ഡല്‍ഹി: മുസ്ലിം ലീഗിനെതിരെ വിവാദ പരാമര്‍ശംനടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ സമൂഹ മാധ്യമത്തിലും നടപടി. മുസ്‌ളീം ലീഗ് വൈറസ് എന്നാരോപിക്കുന്ന യോഗിയുടെ രണ്ടു ട്വീറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. മുസ്‌ളീം ലീഗ് നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യോഗി ആദിത്യനാഥിനെതിരെ ട്വിറ്റര്‍ നടപടി എടുത്തത്.
മുസ്ലിം ലീഗ് വൈറസ്, ഇന്ത്യ വിഭജനത്തില്‍ ലീഗിന് പങ്ക് എന്നാരോപിക്കുന്ന രണ്ടു ട്വീറ്റുകളാണ് മരവിപ്പിച്ചത്. കേന്ദ്ര മന്ത്രി ഗിരി രാജ് സിങ്, ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ, യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് ഹര്‍ഷ് സംഘാവി, നടി കൊയ്ന മിത്ര, എന്‍ഡിഎ എംഎല്‍എ എം.എസ് സിര്‍സ എന്നിവരുടെ ട്വീറ്റുകളും മരവിപ്പിച്ചു.
ബിജെപി അനുഭവമുള്ള 31 ട്വിറ്റര്‍ ഹാന്‍ഡിലുകളിലെ 34 ട്വീറ്റുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ലീഗ് പതാക ചൂണ്ടിക്കാട്ടി ലീഗിന് പാക്കിസ്ഥാന്‍ ബന്ധം ആരോപിക്കുന്ന ട്വീറ്റുകള്‍ ആണ് മരവിപ്പിച്ചത്.
മുസ്ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മൂന്നുദിവസത്തേക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി.
‘രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കൊണ്ട് കേരളത്തിലെ ഒരു മണ്ഡലത്തില്‍ നടത്തിയ റാലി എല്ലാവരും കണ്ടതാണ്. പച്ചമാത്രമായിരുന്നു അവിടെ ദൃശ്യമായിരുന്നത്. കോണ്‍ഗ്രസ്സിന്റെ ഒരു പതാക പോലും അവിടെ കണ്ടില്ല. കോണ്‍ഗ്രസ്സ് പച്ചവൈറസിനാല്‍ ബുദ്ധിമുട്ടുകയാണ്. പച്ചവൈറസ് അതിനെ പിടികൂടിയിരിക്കുകയാണ്’, ഇതായിരുന്നു യോഗിയുടെ വിവാദ ട്വീറ്റ്.







