യുണൈറ്റ്ഡ് നേഷന്‍സ് ഡെവല്പ്മെന്റ് പ്രോഗ്രാം(യു.എന്‍.ഡി.പി) ഇന്ത്യയുടെ ആദ്യത്തെ യൂത്ത് ക്ലൈമറ്റ് ചാമ്പ്യനായി പ്രജക്ത കോലിയെ തിരഞ്ഞെടുത്തു. യുവാക്കള്‍ക്കിടയില്‍ ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയുടെ തകര്‍ച്ച, അവയുടെ അനന്തരഫലങ്ങള്‍ എന്നീ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള ചുമതലയാണ് മുംബൈ സ്വദേശിനിയായ 28 കാരി പ്രജക്ത കോലി ഏറ്റെടുത്തിരിക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്നീ മേഖലകളില്‍ മുമ്പ് കഴിവ് തെളിയിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്ക് വഹിക്കാന്‍ യുവത്വത്തിനും കഴിയുമെന്നും വലിയ മാറ്റങ്ങള്‍ അത് മൂലമുണ്ടാകുമെന്ന് പ്രത്യാശയും കോലി പങ്ക് വെച്ചു. ഇത്തരത്തിലൊരു അംഗീകാരം തനിക്ക് ലഭിച്ചതിലുള്ള സന്തോഷവും പ്രജക്ത വ്യക്തമാക്കി. ഉത്തരവാദിത്വമുള്ള ഇത്തരമൊരു ലക്ഷ്യത്തിന് അര്‍ഹയായതില്‍ അതീവ സന്തോഷമുണ്ടെന്ന് പ്രതികരിച്ച പ്രജക്ത ഇത് തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ യു.എന്‍.ഡി.പി ക്ലൈമറ്റ് ചാമ്പ്യനെന്ന നിലയില്‍ കാലാവസ്ഥാ പ്രവര്‍ത്തനഘങ്ങളെ കുറിച്ചുള്ള സംഭാഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും അതില്‍ പങ്കെടുക്കാനും താന്‍ ആഗ്രഹിക്കുന്നതായും അവര്‍ അറിയിച്ചു.യുവാക്കള്‍ വിപ്ലവത്തിന്റെ ദീപശിഖ വഹിക്കേണ്ടതുണ്ടെന്നും പരിസ്ഥിതി സൗഹാര്‍ദമെന്ന ലക്ഷ്യത്തിലേക്ക് പാദസേവകരായി വര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും കോലി. ‘മനുഷ്യരാല്‍ സൃഷ്ടിക്കപ്പെട്ട ഈ പ്രശ്നത്തിന് പോംവഴി മനുഷ്യര്‍ തന്നെയാണ്. യു.എന്‍.ഡി.പിയുടെ സഹായത്തോടെ ലോകമെമ്പാടുമുള്ള യുവാക്കളോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തിനതിരേ പൊരുതാന്‍ എനിക്ക് കഴിയും’, കോലി കൂട്ടിച്ചേര്‍ത്തു.കോലിയുടെ വാക്കുകള്‍ യുവാക്കളുടെ ഹൃദയങ്ങളില്‍ മുഴങ്ങുമെന്നും കാലാവസ്ഥാ വ്യതിയാനത്തിന് എതിരേ പൊരുതാന്‍ അവര്‍ക്ക് പ്രചോദനമാകുമെന്നും യു.എന്‍.ഡി.പി ഇന്ത്യ റസിഡന്റ് റെപ്രസെന്റേറ്റീവ് ഷോക്കാ നോഡാ പ്രതികരിച്ചു.





