പി.എ. അലക്‌സാണ്ടര്‍
വംഗ ഹൃദയം കലുഷമാണ്. ചുവന്ന രാഷ്ട്രീയത്തില്‍ നിന്ന് അടിസ്ഥാന വേരുകളിലേയ്ക്ക് സഞ്ചരിച്ചപ്പോള്‍ പടിഞ്ഞാറേ ബംഗാളിന്റെ മണ്ണ് ഇളകി മറിഞ്ഞു. ഇളകി മറിഞ്ഞ മണ്ണില്‍ വിത്തിടാന്‍ കോണ്‍ഗ്രസിനും ത്രാണിയില്ല. ഇടതു പക്ഷത്തിനാകട്ടെ വിത്തും വളവുമില്ല. മമത ബാനര്‍ജിയെന്ന പെണ്‍പുലിയുടെ പ്രയാണത്തില്‍ പാരമ്പര്യ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ബംഗാളില്‍ കടപുഴകി. വര്‍ഗ്ഗീയ കാറ്റ് വീശുന്ന ദീര്‍ഘമായ ഒരു സായാഹ്ന നിശബ്ദതയിലാണ് ബംഗാള്‍. ഇരുട്ടി വെളുക്കുമ്പോള്‍ പുതിയ ഒരു രാഷ്ട്രീയ ഉദയം വംഗദേശത്ത് ഉണ്ടായേക്കാം. മഹാകവി ടഗോറിന്റെ മനസ്സ് പറയുമ്പോലെ പ്രത്യാശയുടെ നക്ഷത്രം വരുമായിരിക്കാം. എന്നാല്‍ ഇപ്പോള്‍ ബംഗാളില്‍ ആരും ഇഷ്ടപ്പെടാത്ത വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ എല്ലാ പാര്‍ട്ടികളും മുതലെടുപ്പിനു ശ്രമിക്കുന്നു. ആധുനിക ഇന്ത്യയുടെ ആശയ സ്രോതസായിരുന്ന വംഗനാടിന് ഇങ്ങനെയൊരു ഗതി വരുമെന്ന് ആരും കരുതിയില്ല. വ്യക്തമായ ത്രികോണ മത്സരത്തിന് വേദിയാകുകയാണ് പടിഞ്ഞാറെ ബംഗാള്‍. ഒരു പക്ഷേ കേരളത്തിലെ പോലെ. കേരളത്തിനും ബംഗാളിനം തമ്മില്‍ എന്നും വിവരണാതീതമായ സാമ്യമുണ്ടല്ലോ ?
ബംഗാളിലെ പടയോട്ടത്തില്‍ മമത രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഒരു പ്രഖ്യാപനം നടത്തി. തൃണമുല്‍ സ്ഥാനാര്‍ത്ഥികളില്‍ 41 ശതമാനം പേരും സ്ത്രീകളായിരിക്കും. മൂന്നിലൊന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്ന ബില്ല് പാര്‍ലമെന്റില്‍ പരിഗണന കാത്ത് പത്ത് കൊല്ലമായി കിടക്കുമ്പോള്‍ മമത പൊട്ടിച്ച ഈ വെടി കോണ്‍ഗ്രസ് മുതല്‍ ഡി.ജി.പി വരെയുള്ള എല്ലാ കക്ഷികളുടെയും നെഞ്ചിലാണ് കൊള്ളുന്നത്. വോട്ടര്‍മാരില്‍ പകുതിയോളം വരുന്ന സ്ത്രീകളെ മാത്രമല്ല മമത ലക്ഷ്യം വയ്ക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം മേയ് 23ന് വോട്ട് എണ്ണിക്കഴിയുമ്പോഴുള്ള സാഹചര്യം കൂടി മമതാ ബാനര്‍ജി ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് വീണ്ടും ഒരു വനിതാ പ്രധാനമന്ത്രി ഉണ്ടാകുമോ ? അത് ഒരു ബംഗാളി വനിത ആയിരിക്കുമോ ?
