
കല്‍പ്പറ്റ : സോഫ്റ്റ്, ബെയ്സ് ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ രാജ്യം കീഴടക്കി വയനാടന്‍ പെണ്‍കരുത്ത്. പരിയാരം സ്വദേശിനി അഭിലാഷ രാമചന്ദ്രനും മണിയങ്കോട് സ്വദേശിനി ശ്രുതി ശ്രീധരനുമാണ് രാജ്യത്തിന്റെ അഭിമാനം കാത്ത വയനാടന്‍ താരങ്ങള്‍. നേപ്പാളില്‍ ഇക്കഴിഞ്ഞ മാസം നടന്ന അന്തര്‍ദേശീയ ബെയ്സ് ബോള്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഇവരുടെകൂടി മികവില്‍ രാജ്യം കിരീടം ചൂടിയത്.നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ ടീമുകളായിരുന്നു മത്സരത്തിലെ എതിരാളികള്‍. പരിയാരം സ്വദേശിയായ അഭിലാഷ ഏഴാംതരത്തില്‍ പഠിക്കുമ്പോഴാണ് സോഫ്റ്റ്, ബെയ്സ് ബോള്‍ താരമാകുന്നത്. 13 വര്‍ഷത്തെ തന്റെ കരിയറിനിടയില്‍ സബ് ജൂനിയര്‍, ജൂനിയര്‍ മത്സരങ്ങളില്‍ രാജ്യത്തിനായി ജഴ്സിയണിഞ്ഞ അഭിലാഷ 12 തവണ കേരളത്തിനായും ബാറ്റ് വീശി. 2021ല്‍ ദേശീയ ചാമ്പ്യന്‍പട്ടവും കേരളത്തിന് ലഭിച്ചത് അഭിലാഷയുടെകൂടി മികവിലാണ്. ഫാറൂഖ് കോളേജില്‍ ലൈബ്രറി സയന്‍സില്‍ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് അഭിലാഷ. പരിയാരത്തെ രാംനിവാസില്‍ രാമചന്ദ്രന്‍—ബിന്ദു ദമ്പതികളുടെ മകളാണ് . അഭിരാമാണ് സഹോദരന്‍. മുണ്ടേരി സ്‌കൂളില്‍ ഏഴാംതരത്തില്‍ പഠിക്കുമ്പോഴാണ് മണിയങ്കോട് സ്വദേശിനി ശ്രുതിയും സോഫ്റ്റ്, ബെയ്സ് ബോള്‍ മേഖലയിലേക്ക് വരുന്നത്. 10 വര്‍ഷമായി വ്യത്യസ്ത കാറ്റഗറികളിലെ ജില്ലാ ടീമുകളില്‍ സ്ഥിരം സാന്നിധ്യമാണ് ശ്രുതി. ഫാറൂഖ് കോളേജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. മണിയങ്കോട്ടെ ശ്രീധരനും സരസ്വതിയുമാണ് മാതാപിതാക്കള്‍. ശ്രാവണ്‍ സഹോദരനും.





