Home Latest News in Kerala വാക്‌സിന്‍ കരുതല്‍ ഡോസ് ജില്ലയില്‍ ആദ്യമെടുത്ത് മന്ത്രി വി.എന്‍. വാസവന്‍

വാക്‌സിന്‍ കരുതല്‍ ഡോസ് ജില്ലയില്‍ ആദ്യമെടുത്ത് മന്ത്രി വി.എന്‍. വാസവന്‍

1
0


കോട്ടയം: കോവിഡ് പ്രതിരോധ വാക്‌സിന്റെ കരുതല്‍ ഡോസ് ജില്ലയില്‍ ആദ്യമെടുത്ത് മന്ത്രി വി.എന്‍. വാസവനും രണ്ടാമതായി ജസ്റ്റീസ് കെ.ടി. തോമസും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യ ഡോസും രണ്ടാം ഡോസും എടുത്തതും ഇരുവരും ഒരുമിച്ചെത്തിയായിരുന്നു. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവര്‍ കരുതല്‍ ഡോസുകൂടി എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് ജസ്റ്റീസ് കെ.ടി. തോമസ് പറഞ്ഞു. മന്ത്രി വി.എന്‍. വാസവനോടൊപ്പം കോട്ടയം ജനറല്‍ ആശുപത്രിയിലെത്തി ജില്ലയിലെ ആദ്യ ഡോസ് കരുതല്‍ വാക്‌സിന്‍ സ്വീകരിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ വാക്‌സിനെടുത്തതിനാല്‍ കോവിഡ് പിടിപെട്ടില്ലെന്നും രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ എല്ലാവരും തന്നെ കരുതല്‍ ഡോസ്‌കൂടി എടുക്കണമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിനാണ് ഇരുവരും സ്വീകരിച്ചത്. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സി.ജെ. സിതാര, ജനറല്‍ ആശുപത്രിയിലെ വാക്‌സിനേഷന്റെ ചാര്‍ജ് ഓഫീസര്‍ ഡോ. ലിന്റോ ലാസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജെ. ഡോമി എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലയില്‍ 2,56,950 ഡോസ് വാക്‌സിന്‍ സ്റ്റോക്കുള്ളതായി ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സി.ജെ. സിതാര പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, ഇതര രോഗങ്ങളുള്ള മുതിര്‍ന്നവര്‍ (60 വയസിനു മുകളില്‍ പ്രായമുള്ളവര്‍) എന്നിവര്‍ക്കാണ് കരുതല്‍ വാക്‌സിന്‍ നല്‍കുക.ആദ്യദിനം ജില്ലയില്‍ 29 കേന്ദ്രങ്ങളിലാണ് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒമ്പത് മാസം (39 ആഴ്ച) പിന്നിട്ട ഈ വിഭാഗങ്ങളിലുള്ളവരാണ് മൂന്നാം ഡോസിന് അര്‍ഹരാകുക. മുന്‍കരുതല്‍ ഡോസ് സ്വീകരിക്കുന്നതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോ മറ്റു രേഖകളോ ഹാജരാക്കേണ്ടതില്ല. കൂടാതെ കോവിഷീല്‍ഡ് രണ്ടാം ഡോസിനു അര്‍ഹരായവര്‍ക്കും ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവര്‍ക്കും ഇതേ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here