തൃണമുല്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട അനുപം ഹസ്രയും ഒന്നു രണ്ട് കോണ്‍ഗ്രസ്, സി.പി.എം എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ബി.ജെ.പി പുതു മുന്നേറ്റത്തിന് ബംഗാളില്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസിലെ ദുലാല്‍ ചന്ദരബാര്‍, സി.പി.എം ലെ ഖഗന്‍ മുര്‍മു എന്നിവരാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേക്കേറിയ എം.എല്‍.എമാര്‍. കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യ ദീപദാസ് മുന്‍ഷി ബി.ജെ.പിയില്‍ ചേരുമെന്ന് ഒരു പ്രചാരണവും നടക്കുന്നു. പക്ഷേ ദീപദാസ് മുന്‍ഷി അത് നിഷേധിച്ചു.
പുതു ഊര്‍ജ്ജം പകര്‍ന്ന ബി.ജെ.പിയും കോണ്‍ഗ്രസ് ഇടത് ധാരണയോടെ ഇടതു മുന്നണിയും തൃണമുല്‍ കോണ്‍ഗ്രസ് സഖ്യവും അങ്കത്തട്ടില്‍ അണി നിരക്കുമ്പോള്‍ ബംഗാളില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് കളം ഒരുങ്ങുന്നത്. കോണ്‍ഗ്രസും, സി.പി.എമ്മും ഇപ്പോഴുള്ള ആറ് സീറ്റ് പരസ്പ്പരം മത്സരിക്കാതെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും തൃണമുലിനെയും ബി.ജെ.പിയെയും എതിര്‍ക്കുന്നവര്‍ കോണ്‍ഗ്രസ് ഇടത് സഹകരണത്തെ പിന്തുണയ്ക്കുന്നു. മുസ്ലീങ്ങള്‍ക്കിടയിലെ ധ്രുവീകരണം മമതയുടെ പാര്‍ട്ടിക്കാണ് ഗുണം ചെയ്യുന്നത്.
മമതയുടെ തൃണമുല്‍കോണ്‍ഗ്രസിനൊപ്പം ഡാര്‍ജലിംഗിലെ ഗൂര്‍ഖജനമുക്തിമോര്‍ച്ച അണി ചേര്‍ന്നിട്ടുണ്ട്. അതാണ് മമതയുടെ മുന്നണിയിലെ ഏക സഖ്യകക്ഷി. ബി.ജെ.പിക്ക് കാര്യമായ സഖ്യകക്ഷികളില്ലെന്നു പറയാം. തൃണമുലിനും ബി.ജെ.പിക്കുമെതിരെയാണ് കോണ്‍ഗ്രസ് ഇടത് ധാരണ.
2014 ല്‍ ബി.ജെ.പി മുന്നേറ്റത്തിന് അരു നിന്ന യു.പി, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇത്തവണ ഉണ്ടാകുന്ന ചോര്‍ച്ചയ്ക്ക് തടയിടാന്‍ ബംഗാള്‍, അരുണാചല്‍, ഒറീസ ത്രിപുര തുടങ്ങിയ വഴക്ക്കിഴക്കന്‍ മേഖലയെയാണ് ബി.ജെ.പി ഉന്നം വെയ്ക്കുന്നത്.
