Home Kerala റിമാന്‍ഡ് പ്രതിയുടെ മരണം: ശ്വാസനാളത്തില്‍ കര്‍ചീഫ് കുരുങ്ങിയതിനെക്കുറിച്ച് അന്വേഷണം

റിമാന്‍ഡ് പ്രതിയുടെ മരണം: ശ്വാസനാളത്തില്‍ കര്‍ചീഫ് കുരുങ്ങിയതിനെക്കുറിച്ച് അന്വേഷണം

1
0

മാവേലിക്കര: സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ശ്വാസനാളത്തില്‍നിന്ന് കര്‍ചീഫ് കുരുങ്ങി ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടവ്വല്‍ സ്വയം വിഴുങ്ങിയതാണോ മറ്റാരെങ്കിലും ബലംപ്രയോഗിച്ച് വായില്‍ കടത്തിയതാണോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയിലിലെത്തി ഉദ്യോഗസ്ഥരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തു.

വ്യാജരേഖ ചമച്ചു സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത കോട്ടയം കുമരകം സ്വദേശി എം ജെ ജേക്കബിനെ മാവേലിക്കര സബ്ജയിലിനുള്ളില്‍ വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍വച്ച് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെയും ചെങ്ങന്നൂര്‍ ആര്‍ഡിഒയുടേയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

ശ്വാസതടസ്സം നേരിട്ടാണ് മരണം സംഭവിച്ചതെന്ന് സൂചന ലഭിച്ചതായി ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി കോര പറഞ്ഞു. ശ്വാസനാളത്തില്‍ കര്‍ചീഫ് പോലുള്ള തുണി കുരുങ്ങിയതായി കണ്ടെത്തി. ഇതു ജേക്കബിന്റെ കൈവശമുണ്ടായിരുന്ന കര്‍ചീഫ് ആണോ എന്ന് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കര്‍ചീഫ് സ്വയം വിഴുങ്ങിയതാണോ മറ്റാരെങ്കിലും ബലം പ്രയോഗിച്ച് വായില്‍ കടത്തിയതാണോ എന്ന് അറിയാന്‍ സാധിക്കൂവെന്നു പൊലീസ് വ്യക്തമാക്കി.

ഇരുപതിന് രാത്രി ഒമ്പത് മണിയോടെയാണ് ജേക്കബിനെ ജയിലിലെത്തിച്ചത്. ജേക്കബ് ഉള്‍പ്പെടെ 15 പേര്‍ സെല്ലില്‍ ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ എം ടോമിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജയിലിലെത്തി മറ്റു 14 പേരുടെയും മൊഴി രേഖപ്പെടുത്തി. സംശയകരമായ മൊഴികള്‍ ലഭിച്ചിട്ടില്ലെന്നും സെല്ലില്‍ ക്യാമറ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here