈശ്വരവാചകമാകയാല്‍ അര്‍ഥാനുസന്ധാനത്തോടുകൂടി ജപിക്കുന്നതു ധ്യാനമായിത്തീരുന്നു. ക്‌ളേശം (അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം), കര്‍മം (പുണ്യപാപങ്ങള്‍), ആശയം (വാസന) എന്നീ ജീവധര്‍മങ്ങളൊന്നുമില്ലാത്ത പരമകാരുണികനായ ഈശ്വരനെ നിരന്തരം ധ്യാനിക്കുന്നതുകൊണ്ട് സാധകനു തദാകാരത്വം ലഭിക്കുന്നു. അങ്ങനെ അത് ഐക്യസിദ്ധിക്കു വഴിയൊരുക്കുന്നു.

സമാധി
യോഗത്തിന്റെ എട്ടാമത്തേതും അവസാനത്തേതുമായ അംഗമാണ് സമാധി. ഉപ്പും വെള്ളവും പോലെ മനസ്സും ആത്മാവും ഐക്യം പ്രാപിക്കുന്ന ഒരവസ്ഥയാണ് സമാധിയില്‍ അനുഭവപ്പെടുന്നത്. മുന്‍പറഞ്ഞ ഏഴു സാധനകള്‍ അനുഷ്ഠിക്കുമ്‌ബോഴും ധ്യാതാവ്, ധ്യേയം, ധ്യാനം എന്നിവയുടെ വിവേചനം ഉണ്ടായിരിക്കും. എന്നാല്‍ സമാധിയില്‍ ധ്യാതാവും ധ്യാനവും ധ്യേയത്തില്‍ വിലയം പ്രാപിച്ച്-ത്രിപുടി നശിച്ച്-എല്ലാം ഏകാത്മകമായിത്തീരുകയും യോഗത്തിന്റെ സാഫല്യം സിദ്ധവത്കൃതമാകുകയും ചെയ്യും. പാതഞ്ജലപദ്ധതിയനുസരിച്ച് സമാധിയില്‍ സാധകന്‍ അനുഭവിക്കുന്ന പരമാനന്ദം ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യം കൊണ്ടുള്ളതാണ്.

ഇതെല്ലാം യോഗ അഭ്യസിക്കാന്‍ തുടങ്ങും മുന്‍പ് ശീലിക്കേണ്ട കാര്യങ്ങളാണ്. ഉത്തമ വിശ്വാസമുള്ള ഗുരുവിന്റെ കീഴില്‍ നേരിട്ട് വിദ്യ അഭ്യസിക്കുക. അത് തെറ്റുകള്‍ പെട്ടെന്ന് തിരുത്താനും ശരിയായരീതിയില്‍ പരിശീലിക്കാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here