ബംഗാള്‍ രാഷ്ട്രീയത്തിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തിയാല്‍ അവിടെ എല്ലാം മാറി മറിയുന്നു. ന്യൂനപക്ഷ – ഭൂരിപക്ഷ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം ബംഗാളില്‍ പൊടിപൊടിക്കുന്നു. ജാതി പ്രീണനവും ബംഗാളില്‍ ഇപ്രവാശ്യം കടന്നു കൂടിയിട്ടുണ്ട്. സിംഗൂരിന്റെയും, നന്ദിഗ്രാമിന്റെയും ചിറകിലേറി അധികാരത്തിലെത്തിയ മമത (ദീതി) തുടങ്ങിവച്ച ന്യൂനപക്ഷ പ്രീണനവും, ഇടത്തരക്കാരെ തലോടലും കണ്ട ബി.ജെ.പി ഭൂരിപക്ഷ പ്രീണനത്തിന്റെ തേരോട്ടം ബംഗാളില്‍ തുടങ്ങിയിട്ടുണ്ട്. ഒരു കാര്യം എടുത്തു പറയാം. ഇത്തവണബി.ജെ.പി പുതു ഊര്‍ജ്ജത്തോടെ ബംഗാളിലുടനീളം ശക്തി ആര്‍ജ്ജിച്ചിട്ടുണ്ട്. ബി.ജെ.പിയും തൃണമുല്‍ കോണ്‍ഗ്രസും തമ്മിലാണ് എല്ലാ മണ്ഡലങ്ങളിലും കടുത്ത മത്സരം നടക്കുന്നത്. അമിത് ഷായും, മോദിയം ബംഗാളില്‍ തേരോട്ടം നടത്തി മമതയുടെ ചിറകരിയാനാണ് നീങ്ങുന്നത്.
മൂന്ന് ദശാബ്ദം തുടര്‍ച്ചയായി ജ്യോതി ബാസുവിന്റെ ശക്തിയില്‍ രാജ്യം ഭരിച്ച സി.പി.എം ഇന്ന് എടുത്തു പറയത്തക്ക ശക്തിയല്ല. ബംഗാളില്‍ ചില പോക്കറ്റുകളുള്ള കോണ്‍ഗ്രസുമായി ചേര്‍ന്ന് പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് സി.പി.എം മുന്നണി.
വിഭജന രാഷ്ട്രീയത്തിലൂടെ ഒത്തിരി ചോരയൊഴുക്ക് കണ്ട ബംഗാള്‍ സ്വാതന്ത്ര്യാനന്തരം മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണ രാഷ്ട്രീയത്തെ വരവേറ്റില്ല. കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ സ്വാതന്ത്ര്യത്തിനു ശേഷം ബംഗാള്‍ സ്വീകരിച്ചു. ജനസംഖ്യയില്‍ 28 ശതമാനം മുസ്ലീങ്ങളാണ് പക്ഷേ അവര്‍ അടുത്തയിടെവരെ വര്‍ഗ്ഗീയതയെ താലോലിച്ചിരുന്നില്ല. പക്ഷേ ഏഴെട്ട് വര്‍ഷം മുമ്പ് മുതല്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റെത്തി.
ന്യൂനപക്ഷ – ഭൂരിപക്ഷ ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിനും, ജാതിപ്രീണനത്തിനും ബംഗാള്‍ ഇന്നു പറ്റിയ മണ്ണായി മാറി. മമതാ ബാനര്‍ജി തന്റെ നിലമെച്ചപ്പെടുത്തി. ന്യൂനപക്ഷ പ്രീണനം കണ്ട ബി.ജെ.പി വംഗമണ്ണില്‍ ഭൂരിപക്ഷ പ്രീണനത്തിന്റെ വിത്തുവിതച്ചുവെന്നു പറയാം.
2011 ല്‍ അധികാരത്തിലെത്തിയ മമത മുസ്ലീം പള്ളികളിലെ മുക്രിമാര്‍ക്ക് പ്രതിമാസ സ്റ്റൈഫന്റ് നല്‍കിയതോടെ അതു വിവാദമാകുകയം ഹൈക്കോടതി ആ തീരുമാനം റദ്ദാക്കുകയും ചെയ്തു. അത് കഴിഞ്ഞ് മമത റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കനുകൂലമായ നിലപാടെടുത്തതോടെ ന്യൂനപക്ഷങ്ങലെല്ലാം തന്നെ അവര്‍ക്കൊപ്പമായി. പ്രബല മുസ്ലീം സംഘടനയായ ജമ്മി- അത്തുല്‍ ഉലമാ ഹിന്ദ് സംസ്ഥാന അധ്യക്ഷനായ സിദ്ധിക്കുള്ള ചൗധരിയെ മമത പാര്‍ട്ടിയിലെടുത്തതും മന്ത്രിയാക്കിയതും എല്ലാം ന്യൂനപക്ഷ വോട്ട് ബാങ്ക് ഉറപ്പിക്കാനായിരുന്നു.
