Home Crime രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തിനിരയായ ഏഴുവയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു; കാഴ്ചശക്തി നഷ്ടപ്പെട്ടതായി സൂചന

രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തിനിരയായ ഏഴുവയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു; കാഴ്ചശക്തി നഷ്ടപ്പെട്ടതായി സൂചന

2
0

തൊടുപുഴ: രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നാണ് സൂചന. വടിയ ഉപയോഗിച്ച് തലയ്ക്കും കണ്ണിനും അടിച്ചെന്ന് ബാലന്റെ സഹോദരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ ആക്രമണത്തില്‍ ഈ മൂന്നര വയസ്സുകാരനും പരിക്കേറ്റിട്ടുണ്ട്. താടിയെല്ലിനും പല്ലിനുമാണ് പരിക്ക്. ഈ കുട്ടിയെ പോലീസ് അമ്മൂമ്മയോടൊപ്പം പോകാന്‍ അനുവദിച്ചു.

അതേസമയം ഗുരുരതമായി പരിക്കേറ്റ ഏഴുവയസുകാരന്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. രണ്ടാനച്ഛന്‍ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്നും മുമ്പും മര്‍ദ്ദിച്ചിട്ടുണ്ടെന്നും അമ്മ പൊലീസിന് മൊഴി നല്‍കി. യുവതിയുടെ ഭര്‍ത്താവ് പത്ത് മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. അതിന് ശേഷം യുവതിയും കുഞ്ഞുങ്ങളും ഇയാളോടൊപ്പമാണ് കഴിഞ്ഞ് വന്നത്. ഭര്‍ത്താവിന്റെ ബന്ധുകൂടിയാണിയാള്‍. പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

യുവതിയേയും കുട്ടികളേയും ഇയാള്‍ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. ഇക്കാര്യം സ്‌ക്കൂളില്‍ പറഞ്ഞതിനാണ് ഇയാള്‍ കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് മക്കളെ ചോദ്യം ചെയ്തു. ചെറിയ കുഞ്ഞിനെ ആക്രമിക്കുന്നത് കണ്ട മൂത്തകുട്ടി നിലവിളിച്ചു. നേരത്തെ കുഞ്ഞിനോട് വൈരാഗ്യം ഉണ്ടായിരുന്ന ഇയാള്‍ അതിക്രൂരമായി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന യുവതിയുടെ മുഖത്ത് അടിയ്ക്കുകയും ചെയ്തു.

കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുട്ടിയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. സോഫയില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് ആദ്യം ഇവര്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. ആന്തരിക രക്തസ്രാവമുള്ളതിനാല്‍ കുട്ടിയുടെ നില അതീവ ഗുരുതരമാണ്. അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പ് പിതാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ യുവാവ് മാതാവിനൊപ്പം താമസം തുടങ്ങിയത്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ മാതാവും പോലീസ് നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here