ജോസ് ചന്ദനപ്പള്ളി
മലയാളഭാഷയുടെ വ്യാകരണത്തിന് അടുക്കും ചിട്ടയും ഉണ്ടാക്കിയ പണ്ഡിതനാണ് എ. ആര്‍.രാജാരാജവര്‍മ്മ. കേരളപാണിനീയം ആണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച വ്യാകരണഗ്രന്ഥമായാണ് കേരളപാണിനീയം വിലയിരുത്തപ്പെടുന്നത്. കവി, നിരൂപകന്‍, ഭാഷാശാസ്ത്രജ്ഞന്‍, സാഹിത്യ-ശാസ്ത്രപണ്ഡിതന്‍, അദ്ധ്യാപകന്‍, വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച എ. ആറിനെപ്പറ്റി.
മലയാളികളെ വ്യാകരണം പഠിപ്പിച്ച ഗുരുനാഥനാണ് എ.ആര്‍. രാജരാജവര്‍മ്മ. വ്യാകരണവിഷയത്തില്‍ പാണിനിക്കൊപ്പം നില്‍ക്കാന്‍ മലയാളത്തില്‍ ഒരേയൊരാളേയുള്ളൂ. രാജാരാജവര്‍മ്മയാണത്. അതുകൊണ്ട് അദ്ദേഹത്തെ കേരളപാണിനി എന്നുവിളിക്കുന്നു. നാലുകൊല്ലത്തെ (1891-1896) നിരന്തര പരിശ്രമത്തിന്റെ ഫലമായി 1896-ല്‍ പ്രസിദ്ധീകരിച്ച ഒന്നാം പതിപ്പും 1917-ല്‍ പുറത്തിറങ്ങിയ രണ്ടാം പതിപ്പും മലയാള ഭാഷാ വ്യാകരണത്തിന്റെ വിശാലമായ വാതിലുകള്‍ തുറന്നിട്ടു. സ്‌കൂളില്‍ സംസ്‌കൃതം പഠിക്കുമ്പോള്‍ ഇംഗ്ലീഷുകാരന്‍ ഗാര്‍ഡെ്വയറ്റ് രചിച്ച വ്യാകരണമായിരുന്നു എ.ആറിന്റെ പഠനസഹായി. ലളിതവും ശക്തവുമായ വ്യാകരണഗ്രന്ഥം എന്ന് അന്നേ മനസ്സില്‍ കതിരിട്ട മോഹമാണ്, മലയാളഭാഷാ വ്യാകരണത്തിന്റെ വിശാലമായ വാതായനങ്ങള്‍ തുറന്നിട്ട കേരളപാണിനീയം എന്ന മഹദ്ഗ്രന്ഥത്തിന്റെ രചനയ്ക്ക് വഴിയൊരുക്കിയത്.
കിടങ്ങൂര്‍ ഓണത്തുരുത്തി പാറ്റ്യാല ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെയും ചങ്ങനാശ്ശേരി ലക്ഷ്മിപുരത്തു കൊട്ടാരത്തില്‍ അംബാലികത്തമ്പുരാട്ടിയുടെയും മകനായി 1863 ഫെബ്രുവരി 20-ന് ലക്ഷ്മിപുരം കൊട്ടാരത്തില്‍ ജനിച്ചു. കേരളകാളിദാസന്‍ എന്ന് പ്രഖ്യാതനായ കേരളവര്‍മ്മവലിയകോയിത്തമ്പുരാന്റെ ഭാഗിനേയനായിരുന്നു രാജരാജവര്‍മ്മ. കുട്ടിക്കാലത്ത് കുറച്ചുകാലം ഒരുവാക്കുപോലും ഉരിയാടുമായിരുന്നില്ല. അസ്പഷ്ടവും വിക്കലോടുകൂടിയതുമായ ഭാഷയും കുസൃതിനിറഞ്ഞ പ്രകൃതവുമായിരുന്നു ബാല്യത്തില്‍. ഈ അവസ്ഥ പിതാവിനെ ഭയപ്പെടുത്തി. അദ്ദേഹം കുട്ടിയെ സരസ്വതിഭജനത്തിനായി പനച്ചിക്കാട്ട് (കോട്ടയത്തിനടുത്ത്) ദക്ഷിണമൂകാംബിക എന്നു പേരുകേട്ട സരസ്വതിക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയി പൂജാതികള്‍ നടത്തുകയും നെയ്യ് സേവിപ്പിക്കുകയും ചെയ്തു. ബാലനായ വര്‍മ്മയ്ക്ക് പൂര്‍ണ്ണമായ രോഗശാന്തിലഭിക്കുകയും നന്നായി സംസാരിച്ചുതുടങ്ങുകയും ചെയ്തു.