മമതയുടെ ന്യൂനപക്ഷ പ്രീണനം നിരന്തര പ്രചരണമാക്കി രാജ്യത്തിന്റെ ഭിന്ന പ്രദേശങ്ങളില്‍ ഉടലെടുക്കുന്ന സമുദായിക സ്പര്‍ദ്ധകള്‍ ആളിപ്പടര്‍ത്താനും ബി.ജെ.പി ശ്രമിക്കുന്നു. ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും കൂടെ കൂടെ സമുദായസംഘര്‍ഷത്തിന്റെ പേരു പറഞ്ഞ് മമതയെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കളുടെ രക്ഷയ്ക്ക് ബി.ജെ.പി വരണമെന്നും ബി.ജെ.പിയാണ് രക്ഷാ കവചമെന്നും ബംഗാളിലുടനീളം ബി.ജെ.പി പ്രചരിപ്പിച്ചു ശക്തി ആര്‍ജ്ജിച്ചു വരുകയും മമതയ്ക്ക് ഭീഷണി ുയര്‍ത്തുകയും ചെയ്യുന്നുണ്ട്. ബംഗാളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും മറ്റും ബി.ജെ.പിയുടെ വോട്ടു ശതമാനം അടുത്തയിടെ ഉയര്‍ന്നിട്ടുള്ളത് ബി.ജെ.പിക്ക് ഊര്‍ജ്ജം പകരുന്നു.
ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നു വരുന്ന ബംഗാളിലെ ചില ജില്ലകളിലെ പ്രമുഖ സമുദായമാണ് മത്തുവ വിഭാഗം. പട്ടികജാതിയായ നമശുദ്രയില്‍പ്പെടുന്നു ഇവര്‍ക്ക് ഏകദേശം 11 ലോക്‌സഭാ മണ്ഡലങ്ങളില്‍ ശക്തിയുണ്ട്. ബംഗാളില്‍ കടന്നു കയറാന്‍ ശ്രമിക്കുന്ന ബി.ജെ.പി മത്തുവാ വോട്ടില്‍ കണ്ണുവയ്ക്കുന്നു. പല കാലങ്ങളിലായി അതിര്‍ത്തി കടന്നെത്തിയ ഈ വിഭാഗത്തിന് പലര്‍ക്കും ഇപ്പോള്‍ കൈവശാവകാശ ഭൂമിയില്ല. മുസ്ലീം കടന്നു കയറ്റ നിയന്ത്രിക്കുമെന്നും ഹിന്ദു കടന്നു കയറ്റക്കാരെ അഭയാര്‍ത്ഥികളായി പരിഗണിക്കുമെന്നും പ്രഖ്യാപിച്ച പൗരത്വ ഭേദഗതി ബില്‍ മാത്തുവ സമുദായത്തെ കൈയില്‍ എടുക്കാനുള്ള ബി.ജെ.പിയുടെ അടവാണെന്ന് തൃണമൂലും മറ്റും ആരോപിക്കുന്നു. മത്തുവയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന ബി.ജെ.പിയുടെ പ്രഖ്യാപനം മത്തുവാ വിഭാഗത്തെ ബി.ജെ.പിയോട് അടുപ്പിച്ചിടുണ്ട്. മത്തുവായെ കൈപ്പിടിയില്‍ ഒതുക്കാന്‍ മോദിയും, മമതയും ഒരുപോലെ ശ്രമിക്കുന്നുണ്ട്. മത്തുവാ വോട്ട് ഇവര്‍ക്ക് രണ്ടുകൂട്ടര്‍ക്കും ഇടയില്‍ ഭിന്നിച്ചു പോകാനാണ് സാധ്യത.
