
കൊല്ലം: തകര്‍ന്ന റോഡും രാത്രിയിലെ തെരുവുനായ്ക്കളുടെ ശല്യവും മാലിന്യവുംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പള്ളിത്തോട്ടത്തെ ജനങ്ങള്‍. പത്തുവര്‍ഷത്തിേലറെയായി കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ റോഡ്, പാലത്തിന്റെ ഇരുവശങ്ങളിലും തള്ളുന്ന മാലിന്യം, തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം ഇതെല്ലാം പള്ളിത്തോട്ടം-താമരക്കുളം റോഡിന്റെ വശങ്ങളില്‍ ജീവിക്കുന്നവര്‍ സ്ഥിരമായി അനുഭവിക്കുന്നതാണ്.കൃത്യം ഒരുമാസംമുന്‍പാണ് പള്ളിത്തോട്ടം പാലത്തിന്റെ അനുബന്ധറോഡ് മഴയില്‍ തകര്‍ന്നത്.ഒക്ടോബര്‍ 11-ന് ശക്തമായ മഴയില്‍ റോഡ് ആരംഭിക്കുന്നിടത്തുനിന്ന് ഇടിഞ്ഞ് കൊല്ലം തോട്ടിലേക്ക് വീഴുകയായിരുന്നു. കുടിവെള്ള പൈപ്പ് ലൈന്‍ ഉള്‍പ്പെടെ പൊട്ടിവീണു. അന്നുതന്നെ അധികൃതരെത്തി ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിരോധിച്ചു. അതിനുശേഷം ഒരുനടപടിയുമുണ്ടായില്ല. മഴ ശക്തമാകുമ്പോള്‍ മണ്ണിടിഞ്ഞ് കൊല്ലം തോട്ടിലേക്ക് വീണുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.പള്ളിത്തോട്ടത്തുനിന്ന് താമരക്കുളംവഴി ചിന്നക്കടയിലേക്ക് പോകുന്ന റോഡാണിത്. നഗരത്തിലേക്ക് കടക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ മണ്ണിടിഞ്ഞ ഭാഗത്തുമാത്രം ബാരിക്കേഡ് സ്ഥാപിച്ച് ഒരു ഓട്ടോറിക്ഷയ്ക്ക് കടന്നുപോകാന്‍ പാകത്തിന് വഴിയൊരുക്കിയിട്ടുണ്ട്. തെരുവുവിളക്കുകള്‍ കത്താത്തത് രാത്രിയാത്രികര്‍ അപകടത്തില്‍പ്പെടുന്നതിനു കാരണമാകുന്നുണ്ട്. സ്‌കൂളുകളും കോളേജുകളും തുറന്നതോടെ വിദ്യാര്‍ഥികളും ദുരിതത്തിലാണ്.കൊല്ലം തോടിന്റെ കരയിലും പള്ളിത്തോട്ടം-താമരക്കുളം റോഡിന്റെ വശങ്ങളിലുമായി വന്‍തോതിലാണ് മാലിന്യം തള്ളുന്നത്. വീടുകളില്‍നിന്നും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍നിന്നും മാലിന്യം ഇവിടെ കൊണ്ടിടുന്നു.തെരുവുനായ്ക്കളുടെ ശല്യമാണ് മറ്റൊരു പ്രശ്‌നം. രാത്രിയില്‍ കൂട്ടത്തോടെയാണ് ഇവ ആക്രമിക്കാനെത്തുന്നത്. അനുബന്ധറോഡ് തകര്‍ന്നതോടെ ജോലികഴിഞ്ഞുവരുന്ന മത്സ്യത്തൊഴിലാളികളും സ്ത്രീകളും കാല്‍നടയായാണ് വീടുകളിലേക്ക് പോകുന്നത്. അവരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നതിലധികവും.പള്ളിത്തോട്ടം-താമരക്കുളം റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. പള്ളിത്തോട്ടം, വാടി പ്രദേശങ്ങളിലുള്ളവര്‍ക്ക് ചിന്നക്കടയിലെത്താനുള്ള റോഡാണിത്.വിശേഷദിവസങ്ങളില്‍ ബീച്ചിലെത്തുന്ന വാഹനങ്ങള്‍ പോലീസ് ഇതുവഴിയാണ് കടത്തിവിടാറ്. റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാര്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. മഴകൂടി എത്തിയതോടെ റോഡിലാകെ വെള്ളക്കെട്ടുമായി. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയുമല്ലാതെ മറ്റ് വാഹനങ്ങള്‍ ഇപ്പോള്‍ ഇതുവഴി പോകാറില്ല.