ചുനക്കര അച്യുതവാരിയരില്‍ നിന്ന് ചില ബാലപാഠങ്ങള്‍ പഠിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചുനക്കര ശങ്കരവാര്യരുടെ അടുക്കല്‍നിന്ന് സംസ്‌കൃതത്തിലെ പ്രശസ്തമായ കാവ്യങ്ങള്‍, നാടകങ്ങള്‍ വ്യാകരണഗ്രന്ഥങ്ങള്‍ എന്നിവ പഠിച്ച രാജരാജവര്‍മ്മ രസതന്ത്രത്തില്‍ ബിരുദമെടുത്തു. രാജകുടുംബാംഗങ്ങള്‍ സുഖലോലുപതയില്‍ ജീവിച്ചുകൊണ്ടിരുന്ന കാലത്ത്, അതിനൊരു മാറ്റമുണ്ടാക്കിക്കൊണ്ട് ഏ.ആര്‍ ചരിത്രം തിരുത്തി. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെട്ട രാജരാജവര്‍മ്മ അമ്മാവനായ കേരളവര്‍മ്മയില്‍ നിന്നാണ് ശരിയായ വിദ്യാഭ്യാസവും ഭാഷാജ്ഞാനവും ലഭിച്ചത്. വ്യാകരണവും സാഹിത്യവുമാണ് പ്രധാനമായും അദ്ദേഹം പഠിച്ചത്. വ്യാകരണത്തിലെ അടിസ്ഥാനഗ്രന്ഥമായ പാണിനീയത്തില്‍ ശരിയായ ധാരണ നേടാന്‍ സഹായിച്ചതും കേരളവര്‍മ്മയാണ്. അദ്ദേഹം പാണിനീയത്തിന് വ്യാഖ്യാനവും എഴുതി. സംസ്‌കൃത വിദ്യാഭ്യാസത്തിനൊപ്പം ഇംഗ്ലീഷ് പഠനവും നടത്തിയിരുന്ന രാജരാജവര്‍മ്മ മദ്രാസ് പ്രസിഡന്‍സിയില്‍നിന്ന് എം.എ ഒന്നാം റാങ്കോടെ വിജയിച്ചു. ശേഷഗിരിശാസ്ത്രി ഏ.ആറിന്റെ ഉത്തരക്കടലാസ് കണ്ട് അമ്പരന്നുപോയത്രേ. ഇംഗ്ലീഷ് മഹാകവി ജോണ്‍മില്‍ട്ടന്റെ കവിത അര്‍ത്ഥലോപം വരാതെ സംസ്‌കൃതത്തിലേയ്ക്ക് സ്വീകരിച്ചിട്ടുള്ള പന്ത്രണ്ട് പദങ്ങള്‍ എഴുതാനാവശ്യപ്പെട്ടപ്പോള്‍ മുപ്പതില്‍പ്പരം വാക്കുകള്‍ എഴുതിയതും മറ്റുമാണ് ഗുരുനാഥനെ അമ്പരപ്പിച്ചത്. എം.എ കഴിഞ്ഞു വൈകാതെ 1890-ല്‍ അദ്ദേഹം സംസ്‌കൃതപാഠശാലയില്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടറായി ജോലിക്കുപോയി. 1894-ല്‍ സംസ്‌കൃത മഹാപാഠശാലയിലെ പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ടു. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നാട്ടുഭാഷാ സൂപ്രണ്ടായി നിയമിക്കപ്പെടുന്നതുവരെ സംസ്‌കൃതകോളേജിന്റെ സര്‍വ്വോത്മുഖമായ അഭിവൃദ്ധിക്കുവേണ്ടി അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു. കോളേജില്‍ ഭാഷാ സംബന്ധമായ ക്ലാസ്സുകള്‍ നടത്തുന്നതിനായി തയ്യാറാക്കിയ നോട്ടുകളില്‍ നിന്നാണ് ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയ അമൂല്യകൃതികള്‍ മലയാളഭാഷാസാഹിത്യത്തിന് ലഭിച്ചത്. സംസ്‌കൃത കോളേജില്‍ അബ്രാഹ്മണര്‍ക്കും സംസ്‌കൃതം പഠിക്കാനെത്താമെന്ന നിയമമുണ്ടാക്കി വേറൊരു ചരിത്രത്തിനും എ.ആര്‍ അവകാശിയായി.