മത്തുവ സമുദായത്തെപ്പോലെ ബി.ജെ.പി, ആദിവാസികളെയും ലക്ഷ്യം ഇടുന്നുണ്ട്. ജംഗല്‍ മഗല്‍, ജല്‍വായ് ഗുഡി, കുച്ച് ബിഹാര്‍ തുടങ്ങിയ ആദിവാസി മേഖലയില്‍ ബി.ജെ.പി പ്രത്യേകം ശ്രദ്ധിക്കുന്നു. മമത ഇവിടെയും കടന്നു കയറി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
പുതിയ വിഭാഗങ്ങളെ ആകര്‍ഷിക്കുന്നതിനിടെ രണ്ട് സീറ്റുള്ള ഗൂര്‍ഖാ സമുദായം ഇത്തവണ മമതയ്‌ക്കൊപ്പമാണ്. കഴിഞ്ഞ പ്രാവിശ്യം ഇവര്‍ ബി.ജെ.പിക്ക് ഒപ്പമായിരുന്നു.
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച് 2021 ല്‍ നിയമസഭ പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. 42 ലോക്‌സഭാ സീറ്റില്‍ 21 എണ്ണം നേടുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഇതിനുള്ള ബാധ്യത വിരളമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ കഴിഞ്ഞ തവണത്തേക്കാള്‍ ബി.ജെ.പി നില മെച്ചപ്പെടുത്തിയേക്കാം. ഏഴോ അതിലധികമോ സീറ്റുകള്‍ ബി.ജെ.പി നേടിയേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചു. പുല്‍വാമ ചൂണ്ടിക്കാട്ടി ബി.ജെ.പി നടത്തുന്ന പ്രചാരണം എങ്ങനെ ബി.ജെ.പിയെ തുണക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്.
ഇടത് പക്ഷം ഇപ്പോള്‍ ക്ഷീണത്തിലാണ് ബംഗാളില്‍. ഇടത് പക്ഷത്തെ കുറേ വോട്ടുകള്‍ ബി.ജെ.പി പോക്കറ്റിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സഹകരണത്തോടെ കൂടുതല്‍ വോട്ട് പോക്കറ്റിലാക്കനാണ് ഇടതുപക്ഷ ശ്രമം. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ശക്തിയുണ്ടെങ്കിലും അത് ചില പോക്കറ്റുകളില്‍ ഒതുങ്ങുന്നു. മുര്‍ഷിദാബാദ്, മാല്‍ദ, ഉത്തരദിനാജ്പൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ശക്തമാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ വിജയങ്ങള്‍ തങ്ങള്‍ കരുത്തുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗസ്. മമതയെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസിനു താല്‍പ്പര്യമില്ല. തിരഞ്ഞെടുപ്പിന് ശേഷം മമതയുടെ പിന്തുണ പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് സോണിയയും, മമതയുമായുള്ള ബന്ധം മുതലാക്കാനാണ് അണിയറയില്‍ ശ്രമിക്കുന്നത്. എന്തായാലും ബംഗാളില്‍ അതിശക്തമായ ത്രികോണ മത്സരം നടക്കും. പക്ഷേ പ്രധാന മത്സരം ബി.ജെ.പിയും ത്രണമൂലം തമ്മിലായിരിക്കും. പത്തിലധികം സീറ്റുകള്‍ കോണ്‍ഗ്രസിനും, സി.പി.എമ്മിനും കിട്ടിയേക്കാം. ബംഗാളിലെ ഓട്ടത്തില്‍ തൃണമുല്‍ മുന്നിലും ബി.ജെ.പിയും ഇടതുമുന്നണിയം പിന്നിലുമായിരിക്കും, കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തതില്‍ കൂടുതല്‍ സീറ്റ് നേടിയേക്കാം. ഇനിയെല്ലാം കാത്തിരുന്നു കാണാം. മേയ് 23വരെ ആര്‍ക്കും ഒന്നും പറയാനാവാത്ത അവസ്ഥയാണുള്ളത്.








