Home Kerala വനിതാ മതിലില്‍ തുടക്കത്തിലേ വിള്ളല്‍; ബ്രാഹ്മണ സഭ സംഘാടക സമിതിയില്‍ നിന്ന് പിന്‍മാറി

വനിതാ മതിലില്‍ തുടക്കത്തിലേ വിള്ളല്‍; ബ്രാഹ്മണ സഭ സംഘാടക സമിതിയില്‍ നിന്ന് പിന്‍മാറി

1
0

തിരുവനന്തപുരം: വനിതാ മതിലില്‍ തുടക്കത്തിലേ വിള്ളല്‍.ബ്രാഹ്മണ സഭ സംഘാടക സമിതിയില്‍ നിന്ന് പിന്‍മാറി. വനിതാ മതില്‍ യുവതീപ്രവേശത്തിനാണെങ്കില്‍ പിന്മാറുമെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍ അറിയിച്ചു. വനിതാ മതില്‍ സംഘാടകസമിതി ജോയിന്റ് കണ്‍വീനറാണു സുഗതന്‍. മതില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ടല്ല. യുവതീപ്രവേശത്തെ താന്‍ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയില്‍ അന്തിമ തീരുമാനമാകുംവരെ യുവതീപ്രവേശം പാടില്ലെന്നാണു നിലപാടെന്നും സുഗതന്‍ പറഞ്ഞു.ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു നവോത്ഥാന സംരക്ഷണത്തിനു വനിതാ മതില്‍ പ്രതിരോധം തീര്‍ക്കാനുള്ള സംഘാടകസമിതിയില്‍ സുഗതനെ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിലപാടു വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തിയത്.

അതേസമയം, വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍നിന്ന് 52 സംഘടനകള്‍ പിന്മാറുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരനും പറഞ്ഞു. സുഗതനെ ഭാരവാഹിയാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനമാണുയരുന്നത്. വനിതാ മതില്‍ തീര്‍ക്കാനുള്ള സമിതിയില്‍ ഒരു സ്ത്രീയെപ്പോലും ഉള്‍പ്പെടുത്താത്തതിനെതിരെ ഇടതു സഹയാത്രികരും രംഗത്തെത്തി. അതിനിടെ, തന്റെ പേര് സമിതിയില്‍ നിന്നു നീക്കണമെന്നു ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.സാമൂഹിക, സമുദായ സംഘടനാ നേതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണു സുഗതനെ സംഘാടകസമിതി ജോയിന്റ് കണ്‍വീനറാക്കിയത്. ഹാദിയ കേസില്‍ രൂക്ഷമായി പ്രതികരിച്ച സുഗതന്‍ സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി നടത്തിയത് ഓര്‍മിപ്പിച്ച് ഇതോടെ പലരും രംഗത്തെത്തി. ശബരിമലയില്‍ തുലാമാസ പൂജ നടക്കുമ്പോള്‍ യുവതീപ്രവേശം ചെറുക്കാന്‍ സുഗതനും സന്നിധാനത്ത് എത്തിയിരുന്നു. പിന്നീട് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനൊപ്പമാണ് അവിടെ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here