തിരുവനന്തപുരത്തു യൂണിവേഴ്‌സിറ്റി കോളേജില്‍ ഏ.ആര്‍ ഇരുന്ന പ്രിന്‍സിപ്പല്‍ കസേര പിന്നീട് ആരും ഇരിക്കാതെ ഒഴിച്ചിട്ടതിനു പിന്നില്‍ ആ മഹാനോടുള്ള ആദരവിന്റെ എല്ലാ വിശദീകരണവും അടങ്ങിയിട്ടുണ്ട്. അതില്‍ ഇരിക്കാനുള്ള മഹത്വം തങ്ങള്‍ക്കില്ലെന്നു പില്‍ക്കാലത്തു പ്രിന്‍സിപ്പലായ എല്ലാ അധ്യാപകരും മനസ്സിലാക്കിയിരുന്നു. സംസ്‌കൃതകോളേജിന്റെ പ്രന്‍സിപ്പലായി നിയമിക്കപ്പെട്ട രാജരാജവര്‍മ്മയുടെ ശ്രദ്ധ മുഖ്യമായി പതിഞ്ഞത് അവിടത്തെ പാഠ്യപദ്ധതിയുടെ വൈവിധ്യമില്ലായ്മയും നിലവാരത്താഴ്ചയിലുമാണ്. ഇതു പരിഹരിക്കുന്നതിനുവേണ്ടി ഭൂമിശാസ്ത്രം, രസതന്ത്രം, ചരിത്രം, ജ്യോതിഷം എന്നീവിഷയങ്ങള്‍ക്കുവേണ്ട പാഠപുസ്തകങ്ങള്‍ താന്‍തന്നെ എഴുതിയുണ്ടാക്കി. അന്ന് നിര്‍മ്മിച്ച ജ്യോതിപ്രകാശം പില്‍ക്കാലത്ത പണ്ഡിത പ്രശംസനേടി. മലയാളത്തിലും സംസ്‌കൃതത്തിലുമാണ് ഏ.ആറിന്റെ സവിശേഷസംഭാവനകളെങ്കിലും ഇംഗ്ലീഷിലും തത്തുല്യ പാണ്ഡിത്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇത്രയേറെ പണ്ഡിതനായ എ.ആര്‍ ഒരിക്കല്‍ പരീക്ഷയില്‍ തോറ്റു എന്നതും ചരിത്രത്തിലുണ്ട്. ബി.എയ്ക്ക് മുമ്പുള്ള എഫ്.എ പരീക്ഷയില്‍ രസതന്ത്രത്തിലായിരുന്നു ആ തോല്‍വി. രസതന്ത്രമടക്കം എല്ലാ വിഷയങ്ങള്‍ക്കും പദ്യരൂപത്തിലായിരുന്നു എ.ആറിന്റെ ഉത്തരങ്ങള്‍. പരീക്ഷതോറ്റതുകൊണ്ട് കൈരളിസമ്പന്നമായി എന്നുപറയാം. ആ തോല്‍വിയുടെ അനുഭവത്തില്‍ നിന്നാണ് എ. ആറിന്റെ ഭംഗവിലാപം എന്ന 28 പദ്യമുള്ള വിലാപകാവ്യം പിറന്നത്. ഇഷ്ടജനവിയോഗമാണല്ലോ ഏതൊരു ഭാഷയിലും വിലാപകാവ്യത്തിന്റെ വിഷയം. എന്നാല്‍ ഇങ്ങനെയൊരു വിഷയം ആധാരമാക്കി ഏതെങ്കിലും ഭാഷയില്‍ വിലാപകാവ്യമുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല.
1890-ല്‍ സംസ്‌കൃത പാഠശാലയില്‍ സ്‌കൂള്‍ ഇസ്‌പെക്ടറായിരുന്ന കാലത്ത് ഹൈസ്‌കൂള്‍ ക്ലാസ്സുകളിലെ കുട്ടികള്‍ക്കുവേണ്ടി ശബ്ദശോധിനിയും(1902) താഴ്ന്ന ക്ലാസ്സുകളിലേയ്ക്ക് പ്രഥമവ്യാകരണ(1906)വും മധ്യമവ്യാകരണ(1907)വും രചിച്ചു. സംസ്‌കൃത വ്യാകരണം വിഷയമാക്കി മണിദീപിക (1908) ലഘുപാണിനീയം (1908) എന്നിവയും നിര്‍മ്മിച്ചു. ഇവയ്‌ക്കെല്ലാം പുറമെ വിവിധ ശാസ്ത്ര വിഷയങ്ങളില്‍ രാജരാജവര്‍മ്മ എഴുതിയ ലേഖനങ്ങള്‍ക്ക് കണക്കില്ല. ബിരുദപഠനത്തില്‍ അദ്ദേഹത്തിന്റെ ഐശ്ചികവിഷയം രണതന്ത്രമായിരുന്നു. എങ്കിലും മറ്റുപല ശാസ്ത്രവിഷയങ്ങളില്‍ കൂടി ലേഖനമെഴുതുകയും ചെയ്തു. രാജരാജവര്‍മ്മയുടെ സൃഷ്ടികളില്‍ ഉല്‍കൃഷ്ടമായ രചനകളില്‍ ഒന്നാണ് നളിനിയുടെ അവതാരിക. ഇത്ര ഹൃസ്വവും സാരവത്തുമായ ഒരവതാരിക മലയാളത്തിലുണ്ടായിട്ടില്ല്. പതിനേഴു വാക്യമേഉള്ളൂ. പക്ഷേ, അവ ഓരോന്നുമെടുത്തു പരിശോധിച്ചാല്‍ സമകാല കവിതയിലെ മൂല്യദോഷങ്ങളെല്ലാം വ്യക്തമാകുന്നതോടൊപ്പം ഒരുനൂതന കാവ്യസങ്കല്പത്തിന്റെ സൂഷ്മചിത്രം ലഭിക്കുകയും ചെയ്യും.







