Home Kerala തുടര്‍ച്ചയായ നാലാംദിവസവും സഭ സ്തംഭിച്ചു; മൂന്ന് എം.എല്‍.എമാര്‍ സഭാകവാടത്തില്‍ സത്യഗ്രഹം തുടങ്ങി

തുടര്‍ച്ചയായ നാലാംദിവസവും സഭ സ്തംഭിച്ചു; മൂന്ന് എം.എല്‍.എമാര്‍ സഭാകവാടത്തില്‍ സത്യഗ്രഹം തുടങ്ങി

6
0

 

തിരുവനന്തപുരം: ശബരിമല വിഷയത്തെ ചൊല്ലി തുടര്‍ച്ചയായ നാലാംദിവസവും സഭാനടപടികള്‍ സ്തംഭിച്ചു. പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സഭാസമ്മേളനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്പീക്കര്‍ സഭ ഇന്നലത്തേക്ക് പിരിച്ചുവിടുകയായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള നേര്‍ക്കുനേര്‍ വാഗ്വാദത്തിനും ഇന്ന് സഭ വേദിയായി. കേവലം 21 മിനിട്ട് മാത്രമാണ് സഭാ സമ്മേളനം ചേരാനായത്.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുകയെന്ന ആവശ്യമുയര്‍ത്തി പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പായി ശബരിമല വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറോട് ആവശ്യപ്പെട്ടു. രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സഭാ നടപടികളോട് സഹകരിക്കാനാണ് പ്രതിപക്ഷം തീരുമാനമെടുത്തതെന്ന് അറിയിച്ച ചെന്നിത്തല, ശബരിമല വിഷയം മുന്‍നിര്‍ത്തി യു.ഡി.എഫിലെ വി.എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, പ്രൊഫ. എന്‍ ജയരാജ് എന്നിവര്‍ സഭാ കവാടത്തില്‍ സത്യഗ്രഹം തുടങ്ങുകയാണെന്നും അറിയിച്ചു.

ഇതിന് മറുപടി പരിഹാസ രൂപേണ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നതോടെ സഭാതലം കലുഷിതമായി. ”സെക്രട്ടറിയേറ്റ് പടിക്കല്‍ ബി.ജെ.പി സമരം നടത്തുന്നു. ഇവിടെ നിയമസഭാ കവാടത്തില്‍ യു.ഡി.എഫ് എം.എല്‍.എമാരും സമരം പ്രഖ്യാപിച്ചിരിക്കുന്നു. ഇതെന്തേ ഇത്ര വൈകിപ്പോയി” -ഇതായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ശബരിമല വിഷയത്തില്‍ യു.ഡി.എഫ്, ആര്‍.എസ്.എസും ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് മനസ്സിലായി. ആര്‍.എസ്.എസിന്റെ ഒക്കച്ചങ്ങാതിയാണ് യു.ഡി.എഫ്. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടല്ല കോണ്‍ഗ്രസുകാര്‍ അംഗീകരിക്കുന്നതെന്നും അമിത് ഷായുടെ വാക്കുകളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.

എന്നാല്‍, സര്‍ക്കാരാണ് ആര്‍.എസ്.എസുമായി ഒത്തുകളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി. ഒത്തുകളി ആര്‍.എസ്.എസും സി.പി.എമ്മും തമ്മിലാണ്. ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് സന്നിധാനത്ത് ക്രമസമാധാനപാലന ചുമതല ഏല്‍പ്പിച്ചത് അതിനുദാഹരണമാണ്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിത്. ശബരിമലയില്‍ ആര്‍.എസ്.എസ് സംഘടനയ്ക്ക് അന്നദാന ചുമതല ഏല്‍പ്പിച്ചതും സഹകരണത്തിന്റെ തെളിവാണെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു.

പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിലുള്ള വാക് പോരിനിടെ ഭരണപക്ഷ അംഗങ്ങളും പോര്‍വിളിയുമായി കുതിച്ചെത്തി. സി.പി.ഐ അംഗം എല്‍ദോ എബ്രഹാം നടുത്തളത്തിലേക്ക് ഇറങ്ങിയെങ്കിലും എ.കെ ശശീന്ദ്രന്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ചു. അതേസമയം, മറ്റ് ഭരണപക്ഷ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിന് അരികില്‍ ചുറ്റും കൂടി നിന്ന് പ്രതിപക്ഷത്തിന് നേരെ പ്രതിഷേധമുയര്‍ത്തി.

ഇരുപക്ഷത്തോടും സീറ്റിലേക്ക് പോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. ഇതിനിടെ, പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ മുഖം മറച്ച് ബാനറുയര്‍ത്തിപ്പിടിച്ചു. ഇതോടെ സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുക ദുഷ്‌കരമാണെന്ന് പ്രഖ്യാപിച്ച സ്പീക്കര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയാണെന്ന് പ്രഖ്യാപിച്ചു. സഭ പിരിഞ്ഞതിന് ശേഷം യു.ഡി.എഫ് എം.എല്‍.എമാര്‍ സഭാ കവാടത്തിലെത്തി സത്യഗ്രഹസമരത്തിന് അഭിവാദ്യമര്‍പ്പിച്ചു. തൊട്ടുപിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സഭാ കവാടത്തിലെത്തി സത്യഗ്രഹികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here